/sathyam/media/media_files/2025/08/14/high-court-order-2025-08-14-17-42-05.jpg)
തിരുവനന്തപുരം: കസ്റ്റഡിയിൽ എടുക്കുന്നവരുടെ അറസ്റ്റ് സമയം തെറ്റിച്ചുകാട്ടി കോടതികളെ കബളിപ്പിക്കുന്ന പോലീസിന്റെ തന്ത്രത്തിന് കടിഞ്ഞാണിട്ട് ഹൈക്കോടതി. നിലവിൽ ദിവസങ്ങൾക്ക് മുൻപേ കസ്റ്റഡിയിലെടുക്കുന്നവരെപ്പോലും തോന്നിയ പോലെ അറസ്റ്റ് രേഖപ്പെടുത്തി അതിന് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കുകയാണ് ചെയ്യുന്നത്. ഇത് ഇനി നടപ്പില്ലെന്ന് ശക്തമായ താക്കീത് നൽകിയിരുക്കുകയാണ് ഹൈക്കോടതി.
പൗരന്മാരെ കസ്റ്റഡിയെടുത്താൽ, അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൽ മതിയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, പിടിയിലാകുന്ന സമയം കണക്കാക്കി 24 മണിക്കൂറിനകം പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതാണെന്ന് ഉത്തരവിട്ടു.
ഇതോടെ ഇനിമുതൽ പ്രതികളെയോ സംശയമുള്ളവരെയോ പിടികൂടിയാൽ 24മണിക്കൂറിനകം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയേ മതിയാവൂ. 24 മണിക്കൂറിനുളളിൽ ഹാജരാക്കിയില്ലെന്ന പേരിൽ കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർണായകമായ വിശദീകരണം.
പ്രതിയെ തോന്നിയപോലെ ഹാജരാക്കുന്ന പോലീസിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. പിടിയിലായ ആളെ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് ഭരണഘടനയിലുള്ളത്. ഇതിൽ എന്തെങ്കിലും ഇളവുള്ളത് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കാനുള്ള യാത്രാസമയത്തിന്റെ കാര്യത്തിൽ മാത്രമാണ്.
മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ ഒരാളെ 24 മണിക്കൂറിലധികം തടവിലാക്കരുതെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതോടെ ഒരാൾ തത്വത്തിൽ അറസ്റ്റിലാകുമെന്നാണ് വിലയിരുത്തേണ്ടത്. ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ നിരവധി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ലഹരിമരുന്ന് കേസ് പ്രതി ബംഗാൾ സ്വദേശി ബിസ്വജിത് മണ്ഡലിനാണ് ജാമ്യം അനുവദിച്ചത്. ജനുവരി 25 ന് പകൽ മൂന്ന് മണിയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയത് ജനുവരി 26ന് പകൽ രണ്ടിനാണ്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് അന്ന് രാത്രി എട്ടിനും. ഇത് നിയമ ലംഘനമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
25 ന് വൈകിട്ട് ഏഴിനാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളിക്കളഞ്ഞു. പൗരന്മാരുടെ മൗലികാവകാശ സംരക്ഷണത്തിൽ നിർണായക ഇടപെടലാണ് ഹൈക്കോടതി ഇതിലൂടെ നടത്തിയിരിക്കുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന് ഭരണഘടനയിലെ ആര്‍ട്ടിക്കിൾ 22(1) വ്യവസ്ഥ ചെയ്യുന്നുണ്ട്.
അറസ്റ്റിനുള്ള കാരണം എഴുതി നൽകുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിന് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കക്ഷികൾ പറയുമ്പോള്‍ അത് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. കാരണം പറയാതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി ഉത്തരവ്.
അറസ്റ്റുമായി ബന്ധപ്പെട്ട സുപ്രീം കോടതി മാർഗനിർദേശവും ക്രിമിനൽ നിയമ വ്യവസ്ഥയിലെ ചട്ടങ്ങളും പൊലീസ് നിർബന്ധമായി പാലിച്ചിരിക്കണമെന്നും ഇതിലുണ്ടാകുന്ന വീഴ്ചകൾ എല്ലാ മജിസ്ട്രേട്ട്, സെഷൻസ് ജഡ്ജിമാരും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാർക്കു റിപ്പോർട്ട് ചെയ്യണമെന്നും സുപ്രീംകോടതി കർശന നിർദേശം നൽകിയിരുന്നു.