/sathyam/media/media_files/2025/08/12/pinarai-vijayan-secreteriate-2025-08-12-14-27-51.jpg)
തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന 2365.5 കോടിയുടെ 'കേര'പദ്ധതിയിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന മാദ്ധ്യമപ്രവർത്തകർക്കെതിരേ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണത്തിനുള്ള സർക്കാർ ഉത്തരവ് മാദ്ധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമായി മാറുകയാണ്.
കൃഷി വികസനത്തിനുള്ള കേര പദ്ധതിയിലെ ലോകബാങ്ക് ഫണ്ടിൽ നിന്ന് 139 കോടി വകമാറ്റിയ വാർത്ത പുറത്തുവന്ന വഴി കണ്ടെത്തുകയാണ് ലക്ഷ്യം. മാദ്ധ്യമപ്രവർത്തകർക്ക് വാർത്ത എങ്ങനെ ലഭിച്ചു എന്നടക്കം അന്വേഷിക്കാനാണ് ഉത്തരവ്. പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിനെയാണ് അന്വേഷണത്തിന് സർക്കാർ ചുമതലപ്പെടുത്തിയത്.
ലോകബാങ്ക് നൽകിയ ഫണ്ടിൽ നിന്ന് 139 കോടി വകമാറ്റിയത് വൻ ചർച്ചാവിഷയമായിരുന്നു. ലോകബാങ്ക് സംഘം കേരളത്തിലെത്താനിരിക്കെ മേയ് മാസത്തിൽ ഇതിൽ നിന്ന് 50 കോടി തിരികെ നൽകി.
കേര പദ്ധതി നടപ്പാക്കുന്നതിനായാണ് 139.65 കോടി രൂപ ഒന്നാംഘട്ടമായി ലോകബാങ്ക് സംസ്ഥാനത്തിനു കൈമാറിയത്. ഇതും സംസ്ഥാന സർക്കാർ വിഹിതവും ചേർത്ത് 7 ദിവസത്തിനുള്ളിൽ ഫണ്ട് കേരയുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റണമെന്നായിരുന്നു ലോകബാങ്കിന്റെ നിർദേശം.
എന്നാൽ, സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി ഫണ്ട് സർക്കാർ വകമാറ്റി ചെലവഴിച്ചു. ലോകബാങ്കിൽ നിന്നെത്തിയ കത്തിൽ ഫണ്ട് കൈമാറ്റത്തിന്റെ സ്ഥിതി എന്തായെന്നും ഇതുവരെ ഫണ്ട് കൈമാറിയിട്ടില്ലെങ്കിൽ ധനവകുപ്പ് വിശദീകരണം തരണമെന്നും അറിയിച്ചിരുന്നു. ഈ കത്ത് എങ്ങനെ ചോർന്നു എന്നതിലടക്കമാണ് അന്വേഷണം.
വിപുലമായ അധികാരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകിനു നൽകിയിട്ടുള്ളത്. ഉത്തരവിൽ പറയുന്നതിങ്ങനെ – ‘അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമായ രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാനും ഉദ്യോഗസ്ഥരിൽനിന്നും ബന്ധപ്പെട്ട വ്യക്തികളിൽനിന്നും രേഖാമൂലമുള്ളതോ വാക്കാലുള്ളതോ ആയ മൊഴികൾ തേടാനും പരിശോധനകൾ നടത്താനും നടപടി രേഖപ്പെടുത്താനും അധികാരമുണ്ടായിരിക്കും’.
മാധ്യമപ്രവർത്തകരിൽനിന്നും മാധ്യമസ്ഥാപനത്തിൽനിന്നും വിശദീകരണം തേടാനും മൊഴിയെടുക്കാനും അധികാരമുണ്ട്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.
അഞ്ച് ലക്ഷം കർഷകർക്കു നേരിട്ടും 10 ലക്ഷം പേർക്കു പരോക്ഷമായും പ്രയോജനം ലഭിക്കുന്ന കേര പദ്ധതിക്കു കഴിഞ്ഞ ഒക്ടോബർ 31ന് ആണ് ലോകബാങ്ക് അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ, പദ്ധതി നടപ്പാക്കുന്നതിനായി 139.65 കോടി രൂപ ഒന്നാംഘട്ടമായി സംസ്ഥാനത്തിനു കൈമാറി.
