വൈസ്ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാർ - ഗവർണർ പോര് കടുത്തു. സുപ്രീംകോടതിയിൽ ഗവർണർക്ക് വൻ തിരിച്ചടിയേറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതിന് പിന്നാലെ സ്വന്തം നിലയിൽ വി.സിമാരെ നിയമിച്ച് ഗവർണർ. നിയമനം നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഗവർണർക്ക് കത്തെഴുതി മുഖ്യമന്ത്രി. സ്ഥിരം വി.സിമാരെ നിയമിക്കണമെന്നും ആവശ്യം. ഒരു ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിയും ഗവർണറും നേർക്കുനേർ

സ്ഥിരം വി.സിമാരെ ഉടന്‍ നിയമിക്കണമെന്നും അതുവരെ നിലവിലുള്ളവരെ നിയോഗിച്ച് ഗവര്‍ണര്‍ക്കു വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

New Update
pinarai vijayan rajenda viswanath arlekar-2
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാരും ഗവർണറും വീണ്ടും പോരിൽ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡിജിറ്റൽ, ടെക്നോളജി യൂണിവേഴ്സിറ്റികളിലെ താത്കാലിക വി.സിമാരെ ഗവർണർ സ്വന്തം നിലയിൽ നിയമിച്ച് ഇന്ന് രാവിലെ വിജ്ഞാപനമിറക്കിയതോടെയാണ് സർക്കാർ ഗവർണർക്കെതിരേ തിരിഞ്ഞത്.

Advertisment

സർക്കാരുമായി കൂടിയാലോചിച്ചായിരിക്കണം നിയമനമെന്നാണ് സുപ്രീംകോടതി ഉത്തരവിലുള്ളതെന്നും ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ രംഗത്തെത്തി.


എന്നാൽ സുപ്രീംകോടതി ഉത്തരവിൽ ഗവർണർക്ക് നിയമനം നടത്താമെന്നാമെന്നാണുള്ളതെന്ന് രാജ്ഭവനും ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തിൽ ഗവർണർ - സർക്കാർ പോര് പുതിയ തലത്തിലേക്ക് എത്തുകയാണ്. ഗവർണർക്കെതിരേ സർക്കാർ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാനും ഇടയുണ്ട്. 


സുപ്രീംകോടതി ഉത്തരവ് വകവയ്ക്കാതെ ഗവർണർ നടത്തിയ വി.സി നിയമനങ്ങൾ  റദ്ദാക്കണമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചു. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല നിയമപ്രകാരം അല്ല വി.സി നിയമനം നടത്തിയത്.

സുപ്രീം കോടതി വിധി വന്ന ശേഷവും അതിൻ്റെ അന്തസത്തക്കെതിരായ നടപടിയാണ് ഗവർണ്ണറിൽ നിന്ന് ഉണ്ടായത്. വി.സി നിയമന നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. ചാൻസിലർ സർക്കാരുമായി യോജിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി വിധി. ഇന്ന് ഗവർണർ നിയമിച്ചവർ സർക്കാർ പാനലിൽ
ഉള്ളവരല്ലെന്നും മുഖ്യമന്ത്രി ഗവർണറെ കത്തിലൂടെ അറിയിച്ചു.


സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിൽ സ്ഥിരം വിസി നിയമനം നടത്തണമെന്നും മുഖ്യമന്തി ഗവർണറോട് കത്തിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി മുഖ്യമന്തി ഗവർണർക്ക് രണ്ടാമതൊരു കത്തയച്ചു.  


സ്ഥിരം നിയമനത്തിലേക്ക് കടക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തത്തിൽ ചാൻസിലർ സംസ്ഥാന സർക്കാരുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി.സി നിയമനത്തിന് മുൻപ് സർക്കാരിൻ്റെ അഭിപ്രായം കേൾക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ കാണാൻ അനുമതി തേടിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി കത്തുകൾ നൽകിയത്.


അതിനിടെ, സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വി.സിയായും ഡോ. കെ.ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വി.സിയായും നിയമിച്ചു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.


സ്ഥിരം വി.സിമാരെ ഉടന്‍ നിയമിക്കണമെന്നും അതുവരെ നിലവിലുള്ളവരെ നിയോഗിച്ച് ഗവര്‍ണര്‍ക്കു വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ചട്ടപ്രകാരം ആറു മാസത്തേക്കാണ് താല്‍ക്കാലിക വി.സിമാരുടെ നിയമനം എന്നതുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയാണ് രാജ്ഭവന്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ തന്നെ താല്‍ക്കാലിക വി.സിമാരെ നിയമിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിസാ തോമസിനും കെ.ശിവപ്രസാദിനും യൂണിവേഴ്‌സിറ്റി ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി വീണ്ടും നിയമനം നല്‍കുകയായിരുന്നു.

ഇന്നലെയാണ് സുപ്രീംകോടതി ഉത്തരവ് രാജ്ഭവനില്‍  ലഭിച്ചത്. ഡിജിറ്റല്‍ സര്‍വകലാശാല വി.സി ആയി ഡോ.സിസാ തോമസിനെ തന്നെ നിയമിക്കുന്നത് സര്‍ക്കാരിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സര്‍വകലാശാലയിലെ സാമ്പത്തികക്രമക്കേട് സംബന്ധിച്ച് സിസാ തോമസ് ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിഎജി പരിശോധന നടത്തുന്നതിനിടെയാണ് സിസ തോമസ് തന്നെ വീണ്ടും വി.സി കസേരയില്‍ എത്തുന്നത്.


അതേസമയം താൽകാലിക വിസി നിയമനത്തിൽ ഗവർണർക്ക് സുപ്രീം കോടതിയിൽ നിന്ന് വൻ തിരിച്ചടിയേറ്റെന്നാണ് സർക്കാർ പറയുന്നത്. നിയമനം നടത്തേണ്ടത് സർവ്വകലാശാല നിയമ പ്രകാരമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചതായും സർക്കാർ നൽകുന്ന  പാനലിൽ നിന്ന് വേണം താൽക്കാലിക വിസി  നിയമനമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ടെന്നും സർക്കാർ പറയുന്നു.


സാങ്കേതിക സർവ്വകലാശാല നിയമം സെഷൻ 13 (7), ഡിജിറ്റൽ സർവ്വകലാശാല നിയമം 11 (10) എന്നീവ പ്രകാരമേ താൽകാലിക വൈസ് ചാൻസിലൻമാരെ നിയമിക്കാവൂ.

താൽക്കാലിക വി.സി നിയമനത്തിന് പുതിയ നോട്ടിഫിക്കേഷൻ ഇറക്കാൻ ഗവർണർക്ക് കോടതി ഉത്തരവ് നൽകിയെന്നും ആറ് മാസത്തിൽ കൂടുതൽ താൽക്കാലിക വിസി നിയമനം പാടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ച് മണിക്കൂറുകൾക്കകമാണ് ഗവർണർ സ്വന്തം നിലയിൽ രണ്ടിടത്തും വി.സിമാരെ നിയമിച്ചത്. ഇതോടെ സർക്കാരും ഗവർണറും തമ്മിലുള്ള പോര് വീണ്ടും കടുത്തിരിക്കുകയാണ്.

Advertisment