/sathyam/media/media_files/2025/08/07/sreepadmanabha-swami-temple-2025-08-07-16-48-49.jpg)
തിരുവനന്തപുരം: അമൂല്യ നിധിയുള്ള ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ് ക്ഷേത്ര ഭരണഉപദേശക സമിതി. നിലവറയിൽ അമൂല്യങ്ങളായ രത്നങ്ങളുടെ നിധി ശേഖരമുണ്ടെന്നത് മുതൽ ഘോര സർപ്പങ്ങൾ കാവൽ നിൽക്കുന്നുണ്ടെന്നത് വരെയുള്ള പ്രചരണങ്ങൾ ശക്തമാണ്.
നേരത്തേ ക്ഷേത്രത്തിലെ മഹാനിധിയുടെ കണക്കെടുത്തപ്പോൾ ബി നിലവറ തുറന്നിരുന്നില്ല. ക്ഷേത്രത്തിലെ എ നിലവറ തുറന്നപ്പോൾ ലക്ഷം കോടിയിലേറെ വില മതിക്കുന്ന ആഭരണങ്ങളും രത്നങ്ങളും കണ്ടെടുത്തിരുന്നു. എ നിലവറയിലുള്ളതിനേക്കാൾ സ്വത്തുകൾ ബി നിലവറയിലുണ്ടെന്നാണ് കരുതുന്നത്.
രഹസ്യ നിലവറയായി കരുതുന്ന ബി തുറക്കണോ എന്ന് ഭരണ സമിതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതിനാലാണ് ഭരണ സമിതി ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചത്. പതിനാലാം നൂറ്റാണ്ടിൽ തന്നെ ക്ഷേത്രത്തിൽ നിലവറകൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രരേഖകളിലുള്ളത്. അവയിലെല്ലാം നിധിശേഖരമുണ്ടെന്നാണ് വിലയിരുത്തൽ.
ക്ഷേത്രത്തിലെ എ നിലവറ തുറന്നപ്പോൾ ആരെയും അമ്പരപ്പിക്കുന്ന നിധിശേഖരമാണ് കണ്ടെത്തിയത്. ആയിരക്കണക്കിനു സ്വർണമാലകൾ, രത്നം പതിച്ച സ്വർണക്കിരീടങ്ങൾ, സ്വർണക്കയർ, സ്വർണക്കട്ടികൾ, സ്വർണവിഗ്രഹം, ഒരു ചാക്ക് നിറയെ നെൽമണിയുടെ വലുപ്പത്തിൽ സ്വർണമണികൾ, സ്വർണ ദണ്ഡുകൾ, ചാക്ക് നിറയെ രത്നങ്ങൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സമ്പത്താണ് ക്ഷേത്രത്തിലുള്ളത്.
രണ്ടായിരത്തോളം ശരപ്പൊളി സ്വർണമാലകൾ അറയിൽനിന്ന് കണ്ടെടുത്തു. പിറന്നാൾ പോലുള്ള വിശേഷാവസരങ്ങളിൽ കൊട്ടാരത്തിലുള്ളവരും മറ്റും ശ്രീപത്മനാഭനു കാണിക്കയായി സമർപ്പിച്ചവയായിരിക്കണം ശരപ്പൊളി മാലയെന്നാണു കരുതുന്നത്. ഒരു ചാക്ക് നിറയെ ബൽജിയം രത്നങ്ങളും കണ്ടെടുത്തു.
രണ്ടായിരത്തോളം മാലകളിൽ നാലെണ്ണം 2.2 കിലോ തൂക്കം വരുന്ന ശരപ്പൊളി മാലകളാണ്. ഇവയ്‌ക്കു 18 അടി നീളമുണ്ടെന്നാണ് പുറത്തുവന്ന വാർത്തകൾ. 12 ഇഴകളായി നിർമിച്ച മാലയാണിത്. ഇതിന്റെ ലോക്കറ്റുകളിൽ കോടികൾ വിലവരുന്ന മാണിക്യ, മരതക രത്നങ്ങളാണ്. ‘ഒരു ലോക്കറ്റിൽ 997 വൈരക്കല്ലുകൾ, 19.5 ലക്ഷം സ്വർണനാണയങ്ങൾ (രാശിപ്പണം), സ്വർണം പൊതിഞ്ഞ 14,000 അർക്ക പുഷ്‌പങ്ങൾ’ - എന്നിവയെല്ലാം എ നിലവറയിൽ കണ്ടെത്തിയിരുന്നു.
