ഹരിത കർമ്മസേനാ സംരംഭകത്വ വികസന പദ്ധതി യാഥാർത്ഥ്യമാകുന്നു. സംസ്ഥാനതല ഉദ്ഘാടനം 14ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും; യാഥാർത്ഥ്യമാകുന്നത് 24 കോടിയുടെ പദ്ധതി

ലോകബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നേതൃത്വത്തിലാണ് ഹരിത കർമ്മസേനാ സംരംഭകത്വ വികസന പദ്ധതി യാഥാർത്ഥ്യമാകുന്നത്.

New Update
haritha karma sena-2

തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിത കർമ്മസേനയുടെ അധികവരുമാനം ലക്ഷ്യമിട്ട് ബൃഹദ് സംരംഭക പദ്ധതി യാഥാർഥ്യമാവുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 14ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ആന്തൂർ നഗരസഭയിൽ നടക്കുന്ന ചടങ്ങിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും.

Advertisment

ആന്തൂർ നഗരസഭയിലെ ഭൂമിക ഹരിത കർമസേനാ കൺസോർഷ്യം ജൈവമാലിന്യത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന ജൈവവള നിർമ്മാണ-വിപണന യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും ഭരണാനുമതി ലഭിച്ച 19 നഗരസഭകളിലെ സംരംഭങ്ങൾക്കുള്ള ധനാനുമതി പത്രം കൈമാറലും ചടങ്ങിൽ മന്ത്രി നിർവഹിക്കും.

അടൂർ, വർക്കല, ആറ്റിങ്ങൽ, പുനലൂർ, ചേർത്തല, തൊടുപുഴ, കൂത്താട്ടുകുളം, മരട്, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, പട്ടാമ്പി, പാലക്കാട്, പെരിന്തൽമണ്ണ, കൊയിലാണ്ടി, മുക്കം, ആന്തൂർ, നീലേശ്വരം, സുൽത്താൻ ബത്തേരി, ഗുരുവായൂർ എന്നീ നഗരസഭകൾക്കാണ് ധനാനുമതി പത്രം കൈമാറുന്നത്.

ലോകബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നേതൃത്വത്തിലാണ് ഹരിത കർമ്മസേനാ സംരംഭകത്വ വികസന പദ്ധതി യാഥാർത്ഥ്യമാകുന്നത്.

സംസ്ഥാനത്തെ 93 നഗരസഭകളിലെ ഏഴായിരത്തോളം വരുന്ന ഹരിതകർമസേനാംങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 24 കോടി രൂപ ചിലവിൽ ഒരുക്കുന്ന ഈ പദ്ധതിയിലുൾപ്പെടുത്തി ഹരിത കർമ്മസേനാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

തുണിസഞ്ചി, ജൈവവളം, ചവിട്ടി, ഇനോകുലം തുടങ്ങിയവയുടെ ഉത്പാദനയൂണിറ്റുകൾ, സ്‌ക്രാപ്പ് വ്യാപാരം, സാനിട്ടറി വേസ്റ്റ് ശേഖരണ യൂണിറ്റ് എന്നിങ്ങനെ വിവിധ സംരംഭങ്ങളാണ് ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്.

മികച്ച സംരംഭങ്ങൾ ഉറപ്പാക്കുന്നതിനായി കിലയുടെയും ബന്ധപ്പെട്ട ഏജൻസികൾ ഹരിത കർമ്മസേനാംഗങ്ങൾക്ക് നൈപുണ്യപരിശീലനവും സാങ്കേതിക പരിജ്ഞാനത്തിനായുള്ള പരിശീലനവും നൽകും.

അധികവരുമാനത്തിലൂടെ ഹരിത കർമ്മസേനയെ സ്വയംപര്യാപ്തരാക്കാനും അവരുടെ ജീവിത നിലവാരം ഉയർത്താനും ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ നടത്തിപ്പിനായി നഗരസഭാതലത്തിൽ മോണിറ്ററിംഗ് കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.

കൂടാതെ, സാങ്കേതികസഹായത്തിനായി കെഎസ്ഡബ്ല്യു എം.പിയുടെ ഏജൻസികളുടേയും ജില്ലാതല യൂണിറ്റുകളുടേയും പൂർണസമയ പ്രവർത്തനവും തുട ർസാമ്പത്തിക സഹായവും ഉറപ്പാക്കും.

Advertisment