തെരുവുനായക്ക് എന്ത് സി.ഐ. തെരുവുനായ ആക്രമണത്തിൽ നെടുമങ്ങാട് സി.ഐയ്ക്ക് പരിക്ക്. നായ്ക്കളുടെ ദയാവധം ഹൈക്കോടതി തടഞ്ഞതോടെ ഇനി റോഡിലിറങ്ങിയാൽ കടി കിട്ടുന്ന സ്ഥിതിയാവും. 3 ലക്ഷം തെരുവുനായ്ക്കളെന്ന് സർക്കാർ. യഥാർത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങ്. കഴിഞ്ഞവ‌‌ർഷം വന്ധ്യംകരിച്ചത് 15,767 നായ്ക്കളെ. കേരളത്തിൽ തെരുവുനായ നിയന്ത്രണം പാളുന്നത് ഇങ്ങനെ

നായ്ക്കളുടെ ദയാവധം തടഞ്ഞെങ്കിലും നായ കടിയേറ്റവരുടെ നഷ്ടപരിഹാര അപേക്ഷകൾ പരിഗണിക്കുന്നതിനുള്ള ജില്ലാതല സമിതികൾ ഒരു മാസത്തിനകം രൂപീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

New Update
street dogs
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തെരുവുനായ്ക്കളെ ദയാവധം നടത്താനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി തടഞ്ഞതോടെ, തെരുവുകളിൽ നായ്ക്കളുടെ വിളയാട്ടം തുടരുമെന്ന് ഉറപ്പായി.

Advertisment

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. ഈമാസം തന്നെ തലസ്ഥാനത്ത് തെരുവ് നായ വന്ധ്യംകരണം കാര്യക്ഷമമാക്കാനുള്ള പോർട്ടബിൾ എ.ബി.സി കേന്ദ്രം സജ്ജമാക്കാനായിരുന്നു പദ്ധതി. നടപടികൾ ഇതുവരെ പൂർത്തിയായില്ല.


നായ്ക്കൾക്കുള്ള വാക്‌സിൻ നിർമ്മാണ കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായാണ് തലസ്ഥാനത്തേക്കുള്ള പോർട്ടബിൾ കേന്ദ്രം വാങ്ങി നൽകുന്നത്. ഡോക്ടറെയും മറ്റു ജീവനക്കാരെയും താത്കാലികമായി നിയോഗിക്കുന്ന നടപടികളും എങ്ങുമെത്തിയിട്ടില്ല.

തെരുവുനായ നിയന്തണത്തിനായി തദ്ദേശവകുപ്പിന് സർക്കാർ 98 കോടി രൂപ കൈമാറിയപ്പോൾ ചെലവിട്ടത് 13 കോടി മാത്രമാണ്. സംസ്ഥാനത്ത് 2-3 ലക്ഷം തെരുവുനായകളെന്നാണ് സർക്കാർ കണക്ക്. യഥാർത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങായിരിക്കും.

street dogs1

17 എ.ബി.സി കേന്ദ്രങ്ങളാണുള്ളത്. ഇത് അപര്യാപ്തമാണ്. 2024-'25ൽ 15,767 നായകളെ മാത്രമാണ് വന്ധ്യംകരിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, മൃഗ ജനന നിയന്ത്രണ ചട്ടം എന്നിവ അടിസ്ഥാനമാക്കി സുപ്രീം കോടതിയും ഹൈക്കോടതിയും നൽകിയ മാർഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയാൽ നായ ഭീതിക്ക് പരിഹാരമാകുമെന്നാണ് ദയാവധം തടഞ്ഞുകൊണ്ട് ഹൈക്കോടതി പറഞ്ഞത്.


അതിനിടെ, സംസ്ഥാനത്താകെ തെരുവുനായ ആക്രമണം വർദ്ധിക്കുകയാണ്. തെരുവുനായ ആക്രമണത്തിൽ നെടുമങ്ങാട് സി.ഐയ്ക്ക് പരിക്കേറ്റു. തെരുവുനായ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണാണ് നെടുമങ്ങാട് എസ്.എച്ച്.ഒ വി.രാജേഷ് കുമാറിന് പരിക്കേറ്റത്.


വലതുകാലിനും കൈയ്ക്കും സാരമായി മുറിവേറ്റ എസ്.എച്ച്.ഒ ആശുപത്രിയിൽ ചികിത്സയിലാണ്. അപ്രതീക്ഷിതമായി ഓടിയടുത്ത തെരുവുനായ ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് വീണ് 5 മീറ്ററോളം റോഡിലൂടെ നിരങ്ങിപ്പോയി.

നായ്ക്കളുടെ ദയാവധം തടഞ്ഞെങ്കിലും നായ കടിയേറ്റവരുടെ നഷ്ടപരിഹാര അപേക്ഷകൾ പരിഗണിക്കുന്നതിനുള്ള ജില്ലാതല സമിതികൾ ഒരു മാസത്തിനകം രൂപീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.


നഷ്ടപരിഹാര അപേക്ഷകൾ പരിഗണിക്കുന്നതിനുള്ള സമിതികൾ 14 ജില്ലകളിലും രൂപീകരിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശഭരണ ജോയിന്റ് ഡയറക്ടർ എന്നിവർ അതത് ജില്ലകളിൽ അംഗങ്ങളാകും.


സംസ്ഥാന പൊലീസ് മേധാവിയേയും ദുരന്ത നിവാരണ അതോറിറ്റിയേയും സ്വമേധയാ കക്ഷിചേർക്കുകയും ചെയ്തു. നായ കടി, മൃഗങ്ങളോടുള്ള ക്രൂരത എന്നിവയിൽ ഒരു വർഷത്തിനിടെ രജിസ്റ്റ‌ർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ രണ്ടാഴ്ചയ്ക്കകം നൽകാൻ ഡി.ജി.പിയോട് നിർദ്ദേശിച്ചിരിക്കുകയാണ്.

Advertisment