യുവാക്കൾക്ക് സൈനിക പരിശീലനത്തിന് നിയമഭേദഗതി വരുമോ ? ബിരുദപഠനശേഷം എല്ലാവർക്കും സൈനിക പരിശീലനം നൽകണമെന്ന് കേരള ഗവർണർ ആർലേക്കർ. മഹാരാഷ്ട്രയിൽ ഒന്നാം ക്ലാസ് മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം. അഗ്നിവീറുകളെപ്പോലെ കോടിക്കണക്കിന് യുവാക്കൾക്ക് സൈനിക പരിശീലനം ലഭിച്ചാൽ ഇന്ത്യയെ ഒരു ശക്തിക്കും തൊടാനാവില്ല

രാജ്യസ്നേഹം വളർത്തുന്നതിനും വ്യായാമവും അച്ചടക്കമുള്ള ജീവിതവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം.  2.5 ലക്ഷത്തിലധികം മുൻ സൈനികരെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

New Update
rajendra viswanath arlekar-2
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: രാജ്യത്ത് യുവാക്കൾക്കെല്ലാം നിർബന്ധിത സൈനിക പരിശീലനത്തിന് നിയമഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവരുമെന്ന അഭ്യൂഹം ശക്തമാവുന്നു. ദേശീയബോധവും രാജ്യസ്നേഹവും വള‌ർത്താനും അടിയന്തര സാഹചര്യങ്ങളിൽ യുവാക്കളാകെ സൈനികരെപ്പോലെ രാജ്യത്തിനായി രംഗത്തിറങ്ങാനും യുവാക്കളിൽ കായികക്ഷമത വർദ്ധിപ്പിക്കാനുമെല്ലാം ഇത് ഉപകരിക്കും.

Advertisment

മഹാരാഷ്ട്രയിൽ സ്കൂൾ കുട്ടികൾക്ക് വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പരിശീലനം നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. കേരളത്തിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ ഏതാനും പൊതു പരിപാടികളിൽ ഇക്കാര്യം ഉന്നയിച്ചു.


ബിരുദപഠനശേഷം എല്ലാവർക്കും സൈനിക പരിശീലനം നൽകണമെന്നാണ് ഗവർണറുടെ ആവശ്യം. സമൂഹത്തിൽ അച്ചടക്കവും ദേശസ്നേഹവും സൃഷ്ടിക്കാൻ ഇത് അനിവാര്യമാണ്. സൈനികപരിശീലനം ലഭിച്ചവർക്കുമാത്രമേ സർക്കാർ ജോലികൾ നൽകാവൂ. എങ്കിൽ, എല്ലാ ജനങ്ങളിലും ദേശീയവികാരം ഉണ്ടാകും.


ദേശീയബോധം വളർന്നാൽ ഒരു ശക്തിക്കും നമ്മളെ ആക്രമിക്കാൻ കഴിയില്ല. അത്തരം സാഹചര്യത്തിൽ ‘പഹൽഗാം’ ഒരിക്കലും ആവർത്തിക്കില്ല. ദേശീയതയും രാജ്യസ്‌നേഹവുമാണ് എല്ലാറ്റിനും മുകളിൽ. ദേശീയതയും രാജ്യസ്‌നേഹവും നമ്മുടെ ഹൃദയത്തിലുണ്ടെങ്കില്‍ പഹല്‍ഗാമുകളുണ്ടാകില്ല.

സമൂഹത്തില്‍ അച്ചടക്കവും ദേശസ്‌നേഹവും സൃഷ്ടിക്കാന്‍ ഇത് അനിവാര്യമാണ്. പ്രസംഗത്തിലൂടെയല്ല പ്രവര്‍ത്തിയിലൂടെയാണ് രാജ്യ സ്‌നേഹം നമ്മള്‍ പ്രകടിപ്പികേണ്ടത് - ഗവർണർ പറഞ്ഞു.

rajendra viswanath arlekar-3

അതേസമയം, നേരത്തേ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ യുവജനങ്ങൾക്ക് കുറഞ്ഞത് രണ്ടുവർഷത്തെ നിർബന്ധിത സൈനിക പരിശീലനം നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടി മാർ ഇവാനിയോസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സൈനിക പരിശീലനം അച്ചടക്കവും ദേശസ്നേഹവും വളർത്തും. പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന നിർണായകമായ ഒരു ശക്തിയാണ് കേഡറ്റുകൾ. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരിക്കാവുന്ന യുവജന ശാക്തീകരണത്തിനുള്ള ഏറ്റവും പ്രായോഗികമായ മാതൃകയാണ് എസ്.പി.സി കേഡറ്റുകൾ. ഇത് സമഗ്രമായ ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുമെന്ന് ഗവർണർ കൂട്ടിച്ചേർത്തു.