അതേസമയം, ബി നിലവറയെക്കുറിച്ച് അഭ്യൂഹങ്ങൾ ഏറെയാണ്. സർപ്പങ്ങൾ കാവൽനിൽക്കുന്ന നിലവറയെന്നും, നിലവറ തുറക്കുന്നവർ മരിക്കുമെന്നും പ്രചാരണമുണ്ട്. ബി നിലവറ 1990ലും 2002ലുമായി ഏഴുതവണ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റർ വിനോദ് റായി റിപ്പോർട്ടു നൽകിയിരുന്നു.
എന്നാൽ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂർ രാജകുടുംബം വ്യക്തമാക്കുന്നു. സി, ഡി നിലവറകളിൽ ക്ഷേത്രത്തിലെ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങളാണ് സൂക്ഷിക്കുന്നത്.
എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് നിലവറകളിലായാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സമ്പത്തുള്ളത്. ഉത്സവകാലത്ത് തുറക്കുന്നവയാണ് ഇവ. ഇ, എഫ് നിലവറകൾ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. അമൂല്യമായ നിധിശേഖരമുള്ളത് എ, ബി നിലവറകളിലാണ്.
2011 ജൂൺ 30ന് ബി നിലവറ തുറക്കാൻ ശ്രമിച്ച പരിശോധക സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കാൽ മുറിഞ്ഞത് കഥകൾക്ക് ആധികാരികത നൽകി. വാതിലിൽ കൊത്തിവെച്ച ചിത്രങ്ങൾ നാഗബന്ധനം ചെയ്ത് പൂട്ടിയതാണെന്നും നിലവറ തുറക്കുന്നവർക്ക് സർപ്പദംശനം ഏൽക്കുമെന്നുമുള്ള കഥ പ്രചാരത്തിൽ വന്നു.
നിധി എടുക്കാൻ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചാകാം പണ്ടുകാലത്ത് ഇത്തരം ചിത്രങ്ങൾ കൊത്തിവെച്ചതെന്ന് ചിലർ വാദിച്ചു. എന്നാൽ തിരുവതാംകൂർ രാജാവിന്‍റെ സ്വത്തുക്കൾ എടുക്കുന്നവർ കടലിൽ പതിക്കുന്ന രീതിയിലാണ് ഈ നിലവറയുടെ നിർമ്മിതിയെന്ന് ചിലർ അവകാശപ്പെടുന്നു.
ബി നിലവറ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് തിരയടിക്കുന്ന ശബ്ദം കേട്ടുവെന്നും ഇതോടെ ഭയന്ന് ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് ജീവനുമായി ഓടിയെന്നുമാണ് കഥ.
ഭരതക്കോണിലുള്ള 'ബി' നിലവറയിൽ അഗസ്ത്യമുനിയുടെ സമാധിസങ്കല്‍പ്പമുണ്ട്. അവിടെ വെള്ളിക്കട്ടകളും സ്വര്‍ണ നാണയങ്ങളുമുണ്ടെന്നാണ് വിശ്വാസം. 2011 ജൂണില്‍ നിലവറ തുറക്കാന്‍ കഠിനമായ ശ്രമം നടത്തിയിരുന്നു.
വ്യാസക്കോണിലെ 'സി' നിലവറയില്‍ ദേവന്റെ ആഭരണങ്ങളും ഉത്സവത്തിനുള്ള സ്വര്‍ണക്കുടങ്ങളുമാണ് സൂക്ഷിക്കുന്നത്. വ്യാസന്റെ പുറകിലുള്ള 'ഡി' നിലവറയില്‍ ഗരുഡവാഹനത്തിന്റെ അലങ്കാരവസ്തുക്കളാണ് സൂക്ഷിക്കുന്നത്.
