ചാനൽ ചർച്ചയും റീൽസും ഷോട്സുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം സാധ്യമല്ലെന്ന പ്രതീതി സൃഷ്ടിച്ച് രാഷ്ട്രീയ സംസ്കാരം മാറ്റിയെഴുതി. ഫീല്‍ഡില്‍ പണിയെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് റീല്‍സും ഷോര്‍ട്സുമില്ലെങ്കില്‍ 'പണി' കിട്ടും. ആകെ പി.ആര്‍ മയം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വിവാദങ്ങളിൽ കലുഷിതമായി യൂത്ത് കോൺഗ്രസ്. രാഹുലും ഷാഫിയും ചേര്‍ന്ന് സംഘടനയെ നിര്‍ജീവമാക്കിയെന്നും ആരോപണം

ചാനൽ ചർച്ചയും റീൽസും ഷോട്സുമാണ് രാഷ്ട്രീയ പ്രവർത്തകൻെറ കർമ്മ മണ്ഡലം എന്ന രീതിയിൽ ഷാഫിയോടൊപ്പം ചേർന്ന് രാഹുൽ രാഷ്ട്രീയ സംസ്കാരം മാറ്റിയെഴുതിയെന്ന് യൂത്ത് കോൺഗ്രസ് നേതൃനിരയിലുളളവ‍ർ തന്നെ ചൂണ്ടിക്കാട്ടുന്നു.

New Update
shafi parambil rahul mankoottathil
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളിൽ കലുഷിതമായി യൂത്ത് കോൺഗ്രസ്. വയനാട് പുനരിധാവസത്തിന് വേണ്ടിയുളള ഫണ്ട് പിരിവ്, അധ്യക്ഷനെ ചുറ്റിപ്പറ്റിയുളള വ്യക്തിപരമായ ആക്ഷേപങ്ങൾ എന്നിവയാണ് തിരഞ്ഞെടുപ്പ് വർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഘടകത്തെ അസ്വസ്ഥമാക്കുന്നത്.

Advertisment

സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെ പോലെ പെരുമാറുന്നു എന്നതാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പ്രധാന വിമർശനം. സംസ്ഥാനത്തെ എല്ലാ ജില്ലാ ഘടകത്തിലും ഈ വിമർശനം ശക്തമാണ്. ഇന്നലെ നടന്ന ഇടുക്കി ജില്ലാ നേതൃസംഗമത്തിലും രാഹുൽ എകാധിപതിയെ പോലെ പെരുമാറുന്നുവെന്ന വിമർശനം ഉയർന്നിരുന്നു.


രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തികൊണ്ടായിരുന്നു വിമർ‍ശനം. വിമ‍ർശനം രൂക്ഷമായതോടെ രാഹുൽ വേദി വിട്ട് പുറത്തുപോയി. ആരോപണം കേട്ട് മറുപടി പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വീണ്ടും മടങ്ങിയെത്തി. 


ചാനൽ ചർച്ചയിലൂടെ പ്രശസ്തനാകുകയും നേതാക്കളുടെ ഇഷ്ടക്കാരാനാകുകയും ചെയ്തതോടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിന് സംഘടനാ മര്യാദയില്ലെന്നതാണ് മറ്റൊരു വിമർശനം. 

പാർട്ടിയുടെ താഴെത്തട്ട് മുതൽ പ്രവർത്തിച്ച് വരുന്ന പ്രവർത്തകർക്ക് ഉൾക്കൊളളാനാവാത്ത ശൈലിയാണിത്. പ്രവർത്തകർ നേരിടുന്ന പ്രയാസങ്ങളും പ്രതിബന്ധങ്ങളും മനസിലാക്കാനോ, വ്യക്തിപരമായ താൽപര്യത്തിനപ്പുറം മെറിറ്റ് നോക്കി തീരുമാനങ്ങളെടുക്കുന്നതിനോ രാഹുലിന് കഴിയുന്നില്ലെന്നും വിമർശനമുണ്ട്.

rahul mankoottathil

സംഘടനാ നേതൃത്വത്തിലേക്കും പിന്നീട് നിയമസഭാംഗമായും ഉയർന്നുവരുന്നതിന് സ്വയം സ്വീകരിച്ച വഴി മറ്റുളളവരും സ്വീകരിക്കണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ആഗ്രഹിക്കുന്നതെന്നും വിമർശനം ഉണ്ട്. 


സാധാരണ കുടുംബത്തിൽ നിന്നുവരുന്ന പ്രവർത്തകർക്ക് രാഷ്ട്രീയ പ്രവർത്തനം അസാധ്യമാക്കി തീർത്തതാണ് രാഹുൽ മാങ്കൂട്ടത്തിലും തലതൊട്ടപ്പനായ ഷാഫി പറമ്പിലും ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ തെറ്റെന്നാണ് യൂത്ത് കോൺഗ്രസിലുളള പ്രധാന വിമർശനം.


ചാനൽ ചർച്ചയും റീൽസും ഷോട്സുമാണ് രാഷ്ട്രീയ പ്രവർത്തകൻെറ കർമ്മ മണ്ഡലം എന്ന രീതിയിൽ ഷാഫിയോടൊപ്പം ചേർന്ന് രാഹുൽ രാഷ്ട്രീയ സംസ്കാരം മാറ്റിയെഴുതിയെന്ന് യൂത്ത് കോൺഗ്രസ് നേതൃനിരയിലുളളവ‍ർ തന്നെ ചൂണ്ടിക്കാട്ടുന്നു.

