യൂണിവേഴ്സിറ്റി വി.സി നിയമനക്കേസിലെ സുപ്രീംകോടതി ഉത്തരവ് സർക്കാർ രാഷ്ട്രീയ കാരണങ്ങളാൽ തെറ്റായി വ്യാഖ്യാനിച്ചെന്ന് ഗവർണർ. നിലവിലുള്ള വി.സിമാരെ ഗവർണർക്ക് തുടരാൻ അനുവദിക്കാമെന്ന് ഉത്തരവിൽ. നിർബന്ധമാക്കിയത് ആറുമാസ കാലാവധിയെന്ന വ്യവസ്ഥ മാത്രം. സുപ്രീംകോടതി ഉത്തരവ് ഗവർണർക്ക് തിരിച്ചടിയെന്ന് സർക്കാർ പ്രചരിപ്പിച്ചത് രാഷ്ട്രീയ നേട്ടം ലാക്കാക്കി

സുപ്രീംകോടതി ഉത്തരവിൽ സർക്കാരിന്റെ പാനലിൽ നിന്ന് വി.സിയെ നിയമിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും നിലവിലെ വി.സിമാരെ പുനർനിയമിക്കാൻ ഗവർണറെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും രാജ്ഭവൻ വ്യക്തമാക്കി.

New Update
rajendra viswanath arlekar
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഡിജിറ്റൽ, ടെക്നോളജി യൂണിവേഴ്സിറ്റികളിലെ താത്കാലിക വി.സി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സർക്കാർ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്തെന്ന് വിലയിരുത്തൽ.

Advertisment

വി.സിമാരായ ഡോ.സിസാ തോമസിനേയും ഡോ.ശിവപ്രസാദിനെയും ഗവർണർക്ക് താൽപ്പര്യമുണ്ടെങ്കിൽ തുടരാൻ അനുവദിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിലുള്ളത്.


എന്നാൽ ഗവർണർക്ക് വൻ തിരിച്ചടിയാണ് ഉത്തരവെന്നും സർക്കാർ നൽകുന്ന  പാനലിൽ നിന്ന് വേണം താൽക്കാലിക വിസി നിയമനമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രചരിപ്പിച്ചത്.

പിന്നാലെ മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും ഈ വാദം ഏറ്റുപിടിച്ചു. എന്നാൽ സുപ്രീംകോടതി ഉത്തരവിന്മേൽ നിയമോപദേശം തേടിയ ഗവർണർ നേരത്തേയുണ്ടായിരുന്ന രണ്ട് വി.സിമാരെ വീണ്ടും നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു.

സുപ്രീംകോടതി ഉത്തരവിന്റെ പതിനാറാം ഖണ്ഡികയിൽ ചാൻസലർക്ക് പുതിയ ഒരാളെ നിയമിച്ചു കൊണ്ടോ അല്ലെങ്കിൽ ഇപ്പോൾ നിയമിതരായവരെ തുടരാൻ അനുവദിച്ചു കൊണ്ട് ഉത്തരവിറക്കാമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. വിധിയുടെ അവസാനവും ഇതേ കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്.  

അങ്ങനെ പ്രസ്തുത സാഹചര്യത്തിൽ ചാൻസലർ മുൻപ് നിയമിച്ച അതേ ആളുകളെത്തന്നെ വീണ്ടും നിയമിക്കുന്നതിന് യാതൊരു നിയമതടസവുമില്ല. ചാൻസിലർ നടത്തിയ നിയമനത്തിന്റെ കാലാവധി 6 മാസത്തിൽ കൂടുതൽ ആയതിനെ പറ്റി മാത്രമാണ് കോടതി പരാമർശിച്ചത്.


