/sathyam/media/media_files/2025/08/15/pinarai-vijayan-rajendra-viswanath-arlekar-2-2025-08-15-21-18-55.jpg)
തിരുവനന്തപുരം: സർവകലാശാല വിഷയങ്ങളിൽ സർക്കാരും ഗവർണറും തമ്മിലുളള പോര് മുറുകുന്നതിനിടെ സ്വാതന്ത്ര്യദിനത്തിