/sathyam/media/media_files/2025/01/31/n8HZXNmLZ73RrAHJBZdu.jpg)
തിരുവനന്തപുരം: ഓണച്ചെലവുകൾക്കായി സർക്കാരിന് കണ്ടെത്തേണ്ടത് 7500കോടി രൂപയാണ്. ശമ്പളം, പെൻഷൻ, ബത്തകൾ, അഡ്വാൻസ്, സാമൂഹ്യക്ഷേമ പെൻഷൻ, സമാശ്വാസ സഹായം, ഓണക്കിറ്റ് എന്നിവയ്ക്കായാണ് ഇത്രയും തുക വേണ്ടത്.
സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് 6000 കോടി അധികകടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ.
ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഡൽഹിയിൽ പോയി കേന്ദ്രമന്ത്രി നിർമ്മലാസീതാരാമനെ നേരിട്ട് കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
സർക്കാരുദ്യോഗസ്ഥരുടെ ശമ്പളം, പെൻഷൻ എന്നിവയ്ക്കായി 3500 കോടി വേണം. ഇതിനൊപ്പം ഉത്സവബത്ത, ഓണം അഡ്വാൻസ് എന്നിവ നൽകുന്നതിനായി ആയിരം കോടിയുടെ അധികചിലവുണ്ടാക്കും.
ഇക്കൊല്ലത്തെ ഉത്സവബത്ത എത്രയാണെന്ന് അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാവും. സാമൂഹ്യ ക്ഷേമ പെൻഷനുകൾ നൽകാനും കുടിശിക കൊടുക്കാനുമായി 3100 കോടി വേണ്ടിവരും.
പൂട്ടിക്കിടക്കുന്ന കമ്പനികളിലെ തൊഴിലാളികൾക്കുള്ള സമാശ്വാസ സഹായമായി 100 കോടി കണ്ടെത്തണം. ക്ഷേമപെൻഷനിൽ രണ്ട് ഗഡു കുടിശിക നൽകാനുണ്ട്. അതിൽ ഒരെണ്ണംകൂടി ഓണത്തിന് ക്ഷേമപെൻഷനൊപ്പം വിതരണം ചെയ്യണമെങ്കിൽ 1600 കോടി വേണ്ടിവരും.
കൂടാതെ സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്, 2750 രൂപ ഉൽസവബത്ത, ആയിരം രൂപ പെൻഷൻ ആശ്വാസം, 20000 രൂപ ഓണം അഡ്വാൻസ്, 6000 രൂപയുടെ കണ്ടിജൻസ് ജീവനക്കാർക്കുള്ള അലവൻസ് തുടങ്ങിയ ചെലവുകളുമുണ്ട്.
2500 കോടിയുടെ കടപ്പത്രമിറക്കിയും ക്ഷേമനിധി ബോർഡുകളിൽ നിന്ന് 1500കോടി വായ്പയെടുക്കാനുമാണ് സർക്കാർ ആലോചിക്കുന്നത്. ഡിസംബർ വരെ അനുവദിച്ച 29529 കോടി രൂപയുടെ വായ്പനുമതിയിൽ 17000 കോടിയും ഇതിനകം എടുത്തുതീർന്നു.
മുൻവർഷത്തെ കടമെടുപ്പ് പരിധി കണക്കാക്കിയപ്പോൾ വന്ന പിശക് തിരുത്താൻ 1877.57കോടി വായ്പയെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് വായ്പാനുമതി നൽകിയതുമില്ല.
വായ്പയുടേയും മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റേയും അനുപാതം 2020-21ലെ 38.47ശതമാനത്തിൽ നിന്ന് 34.13 ശതമാനമായി കുറഞ്ഞു. കേന്ദ്രവിഹിതം 44%ൽ നിന്ന് 25% ആയി കുറഞ്ഞു. സംസ്ഥാനത്തെ ചെലവിനുള്ള തുകയിൽ 75%ഉം കണ്ടെത്തുന്നത് തനത് വരുമാനത്തിൽ നിന്നാണ്.
കേരളത്തിന് നേരിട്ട് ഉത്തരവാദിത്വവുമില്ലാത്ത കാര്യങ്ങളുടെ പേരിൽ പിടിച്ചുവെച്ചിരിക്കുന്ന 6165,72 കോടി രൂപ തിരിച്ചുനൽകണമെന്നും ദേശീയപാത വികസനത്തിന്റെ പേരിൽ കേരളത്തിന് നൽകേണ്ടിവന്ന 6000 കോടി രൂപയുടെ അധികചെലവ് നികത്താൻ വായ്പയെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കണക്കാക്കിയതിന് പുറമെയും വൻ ചെലവുകൾ ഓണക്കാലത്ത് സർക്കാരിനെ കാത്തിരിപ്പുണ്ട്. ഓണാഘോഷവും ടൂറിസം പ്രൊമോഷനുമാണ് പ്രധാനം. ബി.പി.എൽ കാർഡുള്ളവർക്കെല്ലാം ഓണക്കിറ്റ് സൗജന്യമായി നൽകാനുണ്ട്.
കഴിഞ്ഞവർഷം സർക്കാർ ഓണാഘോഷ പരിപാടികൾക്കായി ചെലവിട്ടത് ആകെ 10 കോടി രൂപയായിരുന്നു. വൈദ്യുതി അലങ്കാരങ്ങൾക്കും മുഖ്യമന്ത്രി നൽകിയ ഓണസദ്യയ്ക്കുമടക്കം ചെലവായ തുകയാണിത്.
തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ വൈദ്യുതി അലങ്കാരങ്ങൾക്കും അനുബന്ധ ക്രമീകരണങ്ങൾക്കുമായി 2.79 കോടി രൂപ ചെലവിട്ടു.
മുഖ്യമന്ത്രി നടത്തിയ ഓണസദ്യയ്ക്ക് 19 ലക്ഷവും അതിനു ക്ഷണക്കത്തടിക്കാൻ 15,000 രൂപയും ചെലവായി. സംഘാടനം, വാഹനം, ഭക്ഷണം, കലാപ്രവർത്തകരുടെ പ്രതിഫലം എന്നിവയെല്ലാം ഉൾപ്പെടെ 3.19 കോടി രൂപയും ചെലവായി. ജില്ലാതല ആഘോഷങ്ങൾക്ക് 3.20 കോടി ചെലവിട്ടിരുന്നു. ഇത്തവണ ചെലവ് ഇതിലും കൂടുമെന്നാണ് വിലയിരുത്തൽ.