അത് കൊണ്ട് തന്നെയാണ് ഇപ്പോൾ നിയമിച്ചവരെ വേണമെങ്കിൽ വീണ്ടും നിയമിക്കാം എന്നാണ് സുപ്രീം കോടതി വിധിച്ചത്. ഉത്തരവിന്റെ പ്രധാന ഭാഗങ്ങൾ കൂടി പൂർണ്ണമായി  ബോധ്യപ്പെടുന്നവർക്ക് യൂണിവേഴ്സിറ്റി നിയമത്തിലെ ആറു മാസകാലാവധി താൽക്കാലിക വിസി നിയമനത്തിന് ബാധകമാണെന്നും പ്രസ്തുത വ്യവസ്ഥയിലായിരിക്കണം നിയമന വിജ്ഞാപനമെന്നുമാണ് സുപ്രീം കോടതി ഉത്തരവെന്ന് ബോധ്യപ്പെടും.


ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ട് നിയമനങ്ങളും റദ്ദാക്കിയതി നെതിരെ നൽകിയ ഹർജ്ജിയിലാണ് ഇവർക്ക് തുടരാമെന്ന് കോടതി വ്യക്തമാക്കിയത്.  സുപ്രീംകോടതി ഉത്തരവിനെ രാഷ്ട്രീയ കാരണങ്ങളാൽ തെറ്റായി വ്യാഖ്യാനിക്കുകയാണ് സർക്കാർ ചെയ്തതെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.

സുപ്രീംകോടതി ഉത്തരവിൽ സർക്കാരിന്റെ പാനലിൽ നിന്ന് വി.സിയെ നിയമിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും നിലവിലെ വി.സിമാരെ പുനർനിയമിക്കാൻ ഗവർണറെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും രാജ്ഭവൻ വ്യക്തമാക്കി.


സർവകലാശാലാ നിയമത്തിലെ 13 (7) വകുപ്പനുസരിച്ചാണ് ആറുമാസക്കാലാവധിയിലെ നിയമനം. പി.വി.സി, സമീപത്തെ വി.സി, വകുപ്പ്സെക്രട്ടറി എന്നിവരെ സർക്കാരിന് ശുപാർശ ചെയ്യാമെന്നത് യു.ജി.സി ചട്ടപ്രകാരം നിയമവിരുദ്ധമായതിനാൽ നിലനിൽക്കില്ല.


വകുപ്പ്സെക്രട്ടറിയെ താത്കാലിക വി.സിയാക്കാൻ മാത്രമാണ് സർക്കാർ ശുപാർശ വേണ്ടത്. എന്നാൽ 10വർഷം പ്രൊഫസറായ അക്കാഡമീഷ്യന്മാരെയേ വി.സിയാക്കാവൂവെന്ന സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഇത് അസാദ്ധ്യമാണ്.

വി.സി നിയമനങ്ങൾ റദ്ദാക്കണമെന്നും സർക്കാരിന്റെ പാനലിൽ നിന്ന് നിയമിക്കണമെന്നും ഉന്നതവിദ്യാഭ്യാസ അഡി.ചീഫ്സെക്രട്ടറി ഷർമ്മിളമേരിജോസഫും ഐ.ടി സ്പെഷ്യൽസെക്രട്ടറി സാംബശിവറാവുവും ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്.

വി.സി നിയമനങ്ങൾ നിയമപ്രകാരമല്ലെന്നും റദ്ദാക്കണമെന്നും മുഖ്യമന്ത്രിയും ഗവർണർക്ക് കത്തയച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന്റെ അന്തസത്തയ്ക്കെതിരും ലംഘനവുമാണ് ഗവർണറുടെ നടപടിയെന്നും സർക്കാരിന്റെ പാനലിലുള്ളവരെ നിയമിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ കത്തിലുള്ളത്.

രണ്ടിടത്തും സ്ഥിരം വി.സിമാരെ നിയമിക്കണം. ഇക്കാര്യത്തിൽ ഗവർണർ സർക്കാരുമായി സഹകരിക്കണം. നിയമനത്തിന് മുൻപ് സർക്കാരിന്റെ അഭിപ്രായം കേൾക്കണം - മുഖ്യമന്ത്രിയുടെ ഈ കത്തിന് ഗവർണർ ഇതുവരെ മറുപടി നൽകിയിട്ടില്ല.

Advertisment