പെരിയനമ്പിയാണ് ഈ നിലവറയുടെ താക്കോല്‍ സൂക്ഷിക്കുന്നത്. നിധിശേഖരം ഒരു മ്യൂസിയത്തില്‍ പ്രദർശിപ്പിക്കാനുള്ള സാധ്യതാപഠനവും സുപ്രീം കോടതിയുടെ നിർദേശപ്രകാരം സമിതി നടത്തിയിരുന്നു. ബി നിലവറയില്‍ രണ്ട് കല്ലറകൾ ഉണ്ട്. മഹാഭാരതക്കോണത്തു കല്ലറയും ശ്രീപണ്ടാരക്കല്ലറയും.
വടക്ക് ദർശനമായാണ് ഭരതക്കോണ്‍ കല്ലറ എന്നുകൂടി അറിയപ്പെടുന്ന മഹാഭാരതക്കോണ്‍ കല്ലറ സ്ഥിതിചെയ്യുന്നത്. ഈ കല്ലറ ആവശ്യം വരുമ്പോഴൊക്കെ തുറക്കാവുന്നതാണ്. ഇതിൽ വെള്ളികൊണ്ടുള്ള പല വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്.
ഏറെക്കാലമായി തുറക്കാത്തതെന്ന് വിശ്വസിക്കുന്നത് ശ്രീപണ്ടാരക്കല്ലറയാണ്. ശ്രീപണ്ടാരക്കല്ലറയുടെ രക്ഷാപുരുഷന്‍ ഉഗ്രനരസിംഹസ്വാമി ആണെന്നും ഇതിനുള്ളില്‍ ദേവന്മാരും സിദ്ധന്മാരും യക്ഷിയും ഭഗവാനെ സേവിച്ച് കഴിയുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
മുഖ്യശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേ മൂലയില്‍ ഉഗ്രനരസിംഹമൂർത്തിയുടേയും യക്ഷിയുടേയും ചുമർച്ചിത്രങ്ങള്‍ വരച്ചുവച്ചിട്ടുണ്ട്. സുപ്രീംകോടതി നിയമിച്ച നിരീക്ഷകസംഘത്തിന് ബി നിലവറയുടെ ഉരുക്കുവാതില്‍ തുറക്കാൻ സാധിച്ചില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചോ ചെറിയ സ്ഫോടനം നടത്തിയോ തുറക്കുമെന്നൊക്കെ അന്ന് പ്രചാരണമുണ്ടായിരുന്നു.
1908ൽ കല്ലറ തുറക്കാന്‍ ശ്രമിച്ചവര്‍ സര്‍പ്പങ്ങളെക്കണ്ട് ഭയന്ന് ജീവനുംകൊണ്ടോടിയെന്ന് 1933ൽ പ്രസിദ്ധീകൃതമായ 'ട്രാവന്‍കൂർ: എ ഗൈഡ് ബുക്ക് ഫോർ ദി വിസിറ്റർ' എന്ന കൃതിയിൽ എമിലിഗിൽക്രിസ്റ്റ് ഹാച്ച് പറയുന്നു.
1931ല്‍ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ബി നിലവറ തുറന്നെങ്കിലും തുറന്നത് മഹാഭാരതക്കോണത്തു കല്ലറയാണെന്നും ശ്രീപണ്ടാരക്കല്ലറ അല്ലെന്നും വിവരമുണ്ട്. അതേസമയം അഗസ്ത്യമുനിയുടെ സമാധി സങ്കൽപം ഉള്ളയിടം കൂടിയാണ് ഇവിടം എന്ന് രാജകുടുംബം പറയുന്നു.
ബി നിലവറ തുറക്കാൻ വാതിലുകൾ തുറക്കണമെന്നും ഇത് ക്ഷേത്രത്തിന് കേടുപാടുകൾ വരുത്തുമെന്നും രാജകുടുംബം ചൂണ്ടിക്കാട്ടുന്നു. അതേസമയം 1990ൽ രണ്ടുവട്ടവും 2002ൽ അഞ്ചുവട്ടവും ബി നിലവറ തുറന്നിട്ടുണ്ടെന്നാണ് സുപ്രീംകോടതിയിലെത്തിയ രേഖകളിലുള്ളത്. സംസ്ഥാന സർക്കാരിനും ഇതേ നിലപാടാണുള്ളത്.