/sathyam/media/media_files/2025/08/11/beverages-online-services-2025-08-11-18-15-13.jpg)
തിരുവനന്തപുരം: റേഷനും ചികിത്സാ സേവനങ്ങളും വാതിൽപ്പടിയിലെത്തിച്ച കേരളം മദ്യവും വാതിൽപ്പടി സേവനത്തിൽ ഉൾപ്പെടുത്തുന്നു. ഓൺലൈനായി മദ്യവിൽപ്പനയ്ക്കുള്ള ആപ്പ് പത്തു ദിവസത്തിനകം സജ്ജമാക്കുമെന്ന് ബിവറേജസ് കോർപറേഷൻ എം.ഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.
സർക്കാരിന്റ ഗ്രീൻ സിഗ്നൽ കിട്ടിയാലുടൻ മദ്യത്തിന്റെ വാതിൽപ്പടി സേവനം ആരംഭിക്കും. 23 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരിക്കും മദ്യം വിതരണം ചെയ്യുക. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ വിതരണ കമ്പനികളിലൂടെ ഭക്ഷണം വാങ്ങും പോലെ ഇനി മുതൽ മദ്യവും വീട്ടിലിരുന്ന് ഓർഡർ ചെയ്ത് വാങ്ങാം.
ഓൺലൈൻ വഴിയുള്ള മദ്യവില്പനയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നാണ് മന്ത്രി എം.ബി രാജേഷ് പറയുന്നതെങ്കിലും ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി 10 ദിവസത്തിനകം ആപ്പ് തയ്യാറാവുമെന്ന് വെളിപ്പെടുത്തിയതോടെയാണ് ഓൺലൈൻ വിൽപ്പനയ്ക്ക് അതിവേഗ നീക്കം നടക്കുന്നതായി പുറത്തറിഞ്ഞത്.
മദ്യം വീട്ടിലെത്തിക്കാൻ സർക്കാർ അനുമതി നൽകിയില്ലെങ്കിൽ അല്ലെങ്കില്‍ ഈ ആപ്പിലൂടെ ഉപഭോക്താവിന് ഓര്‍ഡര്‍ ചെയ്യാം. ക്യൂവില്‍ നില്‍ക്കാതെ സ്വന്തം നിലയ്ക്ക് മദ്യം വന്ന് കൊണ്ടുപോകേണ്ടി വരും.
കോവിഡ് കാലത്ത് മദ്യവിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്നത് ഈ രീതിയായിരുന്നു. എന്നാൽ അന്ന് സ്വകാര്യ കമ്പനി തയ്യാറാക്കിയ ആപ്പായിരുന്നു മദ്യവിൽപ്പനയ്ക്ക് ഉപയോഗിച്ചത്. എന്നാൽ ഇത്തവണ ആപ്പ് ബെവ്കോ നേരിട്ട് തയ്യാറാക്കുകയാണ്.
അതേസമയം, ഓൺലൈൻ മദ്യവിൽപ്പന സർക്കാരിന്റെ മദ്യനയത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് സർക്കാർ അൽപ്പം പിന്നോട്ടു നിൽക്കുന്നത്. മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 23 വയസായി നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തിൽ ഓൺലൈൻ മദ്യ വില്പന പ്രായോഗികമാണോയെന്നാണ് സർക്കാരിനെ അലട്ടുന്നത്.
ഓൺലൈൻ ഉപഭോക്താക്കളുടെ പ്രായം സ്വയം സാക്ഷ്യപ്പെടുത്തുന്നതല്ലാതെ എങ്ങനെ പരിശോധിച്ച് ഉറപ്പിക്കുമെന്നതും ചോദ്യമാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയും ലഹരിയ്ക്കെതിരെയുള്ള ശക്തമായ ബോധവൽകരണ പ്രവർത്തനങ്ങളിലൂടെയും ലഹരി വിമുക്ത കേരളം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ മദ്യനയം.
