/sathyam/media/media_files/2025/08/05/dr-anil-kumar-mohanan-kunnummal-2025-08-05-15-25-01.jpg)
തിരുവനന്തപുരം: കേരള സർവകലാശാലയിലെ രജിസ്ട്രാറുടെ സസ്പെൻഷനെതിരായി ഹൈക്കോടതിയിലെ കേസിൽ വൻ അട്ടിമറി. സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ തന്റെ സസ്പെൻഷനെതിരായി ഹൈക്കോടതിയിൽ നൽകിയ കേസിൽ സർവകലാശാലയ്ക്കായി സ്റ്റാൻഡിംഗ് കോൺസിൽ ഫയൽ ചെയ്തത് ഡോ. അനിൽകുമാറിന്റെ തന്നെ മറുപടി സത്യവാങ്മൂലം.
ഏഴ് പേജ് മറുപടിയും രേഖകളുമടക്കം നൂറോളം പേജുകളുള്ള സത്യവാങ്മൂലം രജിസ്ട്രാറുടെ ചുമതലയുള്ള ഡോ.മിനി ഡിജോ കാപ്പൻ തയ്യാറാക്കി സ്റ്രാൻഡിംഗ് കോൺസിൽ തോമസ് എബ്രഹാമിന് കൈമാറിയിരുന്നു. എന്നാൽ ഇതിനു പകരമായി സസ്പെൻഷനിലുള്ള രജിസ്ട്രാറുടെ മറുപടിയാണ് സ്റ്റാൻഡിംഗ് കോൺസിൽ കോടതിയിൽ ഫയൽ ചെയ്തതെന്ന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ വ്യക്തമാക്കി.
സ്വന്തം കേസിൽ വാദി തന്നെ എതിർ സത്യവാങ്മൂലവും നൽകുന്നത് നിയമനിർവഹണത്തിൽ അപൂർവതയായി മാറി. അട്ടിമറിക്ക് കൂട്ടുനിന്ന സ്റ്റാൻഡിംഗ് കോൺസിലിനോട് വി.സി വിശദീകരണം തേടും. ബുധനാഴ്ച കേസ് പരിഗണിക്കുമ്പോൾ സർവകലാശാലയ്ക്കായി മറ്റൊരു അഭിഭാഷകനാവും ഹാജരാവുക.
ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി സത്യവാങ്മൂലം മാറ്റാൻ സർവകലാശാല ആവശ്യപ്പെടും. ഗവർണറെ അപമാനിച്ചതിനാണ് സസ്പെൻഷനെന്നും അത് തുടരണമെന്നുമാണ് ഡോ.മിനി കാപ്പന്റെ സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. എന്നാൽ സസ്പെൻഷൻ ശരിയല്ലെന്നാണ് ഡോ. അനിൽകുമാറിന്റേതായി ഫയൽ ചെയ്ത സത്യവാങ്മൂലത്തിലുള്ളത്.
ഡോ. അനിൽകുമാർ നൽകിയ കേസിൽ അദ്ദേഹത്തിന്റേതായി മറുപടി സത്യവാങ്മൂലവും ഫയൽ ചെയ്യപ്പെട്ടത് കേസ് നടത്തിപ്പിൽ സ്റ്റാൻഡിംഗ് കോൺസിലിനുണ്ടായ വീഴ്ചയാണെന്നും വി.സി ചൂണ്ടിക്കാട്ടി. ഡോ. അനിൽകുമാറിന്റേതായി സമർപ്പിക്കപ്പെട്ട മറുപടി സത്യവാങ്മൂലം പിൻവലിക്കണമെന്നും സർവകലാശാലയുടെ ഔദ്യോഗിക സത്യവാങ്മൂലമായി ഡോ.മിനി കാപ്പൻ നൽകുന്ന മറുപടി സ്വീകരിക്കണമെന്നും കോടതിയിൽ സർവകലാശാല ആവശ്യപ്പെടും.
അതിനിടെ, സിൻഡിക്കേറ്റ് അംഗങ്ങൾക്ക് പ്രത്യേക അധികാരങ്ങൾ ഇല്ലാത്തതിനാൽ ഔദ്യോഗിക കാര്യങ്ങളിൽ അവർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കേണ്ട ബാദ്ധ്യത ജീവനക്കാർക്കില്ലെന്ന് ജീവനക്കാരെ വി.സി അറിയിച്ചത് വീണ്ടും സിൻഡിക്കേറ്റ്- വി.സി ഏറ്റുമുട്ടലിന് വഴിമരുന്നിട്ടു.
ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ബാഹ്യസമ്മർദ്ദങ്ങൾ ഉണ്ടായാൽ തന്നെ നേരിട്ടറിയിക്കാമെന്നും സർവകലാശാലയിലെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളെ വി.സി അറിയിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളിൽ പലർക്കും സർവകലാശാല നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇന്നുള്ള പ്രശ്നങ്ങൾക്ക് കാരണം.
സർവകലാശാല ജീവനക്കാർ യൂണിവേഴ്സിറ്റി ചട്ടവും നിയമവും അനുസരിച്ച് ഫയലുകൾ കൈകാര്യം ചെയ്യാൻ ബാധ്യസ്ഥരാണ്. വി.സിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായാൽ പോലും അത് ചൂണ്ടിക്കാട്ടി തെറ്റ് തിരുത്തണം. വിസിയും സിൻഡിക്കേറ്റ് അംഗങ്ങളും ഒരു നിശ്ചിത കാലയളവിലേക്ക് നിയോഗിക്കപ്പെടുന്നവരാണ്. ജീവനക്കാർക്കാണ് കാര്യങ്ങൾ നടപ്പാക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തമെന്നും വി.സി ഓർമ്മിപ്പിച്ചു.
നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചാൽ നിരസിക്കണം. ഇക്കാര്യം വി.സിയെ അറിയിക്കണം. തെറ്റായ കാര്യങ്ങൾ ചെയ്താൽ ആരും സംരക്ഷിക്കില്ല. അല്ലാത്തവർക്ക് സംരക്ഷണം ഉറപ്പാക്കും. ചാൻസലറായ ഗവർണറുടെ പിന്തുണയോടെയാണ് ഇക്കാര്യം താൻ പറയുന്നത്.
എല്ലാ ജീവനക്കാർക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്നും വി.സി പറഞ്ഞു. കഴിഞ്ഞദിവസം സിൻഡിക്കേറ്റംഗങ്ങളും ജീവനക്കാരുമായി വാഗ്വാദമുണ്ടായ സാഹചര്യത്തിലാണ് വി.സി ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചത്. കോൺഗ്രസ്, സിപിഐ, ബിജെപി അനുഭാവമുള്ള സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. സി.പി.എം അനുകൂല സംഘടന വിട്ടുനിന്നു.
അതോടെ, വി.സിക്കെതിരേ സിൻഡിക്കേറ്റ് വീണ്ടും രംഗത്തെത്തി. വിദ്യാഭ്യാസ യോഗ്യതയുള്ള, സംസ്ക്കാര സമ്പന്നനായ വൈസ്ചാൻസലറെയാണ് കേരള സർവ്വകലാശാല ആവശ്യപ്പെടുന്നതെന്നും ചുമതലക്കാരനായ വി.സിയുടെ പിത്തലാട്ടങ്ങൾ അംഗീകരിക്കില്ലെന്നും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
വി.സിയുടെ ചുമതലക്കാരനിപ്പോൾ നിയമവിരുദ്ധത ആവർത്തിക്കുകയും ജനാധിപത്യവേദികളെ അപഹസിക്കുകയും ചെയ്യുകയാണ്. കേരളസർവ്വകലാശാലയിൽ അദ്ദേഹത്തിന്റെ നാടകങ്ങൾ നിലവാര പരിധി തകർക്കുകയാണ്.
വൈസ്ചാൻസലർ പദവിയുടെ സമസ്ത മാന്യതയേയും അന്തസ്സിനേയും ഔചിത്യങ്ങളെയും വെല്ലുവിളിക്കുകയാണ്. എൻ.സി.സി, എൻ.എസ്.എസ് ഭിന്നശേഷിവിഭാഗങ്ങൾ തുടങ്ങിയ നാലുവർഷ ബിരുദ വിദ്യർത്ഥികളുടെ ഗ്രേസ്മാർക്കിന്റെ മാനദണ്ഡം നിശ്ചയിക്കാനുള്ള യോഗം പോലും നടത്താൻ അനുവദിക്കാതെയാണ് സിൻഡിക്കേറ്റ്ഹാൾ പൂട്ടി താക്കോലുമായി പോയത്.
ഇത് കടുത്ത നിയമവിരുദ്ധതയും കടന്നുകയറ്റവുമാണ്. വി.സി തുടർന്ന് വരുന്ന ജനാധിപത്യവിരുദ്ധ നടപടികളെയെല്ലാം നിയമപരമായി നേരിടാനാണ് ഇടത് സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ സർവ്വകലാശാലയെ സംരക്ഷിക്കാനാവശ്യമായ പ്രക്ഷോഭ സമരങ്ങൾക്കും സിൻഡിക്കേറ്റ് നേതൃത്വം നല്കുമെന്നും ഇടതു സിൻഡിക്കേറ്റിനുവേണ്ടി ജി.മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us