/sathyam/media/media_files/2025/08/14/hll-2025-08-14-22-53-30.jpg)
തിരുവനന്തപുരം: രാജ്യം എഴുപത്തിയൊൻപതാം സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഇന്ത്യൻ ആരോഗ്യമേഖലയിൽ നിർണായക സാന്നിധ്യമായ എച്ച്എല്‍എല്‍ ലൈഫ്കെയർ ലിമിറ്റഡ് എച്ച്എല്‍എല്‍ തങ്ങളുടെ പ്രവർത്തനങ്ങളുടെ അറുപതാം വാർഷികത്തിൽ എത്തിനിൽക്കുകയാണ്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എല്‍എല്‍. വജ്ര ജൂബിലി'യുടെ ഭാഗമായി എച്ച്എല്‍എല്‍ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു കഴിഞ്ഞു.
മാനസികാരോഗ്യം, പോഷകാഹാരം, ഡിജിറ്റൽ ഹെൽത്ത്, വെറ്ററിനറി സേവനങ്ങൾ തുടങ്ങിയ പുതിയ മേഖലകളിലേക്കാണ് എച്ച്എല്‍എല്‍ കടക്കുന്നത്.
പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ ചരിത്രമാണ് എച്ച്എല്‍എല്ലിനുള്ളത്. ജനസംഖ്യാ വർധനവ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ 1966 മാർച്ച് 1-നാണ് എച്ച്എല്‍എല്‍ സ്ഥാപിതമായത്.
ഇന്ന്, എച്ച്എല്‍എല്ലിന് എട്ട് അത്യാധുനിക നിർമ്മാണ യൂണിറ്റുകളും ഒരു കോർപ്പറേറ്റ് ആര്‍&ഡി സെന്ററുമുണ്ട്. ഇതുവരെ 55 ബില്യണിലധികം ഗർഭനിരോധന ഉറകൾ നിർമ്മിച്ച്, രാജ്യത്തിൻ്റെ മൊത്തം പ്രത്യുത്പാദന നിരക്ക് (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് - ടിഎഫ്ആര്‍) കുറയ്ക്കുന്നതിലൂടെ ജനസംഖ്യാ സ്ഥിരത ഉറപ്പാക്കാൻ എച്ച്എല്‍എല്‍ സഹായിച്ചു.
1990-കളിൽ ആശുപത്രി ഉത്പന്നങ്ങളുടെ മേഖലയിലേക്ക് കടന്ന എച്ച്എൽഎൽ, 2000-ത്തോടെ സ്ത്രീകളുടെ ആരോഗ്യ ഉത്പന്നങ്ങൾ നിർമ്മിക്കാനും തുടങ്ങി. മൂഡ്‌സ് കോണ്ടം, ബ്ലഡ് ബാഗ് എന്നിവയടക്കം 70-ലധികം ബ്രാൻഡുകൾ ഇന്ന് എച്ച്എൽഎൽ വിപണിയിലെത്തിക്കുന്നു.
2000-കളിൽ നിർമ്മാണം, സംഭരണം, കൺസൾട്ടൻസി, രോഗനിർണയം, ഫാർമ റീട്ടെയിൽ ബിസിനസ്സ് തുടങ്ങി നിരവധി സേവനമേഖലകളിലേക്ക് കടന്ന എച്ച്എല്‍എല്‍, ഈ രംഗങ്ങളിലെ ഇടപെടലുകളിലൂടെ നിരക്കുകൾ ഏകീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു വരുന്നു.
'അമൃത് ഫാർമസി' എന്ന സംരംഭത്തിലൂടെ, ജീവൻ രക്ഷാ മരുന്നുകളും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകാനും എച്ച്എല്‍എല്ലിന് സാധിച്ചു. താങ്ങാനാവുന്ന നിരക്കിൽ ആർത്തവ കപ്പുകളും സാനിറ്ററി നാപ്കിനുകളും ലഭ്യമാക്കിയതിലൂടെ എച്ച്എല്‍എല്‍ ആർത്തവ ആരോഗ്യരംഗത്തും മുന്‍നിരയിലെത്തി.