ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ വിഭജന ഭീതി ദിനാചരണത്തിലും ഗവർണറുടെ അജൻഡയ്ക്ക് തലവച്ച് സർക്കാർ. ആരോരും അറിയാതെ പോവുമായിരുന്ന ദിനാചരണം വൻ വിവാദമായി വളരുന്നു. ഇന്ത്യാ-പാക് വിഭജന കാലത്തെ ദുരിതങ്ങൾ യുവതലമുറയെ അറിയിക്കുക ദൗത്യം. ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി. എവിടെ ദിനാചരണം നടത്തിയാലും തടയുമെന്ന് എസ്എഫ്ഐയും കെഎസ്‌യുവും. ക്യാമ്പസുകളിൽ അശാന്തി പടർത്താൻ വിഭജന കാല ഓർമ്മകൾ

021-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദിനാചരണം പ്രഖ്യാപിച്ചത്. തുടർന്ന്, കേന്ദ്രസർക്കാർ ഓഗസ്റ്റ് 14-ന് പ്രത്യേകദിനാചരണം സംഘടിപ്പിക്കാൻ നിർദേശിച്ചു.

New Update
rajendra arlekar
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ വിഭജന ഭീകരത ദിനാചരണത്തിലും സർക്കാർ- ഗവർണർ പോര് കടുക്കുന്നു. സ്വാതന്ത്ര്യദിനത്തലേന്ന് സർവകലാശാലകളിൽ ദിനാചരണം നടത്താൻ 14 യൂണിവേഴ്സിറ്റി വൈസ്ചാൻസലർമാർക്ക് ഗവർണർ കത്ത് നൽകിയിരുന്നു. എന്നാൽ കേരള, കണ്ണൂർ യൂണിവേഴ്സിറ്റികൾ ഇത് നടപ്പാക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകിയതോടെയാണ് സംഭവം വിവാദമായത്.

Advertisment

മുഖ്യമന്ത്രിയുടെ എതിർപ്പ് അവഗണിച്ച് കോളേജുകളിൽ ദിനാചരണം നടത്താൻ വി.സിമാർ തയ്യാറായതോടെ സർക്കാർ അതിശക്തമായി പ്രതികരിച്ചു. മന്ത്രിമാരായ ആ‌ർ.ബിന്ദുവും പി.രാജീവും ഗവർണർക്കെതിരേ രംഗത്തെത്തി.


എന്തായാലും വിഭജന കാലത്തെ ദുരിതങ്ങൾ ചർച്ചയാക്കാനുള്ള ഗവർണറുടെയും ആർ.എസ്.എസിന്റെയും അജൻഡയിൽ സർക്കാരും ഇടത് സംഘടനകളും വീഴുന്നതാണ് ഇപ്പോൾ കാണുന്നത്. 

r bindu

വിഭജനകാലത്ത് ഇന്ത്യക്കാർക്ക് അനുഭവിക്കേണ്ടിവന്ന വേദനകളും ദുരിതങ്ങളും അനുസ്മരിക്കുന്ന സെമിനാറുകളും മറ്റും നടത്താനാണ് കോളേജുകൾക്ക് നിർദേശം. 2021 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരമാണ് വിഭജന ഭീകരതാ ഓർമ്മദിനം ആചരിക്കുന്നത്. 2022-ൽ യുജിസിയും ഇതേക്കുറിച്ച് നിർദ്ദേശം നൽകിയിരുന്നു.

അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25-ന് ഭരണഘടനഹത്യാ ദിനമായി ആചരിക്കണമെന്ന് നേരത്തേ ഗവർണർ വി.സിമാർക്ക് കത്തെഴുതിയിരുന്നു. ആർഎസ്എസിന്റെ പരിപാടിയാണെന്നും ഒരു തരത്തിലും അംഗീകരിക്കില്ലെന്നുമാണ് മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.

v sivankutty images(118)


പിന്നാലെ ഗവർണറുടെ നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രംഗത്തെത്തി. അതേസമയം, കേന്ദ്ര സർക്കാരിൽ നിന്നുള്ള നിർദ്ദേശം സർവകലാശാലാ വൈസ്ചാൻസലർമാർക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് രാജ്ഭവന്റെ വിശദീകരണം.


ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ സര്‍വകലാശാലകളെ വിട്ടുനല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ച് ഓഗസ്റ്റ് 14നു 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന് കേരള സർവകലാശാല കോളേജുകൾക്ക് സർക്കുലർ അയച്ചു. പിന്നാലെ വൈകിട്ടോടെ അത് പിൻവലിച്ച് കോളേജുകളുടെ ഇഷ്ടപ്രകാരം ദിനാചരണം നടത്താമെന്ന് പുതുക്കിയ സർക്കുലർ നൽകി.

ഇതിനു പിന്നാലെ കോളേജ് വികസന കൗൺസിൽ ഡയറക്ടർ ഡോ.ബിജു രാജിവച്ചു. ക്യാംപസുകളില്‍ സെമിനാറുകള്‍, പ്രസംഗങ്ങള്‍, നാടകങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഇതു സംബന്ധിച്ച് ആക്‌ഷന്‍ പ്ലാന്‍ ഇന്ന് ഗൂഗിള്‍ ഫോമില്‍ ലഭ്യമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരത്തില്‍ പരിപാടികളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് വിസിമാര്‍ ഗവര്‍ണറുടെ ഓഫിസിലേക്ക് അയയ്ക്കും.


മുഖ്യമന്ത്രിയും നിയമമന്ത്രിയും ഉള്‍പ്പെടെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അതിശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയാണ് പരിപാടികളുമായി വി.സിമാര്‍ മുന്നോട്ടുപോകുന്നത്.


2021-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദിനാചരണം പ്രഖ്യാപിച്ചത്. തുടർന്ന്, കേന്ദ്രസർക്കാർ ഓഗസ്റ്റ് 14-ന് പ്രത്യേകദിനാചരണം സംഘടിപ്പിക്കാൻ നിർദേശിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതു മുതൽ സർവകലാശാലകളിലും സ്കൂളുകളിലും ഓഗസ്റ്റ് 14-ന് ദിനാചരണം നടത്താൻ സർക്കുലർ അയയ്ക്കുന്നുണ്ട്. എന്നാൽ, ഇത്തരം പരിപാടികളൊന്നും കേരളത്തിൽ സാധാരണ നടക്കാറില്ല.

ഇന്ത്യയുടെ വിഭജനത്തിൽ കോൺഗ്രസിനെയും മുൻപ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെയും ലക്ഷ്യമിട്ട് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും വിമർശനം ഉന്നയിക്കാറുണ്ട്. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയലക്ഷ്യം വെച്ചാണ് ഓഗസ്റ്റ് 14-ന് വിഭജന ഭീകരതാസ്മരണദിനമായി ആചരിക്കാനുള്ള നിർദേശമെന്നാണ് ആക്ഷേപം. പരിപാടി എവിടെ നടത്തിയാലും തടയുമെന്ന് എസ്.എഫ്.ഐയും കെ.എസ്.യുവും പ്രഖ്യാപിച്ചിട്ടുണ്ട്. 


സംസ്ഥാന നിയമസഭ നൽകിയ അധികാരങ്ങളേ ഗവർണർക്കുള്ളൂവെന്നും സർവ്വകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം ഗവർണർക്കില്ലെന്നും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവർണറുടെ തീരുമാനം അങ്ങേയറ്റം തെറ്റാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ ശോഭ കെടുത്തും എന്നതിനാൽ കേരളം മുൻപ് തന്നെ ഇത് തള്ളിക്കളഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.


ചാൻസിലർ പദവി ഉപയോഗിച്ച് ഗവർണർ രാജേന്ദ്ര ആർലേകർ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സർവകലാശാലകൾ പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാരിന്റെ പണം കൊണ്ടാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.  

p rajeev

യൂണിവേഴ്സിറ്റികളിലും കോളേജ് ക്യാമ്പസുകളിലും വിഭജന ഭീതി ദിനം ആചരിക്കുവാൻ ആരെയും നിർബന്ധിക്കരുതെന്നും, ഇത്തരം നടപടികൾ സമൂഹത്തിന്റെ ഐക്യവും, സമാധാനവും, ദേശാഭിമാനവും ഇല്ലായ്മ ചെയ്യാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും അഭ്യർഥിച്ചുകൊണ്ടുള്ള കത്ത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സംസ്ഥാനത്തെ എല്ലാ സർവകലാശാല വിസിമാർക്കും അയച്ചു.

Advertisment