ഒന്നാം ക്ലാസ് മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം നൽകാനാണ് മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം. ചെറുപ്പം മുതലേ കുട്ടികളിൽ ദേശസ്നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളർത്തുക എന്നതാണ് ലക്ഷ്യം.

വിരമിച്ച സൈനിക ഉദ്യോഗസ്ഥരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക. കായിക അധ്യാപകർ, എൻസിസി (നാഷണൽ കേഡറ്റ് കോർപ്സ്), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ എന്നിവരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക.

രാജ്യസ്നേഹം വളർത്തുന്നതിനും വ്യായാമവും അച്ചടക്കമുള്ള ജീവിതവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം.  2.5 ലക്ഷത്തിലധികം മുൻ സൈനികരെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ്  പ്രഖ്യാപനം.

വിദേശരാജ്യങ്ങളിൽ യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനമുണ്ടെങ്കിലും ഇന്ത്യയിൽ ഇങ്ങനെയൊന്നില്ല. അതേസമയം, യുവാക്കൾക്ക് സൈനിക പരിശീലനം നൽകാൻ ആവിഷ്കരിച്ച പദ്ധതിയാണ് അഗ്നിവീർ. പരിശീലനത്തിനു ശേഷം അഞ്ചുവ‌ർഷം സേനയുടെ ഭാഗമാവുകയും ചെയ്യാം.

എന്നാൽ ഇത് നിർബന്ധിത പരിശീലനമല്ല. അപേക്ഷിക്കുന്നവരിൽ നിന്ന് പൊതുപ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയുമടക്കം അടിസ്ഥാനത്തിലാണ് അഗ്നിവീറായി നിയമനം നൽകുക. ആർമി, നേവി, എയർ ഫോഴ്സ് സേനകളിൽ ജവാനായി പ്രവേശനം ഇനി അഗ്നിപഥ് പദ്ധതി വഴി മാത്രമായിരിക്കും.

basic training

ശാരീരികയോഗ്യതാ പരിശോധനയും ശാരീരികക്ഷമതാ പരീക്ഷയും എഴുത്തുപരീക്ഷയുമൊക്കെ പഴയ പടി നിലനിർത്തിയിട്ടുണ്ട്. വിരമിച്ച അഗ്നിവീറുകൾക്ക് അർധസൈനിക സേനകളിൽ പത്തുശതമാനം സംവരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സി.ഐ.എസ്.എഫ്, ബി.എസ്.എഫ്, എസ്.എസ്.ബി, ആർ.പി.എഫ്, സി.ആർ.പി.എഫ് സേനകളിലെ കോൺസ്റ്റബിൾ തസ്തികയിലാണ് സംവരണം.

നാലുവർഷ സേനാ പരിശീലനം ലഭിച്ചതിനാൽ അച്ചടക്കവും അർപ്പണബോധവുമുള്ള അഗ്നിവീറുകൾ അർധ സൈനിക സേനയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ. 2022 ജൂൺ പതിനാലിനാണ് അഗ്നിവീർ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.

സേവനകാലാവധി നാലുവർഷമാണ്. ആദ്യവർഷം ശമ്പളം 4.76 ലക്ഷംരൂപ. നാലാംവർഷം ഇത് 6.92 ലക്ഷംരൂപയാകും. സേനകളിലെ സ്ഥിരനിയമനക്കാർക്കുള്ളതിന് സമാനമായ റിസ്‌ക് ആനുകൂല്യങ്ങളും ലഭിക്കും. നാലുവർഷ കാലയളവിൽ മികവുതെളിയിക്കുന്ന 25 ശതമാനംപേർക്ക് സ്ഥിരനിയമനമുണ്ട്.

Advertisment