സ്മാർട്ട് കൃഷിയിലൂടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കിയും കൂടുതൽവിപണി കണ്ടെത്തിയും കർഷകരെ വിപണികളുമായി ബന്ധിപ്പിച്ചും കർഷകരെ രക്ഷപെടുത്താനുള്ള കേരപദ്ധതിക്ക് പണം നൽകാൻ ലോകബാങ്ക് റെഡിയാണ്.
പദ്ധതിക്ക് കഴിഞ്ഞ മാർച്ചിൽ കേന്ദ്രത്തിന്റെയും ഒക്ടോബറിൽ ലോകബാങ്കിന്റെയും അനുമതികിട്ടിയതാണ്. ലോകബാങ്ക് വായ്പയ്ക്ക് ഇരുപത്തിമൂന്നര വർഷം തിരിച്ചടവ് കാലാവധിയും 6 വർഷം മൊറട്ടോറിയവുമുണ്ട്. 2029 മാർച്ച് വരെയാണ് പദ്ധതിയുടെ കാലാവധി.
ലോകബാങ്കിന്റെ സഹായത്തോടെയുള്ള കേര പദ്ധതി തോട്ടംമേഖലയിൽ കൊണ്ടുവരുന്നത് വലിയ മാറ്റങ്ങളാണ്. കേര പദ്ധതി പ്രകാരം റബർ, ഏലം എന്നിവയുടെ ആവർത്തനക്കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടർ ഒന്നിന് റബർകൃഷിക്ക് 75,000 രൂപയും ഏലത്തിന് 1,00,000 രൂപയും വീതം രണ്ട് ഹെക്ടറിന് ധനസഹായം ലഭിക്കും.
കോട്ടയം, എറണാകുളം, പത്തനംതിട്ട, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം എന്നീ ആറു ജില്ലകളിലെ റബർ കർഷകർക്കും ഇടുക്കി ജില്ലയിലെ ഏലക്കർഷകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിവഴി ഉത്പാദനശേഷി കുറഞ്ഞ റബ്ബർമരങ്ങൾ വെട്ടിമാറ്റി 30000 ഹെക്ടറിൽ ഉത്പാദനക്ഷമതയുള്ള റബ്ബർമരങ്ങൾ നാലുവർഷത്തിനകം നടാനാണ് ഉദ്ദേശിക്കുന്നത്. ഒരുലക്ഷം കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഏലം, കാപ്പിത്തോട്ടങ്ങളിലെ ഉത്പാദനവും വൻതോതിൽ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
എറണാകുളം, കോട്ടയം, പത്തനംതിട്ട, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ തോട്ടങ്ങളിലാണ് റബ്ബർ പുനർനടീൽ നടത്തുന്നത്. ഒരു ഹെക്ടറിന് 75,000 രൂപ വീതം ഇതിന് കർഷകർക്ക് സഹായം നൽകും. 25 സെന്റ് മുതൽ അഞ്ച് ഹെക്ടർ വരെ സ്ഥലമുള്ള നാമമാത്ര-ചെറുകിട റബ്ബർ കർഷകർക്ക് വ്യക്തിഗത സഹായം ലഭിക്കും. വയനാട് ജില്ലയിലെ കാപ്പിക്കർഷകർക്കും കേര പദ്ധതി ഗുണകരമാകും.
നിലവിലെ തോട്ടങ്ങളിലെ ഉത്പാദനക്ഷമത കുറഞ്ഞ കാപ്പിച്ചെടികൾ മുഴുവൻ വെട്ടിമാറ്റി, അത്യുത്പാദനശേഷിയുള്ള ഇനങ്ങൾ നടുന്നതിന് ഹെക്ടർ ഒന്നിന് 1,10,000 രൂപ വരെയുള്ള സഹായമാണ് നൽകുക.
ഇങ്ങനെ 1360 ഹെക്ടറിൽ പുനർനടീലിന് 14.96 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ തൈകൾ ഉത്പാദിപ്പിക്കുന്നതിന് 30 നഴ്‌സറികൾക്ക് ആറുലക്ഷം രൂപവീതം നൽകും. ഇത്തരത്തിൽ കർഷകർക്ക് വൻതോതിൽ ഗുണകരമായ പദ്ധതിയാണ് വിവാദങ്ങളിൽ മുങ്ങുന്നത്.