തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സങ്കീർണ്ണതകൾ ആഴത്തിൽ വിലയിരുത്താനും ഭാവി വളർച്ചയ്ക്കുള്ള ദിശ രൂപപ്പെടുത്താനും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സിനിമാ കോൺക്ലേവ് ഓഗസ്റ്റ് 2, 3 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.
നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ചായിരിക്കും സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സിനിമാ രംഗത്തെ വിവിധ പ്രശ്‌നങ്ങൾക്കും സമീപനങ്ങൾക്കും വേദിയാകുന്ന കോൺക്ലേവിൽ മോഹൻലാൽ, സുഹാസിനി, മണിരത്നം, സുരേഷ് ഗോപി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.
കോൺക്ലേവിൽ നിന്നുള്ള നിർദേശങ്ങൾ അടിസ്ഥിതമാക്കി ആറ് മാസത്തിനകം പുതിയ സിനിമാ നയം സർക്കാർ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മലയാള സിനിമയിലെ വേതന അസമത്വം, സുരക്ഷിതത്വം, ലിംഗസമത്വം, പ്രൊഫഷണൽ മാനദണ്ഡങ്ങൾ, മറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് പുതിയ സിനിമാ നയത്തിന്റെ രൂപീകരണം. സമഗ്രമായ ഉദ്ദേശ്യത്തോടെ തന്നെ എല്ലാ പ്രമേയങ്ങളും ചർച്ച ചെയ്യപ്പെടും.
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാനും രൂപീകരിച്ചതായിരുന്നു ഹേമ കമ്മിറ്റി. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കോണ്‍ക്ലേവ് സംഘടിപ്പിക്കണം എന്നുള്ളത്.
അതേസമയം മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നു.