/sathyam/media/media_files/2025/08/02/pinarai-vijayan-the-kerala-story-2025-08-02-16-49-18.jpg)
തിരുവനന്തപുരം: കേരളത്തെ വികലമായി ചിത്രീകരിച്ച, ദേശീയ അവാർഡ് നേടിയ കേരളാ സ്റ്റോറി എന്ന സിനിമയെ വിമർശിക്കുമ്പോൾ മുഖ്യമന്ത്രി സിനിമയുടെ പേര് പറയാത്തത് ചർച്ചാ വിഷയമാവുന്നു.
കേരളത്തിൽ നിന്നുള്ള ഇസ്ലാം മത പരിവർത്തന കഥ പറയുന്ന ചിത്രത്തിന് മികച്ച സംവിധായകൻ (സുധീപ്‌തോ സെൻ), മികച്ച ഛായാഗാഹകൻ (പ്രശാന്തനു മൊഹാപാത്ര) എന്നിങ്ങനെ രണ്ട് അവാർഡുകളാണ് ലഭിച്ചത്.
ഇന്നലെ ദേശീയ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയ്ക്ക് പുരസ്കാരങ്ങൾ നൽകിയതിനെതിരേ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കേരളാ സ്റ്റോറി എന്ന പേര് പറയാതെയാണ് സിനിമയെ മുഖ്യമന്ത്രി വിമർശിച്ചത്.
കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത്.
വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.
ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം - ഇതായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ പ്രതികരണം.
ചലച്ചിത്ര നയം രൂപീകരിക്കാൻ ഇന്ന് നടക്കുന്ന സിനിമാ കോണ്‍ക്ലേവിൽ മുഖ്യമന്ത്രി കേരളാ സ്റ്റോറിക്കെതിരേ ആഞ്ഞടിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും സിനിമയുടെ പേര് പറയാതെയുള്ള വിമർശനം എല്ലാവരെയും അൽഭുതപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു - ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ കേരള സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായവയിലുണ്ട്.
ഏതെങ്കിലും തരത്തില്‍ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാനാവില്ല. മറിച്ച് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീര്‍ത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.
ഇന്ത്യന്‍ സിനിമയുടെ മഹത്തായ സാംസ്‌കാരിക പൈതൃകം കൂടിയാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നത്. കലയെ വിലയിരുത്തുന്നതിന് കലയ്ക്ക് അപ്പുറമുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കേണ്ടതാണ്.
നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ത്ത്, അതിനെ വര്‍ഗീയത കൊണ്ട് പകരം വയ്ക്കുന്നതിന് വേണ്ടി കലയെ ഉപയോഗിക്കണം എന്നുള്ള സന്ദേശമാണ് ഇതിന് പിന്നിലുള്ളത്.
കേരളത്തിലെ സാംസ്‌കാരിക സമൂഹം വിശേഷിച്ച് ചലച്ചിത്ര സമൂഹം ദുരുപദിഷ്ടമായ ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. കേരളത്തെ ഇത്തരത്തില്‍ വികലമായി ചിത്രീകരിക്കുന്നതിനെതിരെ കേരളത്തിന്റെ ചലച്ചിത്രപൊതുബോധം ഒന്നാകെ ഉണരേണ്ടതുണ്ട്.
നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും വിധ്വംസകമായി അവതരിപ്പിക്കുന്നതിന് അറുതി വരുത്തേണ്ടതുണ്ട്. മലയാള സിനിമ മഹത്വമാര്‍ജിച്ചത് അത് മണ്ണിനോടും മനസ്സിനോടും മാനവികതയോടും മതനിരപേക്ഷ ജീവിതക്രമത്തോടും ചേര്‍ന്നുനിന്നതുകൊണ്ടാണ്. ആ അടിത്തറയ്ക്കു നേര്‍ക്കാണ് ആക്രണമുണ്ടാവുന്നത്.
ദേശീയ അവാര്‍ഡിന് അര്‍ഹമായ ഈ ചിത്രം വ്യാജ നിര്‍മിതികള്‍ കൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ലോകമാകെ അറിയപ്പെടുന്ന കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഓരോ ഘട്ടത്തിലും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്.
അങ്ങനെയൊരു ഘട്ടത്തിലാണ് അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയും പരസ്പരസ്പര്‍ദ്ധ വളര്‍ത്താനായി ഉപയോഗിക്കുകയും ചെയ്യുന്നത്. ഇത്തരം പ്രവണതകള്‍ തീര്‍ച്ചയായും ചലച്ചിത്ര ഇടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടണം - കേരളാ സ്റ്റോറിയെന്ന പേരു പറയാതെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം ഇങ്ങനെയായിരുന്നു.
എന്നാൽ സിനിമയെ പേരെടുത്ത് പറഞ്ഞ് അതിരൂക്ഷമായാണ് മന്ത്രി വി.ശിവൻകുട്ടി വിമർശിച്ചത്. 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്ന ഒന്നാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നൽകുന്നത് അങ്ങേയറ്റം ഖേദകരമാണ്.
ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ല.
അതേസമയം, സിനിമ കണ്ടിരുന്നെങ്കിൽ കേരളത്തിലെ മന്ത്രിമാർ വിമർശിക്കില്ലായിരുന്നെന്നാണ് കേരള സ്റ്റോറി സംവിധായകന്‍ സുദീപ്തോ സെൻ പറഞ്ഞത്.
ഇസ്ലാമോഫോബിക് സിനിമയല്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞു. കാസർകോട് ഉൾപ്പെടെ വടക്കൻ കേരളത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ തുറന്നു കാട്ടിയത്. കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ്.
തുടക്കത്തിൽ വിവാദങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായി. സിനിമ പ്രേക്ഷകർ കണ്ടുതുടങ്ങിയതോടെ വിവാദവും പരാതിയും പതിയെ കെട്ടടങ്ങി. യുഎസിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമൊക്കെ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുടർന്ന മാതൃക ഇന്ത്യയിൽ നടപ്പാക്കാനുദ്ദേശിച്ചതിന് എതിരെയായിരുന്നു സിനിമ.
5 കോടി ആളുകൾ തിയറ്ററുകളിലും 25 കോടി ആളുകൾ ഒടിടിയിലും കേരള സ്റ്റോറി കണ്ടു. ജനങ്ങളുടെ പുരസ്കാരം ലഭിച്ചു. പതിനെട്ട് വർഷമായി ഞാൻ കേരളത്തിൽ പോയിവരുന്നു. ഒരു മലയാള സിനിമ ഞാൻ ചെയ്തിട്ടുമുണ്ട്.
കേരളം എന്റെ രണ്ടാമത്തെ വീടാണ്. മന്ത്രിമാർ ദയവുചെയ്ത് സിനിമ കാണണമെന്നാണ് എനിക്ക് പറയാനുള്ളത് - സുദീപ്തോ സെൻ വ്യക്തമാക്കി.