'പണി വരുന്നുണ്ട് ഹാരീസേ'. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്. വിശദീകരണത്തിൽ തൃപ്തിയില്ലെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് സൂചന. ഹാരിസിന്റെ വെളിപ്പെടുത്തൽ വന്നിട്ട് ഒരുമാസം

ഡോ. ഹാരിസിന്റെ പരാമർശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.

New Update
dr harris chirackal

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ നടക്കുന്ന വീഴ്ച്ചകളെപ്പറ്റി തുറന്ന് പറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ആരേഗ്യ വകുപ്പ്. ഡി.എം.ഇയാണു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.  

Advertisment

നോട്ടീസ് സാങ്കേതികമാണെന്ന് പറയുന്നുണ്ടെങ്കിലും വിശദീകരണത്തിൽ തൃപ്തിയില്ലെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും സൂചനകളുണ്ട്.


ഇക്കഴിഞ്ഞ ജൂണിലാണ് യൂറോളജി വിഭാഗത്തിൽ വേണ്ടത്ര ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്ന് അദ്ദേഹം തുറന്നടിച്ചത്.


ഇതേത്തുടർന്ന് സിസ്റ്റത്തിന്റെ വീഴ്ച്ച കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആരേഗ്യ മന്ത്രി വീണ ജോർജ്ജ് സമ്മതിക്കുകയും ചെയ്തിരുന്നു. ഹാരിസിനെതിരെ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് അന്ന് അവർ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ഇതിന് പിന്നാലെ മുഖ്യമന്ത്രി ഹാരിസിനെ രൂക്ഷമായി വിമർശിച്ച് രംഗത്തു വന്നിരുന്നു. ഡോ. ഹാരിസിന്റെ പരാമർശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.


കണ്ണൂരിൽ മന്ത്രിമാരും ഉന്നതോദ്യഗസ്ഥരും പങ്കെടുത്ത നാല് ജില്ലകളുടെ മേഖലാതല അവലോകനയോഗത്തിലായിരുന്നു പരാമർശം. സിസ്റ്റത്തിൽ പ്രശ്‌നങ്ങളുണ്ടെന്നും തിരുത്തലാണ് ഡോക്ടർ ആവശ്യപ്പെട്ടതെന്നും പറഞ്ഞ് ഡോ. ഹാരിസിനെ പിന്തുണച്ച ആരോഗ്യമന്ത്രി വീണാജോർജിനെ തള്ളിയാണ് മുഖ്യമന്ത്രി നിലപാടെടുത്തത്.


വെളിപ്പെടുത്തൽ വന്ന് ആദ്യ മൂന്നുദിവസവും ഡോ. ഹാരിസിനെ ശരിവെക്കുന്ന നിലപാടാണ് ആരോഗ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രി യാകട്ടെ വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നുമില്ല. മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ പിന്നാലെ മന്ത്രി സജി ചെറിയാനും വിമർശനവുമായി രംഗത്ത് വന്നിരുന്നു.

വിഷയത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ഡോ. ഹാരിസിന്റെ ആരോപണങ്ങൾ തള്ളിയിരുന്നില്ല. ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും നടപടി വേണ്ടെന്നുമാണു സമിതി റിപ്പോർട്ട് നൽകിയത്.

എന്നാൽ നിലവിൽ നൽകിയിരിക്കുന്ന കാരണം കാണിക്കൽ നോട്ടീസ് ഹാരീസിനെതിരായ നടപടികൾ അവസാനിപ്പിക്കാനാണെന്നാണ് ഔദ്യോഗിക ഭാഷ്യം.

Advertisment