എന്നാൽ ഓൺലൈൻ മദ്യവിൽപ്പന തുടങ്ങുന്നതോടെ യുവാക്കളിലേക്കും കുട്ടികളിലേക്കും വരെ നിർബാധം മദ്യമെത്തുന്ന സ്ഥിതിയാവും. മദ്യവർജ്ജനമെന്ന ലക്ഷ്യവുമായി എക്സൈസ് വകുപ്പ് വിമുക്തി ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്ന ഘട്ടത്തിൽ ഓൺലൈൻ മദ്യവില്പന സർക്കാരിന്റെ പ്രതിഛായ തകർക്കുമെന്നും വിലയിരുത്തലുണ്ട്.
മദ്യത്തിന്റെ ലഭ്യതയിലുളള കർശനമായ നിയന്ത്രണങ്ങൾ സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കുന്നതിനൊപ്പം മയക്കുമരുന്ന് ഉൾപ്പെടെ ലഹരി വ്യാപനത്തിന് ഇടയാക്കുന്നെന്നാണ് സർക്കാർ വിലയിരുത്തൽ. 283 മദ്യഷോപ്പുകൾ മാത്രമാണ് കേരളത്തിലുളളത്. ഓൺലൈൻ മദ്യവിൽപ്പനയെന്ന ആശയം നടപ്പിലായാൽ 500 കോടി അധിക വരുമാനം ലഭിക്കും.
കർണാടകയിലും തമിഴ്നാട്ടിലും 5000ൽപരം ഷോപ്പുകളാണുളളത്. അതുകൊണ്ടാണ് കേരളത്തിൽ മദ്യശാലകൾക്ക് മുന്നിൽ തിരക്കുണ്ടാവുന്നത്. മദ്യവരുമാനത്തിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ പോലും കേരളം ഇല്ലെന്നാണ് കണക്കുകൾ.
ആറ് വർഷം കൊണ്ട് ഉത്തർപ്രദേശിൽ മദ്യവിൽപ്പനയിൽ നിന്നുലഭിക്കുന്ന വരുമാനം ഇരട്ടിയായി. ഇതോടെ മദ്യവിൽപ്പന വഴി ലഭിക്കുന്ന വരുമാനത്തിൽ യുപി ഒന്നാം സ്ഥാനവും നേടിയി. അവിടെ മദ്യവിൽപ്പന വഴി 2024-25 വർഷത്തെ വരുമാനം 51,000 കോടിയായി ഉയർന്നു. കേരളത്തിന്റെ ആകെ റവന്യു വരുമാനത്തിന്റെ 13.4 ശതമാനമാണ് മദ്യത്തിൽ നിന്ന് ലഭിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.
അതേസമയം, മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബെവ്കോയുടെ നീക്കം തടയുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യശാലകളിൽ എത്താത്തവരെയും കുടിപ്പിച്ച് കിടത്താനുള്ള നയം ഇടതു പക്ഷത്തിന് യോജിച്ചതാണോ എന്ന് ആലോചിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
സർക്കാരിന്റെ മദ്യനയത്തിനെതിരേ സി.പി.ഐയും രംഗത്തെത്തിയിട്ടുണ്ട്. മദ്യവർജ്ജനമാണ് എൽ.ഡി.എഫിന്റെ പ്രഖ്യാപിത നയം. മദ്യവർജ്ജനം അടിസ്ഥാനമാക്കിയ മദ്യനയത്തിന് പകരം വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് നടപ്പാക്കുന്നത്.
വിദേശ മദ്യം എവിടെയും ലഭ്യമാക്കാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുന്നു. സാധാരണക്കാർ പണിയെടുക്കുന്ന കള്ള് ചെത്ത് വ്യവസായത്തെ തകർച്ചയുടെ പടുകുഴിയിലേക്ക് നയിക്കുകയാണ്- സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിലെ പ്രമേയത്തിൽ പറയുന്നു.