പാവപ്പെട്ട പ്രവർത്തകർക്കും നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തനം അപ്രാപ്യമാക്കുകയാണ് രാഹുലും ഷാഫിയും വഴിവെട്ടിയ റീൽസ് ശൈലി കൊണ്ടുണ്ടായ ദോഷമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. 

RAHUL mankoottathil shafi parambil

റീൽസും ഷോട്സുമിടാത്തവർ പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന ധാരണ കോൺഗ്രസ് നേതൃത്വത്തിലേക്കും പടർന്നതോടെ ഇതിനുളള സാങ്കേതിക സംവിധാനം ഒരുക്കാൻ ശേഷിയില്ലാത്തവർ നിർജീവമാണെന്നാണ് കരുതുന്നത്.

ഇതോടെ റീൽസ് സംസ്കാരം ശക്തിപ്പെടുകയും അതിനൊന്നും കഴിയാത്തവർ നേതൃപദവികളിൽ നിന്ന് പിന്തളളപ്പെടുകയും ചെയ്യുകയാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ പ്രചാരണമാണ് ഇതിൻെറ ഏറ്റവും നല്ല ഉദാഹരണം.


പോകുന്നിടത്തെല്ലാം റീൽസും ഷോർട്സുമെടുത്തതല്ലാതെ വോട്ടുറപ്പിക്കുന്നതിന് വേണ്ടി വീട് കയറാനോ കുടുംബയോഗങ്ങളിൽ പോയി വോട്ടുറപ്പിക്കാനോ മിനക്കെടാൻ രാഹുൽ മാങ്കൂട്ടത്തിലും അദ്ദേഹത്തിൻെറ ശൈലി പിന്തുടരുന്നവരോ തയാറായില്ല.


എന്നാൽ ചാണ്ടി ഉമ്മനെപോലുളള നേതാക്കൾ മൂവായിരത്തിൽപ്പരം വീട് കയറി വോട്ട് അഭ്യർ‍ത്ഥിച്ചതിന് ഒന്നും അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല.

പോകുന്നിടത്ത് നിന്നെല്ലാം റീൽസും ഷോർട്സും എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുക നല്ല പണച്ചെലവുളള ഏർപ്പാടാണ് എന്നതാണ് സാധാരണ പ്രവർത്തകരെയും സാമ്പത്തിക ശേഷിയില്ലാത്ത നേതാക്കളെയും വിഷമിപ്പിക്കുന്നത്.

ഒരിടത്തേക്ക് എത്തുന്നത് മുതൽ അവിടെ ഏർപ്പെടുന്ന പ്രവർത്തനംവരെയുളളവ ചിത്രീകരിക്കണമെങ്കിൽ ക്യാമറയും ക്യാമറാമാനെയും ഏർപ്പെടുത്തണം. സ്ഥിരമായി ക്യാമറയും ക്യാമറാമാനും വേണമെങ്കിൽ ശമ്പളം കൊടുത്ത് ആളെ നിർത്തിയേ മതിയാകു.


പോകുന്നിടത്തെല്ലാം ഇവരെ കൊണ്ടുനടക്കണമെങ്കിൽ കാർ വേണം. കാറോടിക്കാൻ നിയോഗിക്കുന്ന ഡ്രൈവറുടെ ശമ്പളവും ഇന്ധനചെലവും വേറെ. പാർട്ടിക്കമ്മിറ്റിക്ക് എത്താൻ പോലും കാശ് തികയാത്ത സാധാരണ കുടുംബങ്ങളിൽ നിന്നുവരുന്ന നേതാക്കൾക്ക് ഇതിനൊന്നും കഴിവില്ല.


റീൽസും ഷോർട്സും ഒന്നും കാണുന്നില്ലല്ലോ, എന്താ സജീവമല്ലേ എന്ന് സീനിയർ നേതാക്കൾപോലും ചോദിച്ചു തുടങ്ങിയതോടെ നല്ല സാമ്പത്തിക പശ്ചാത്തലമില്ലാത്തവർക്ക് കോൺഗ്രസിൽ നിൽക്കാനാകാത്ത സ്ഥിതിയാണെന്ന് യുവനേതാക്കൾ തുറന്നു സമ്മതിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിലും അദ്ദേഹത്തിൻെറ പ്രായോജകനായ ഷാഫി പറമ്പിലും പ്രചരിപ്പിക്കുന്ന രാഷ്ട്രീയ സംസ്കാരം ഉണ്ടാക്കിയ വിനയാണിതെന്നും അവർ മടിയില്ലാതെ പറയുന്നുണ്ട്. അതിനിടെ രാഹുലിനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ കൂടി ഉയര്‍ന്നതോടെ സംഘടന വലിയ പ്രതിസന്ധിയിലാണ്.

സംഘടനയിലേയ്ക്ക് പെണ്‍കുട്ടികളെ ഉള്‍പ്പെടെ വനിതകളെ കൂടുതല്‍ ആകര്‍ഷിക്കേണ്ട കാലഘട്ടത്തില്‍ സംശുദ്ധമായ പ്രവര്‍ത്തന ശൈലിയും ചരിത്രവും ഉള്ളവര്‍ നേതൃതലങ്ങളില്‍ എത്തേണ്ടതിന്റെ ആവശ്യകതയാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തികാണിക്കുന്നത്.

Advertisment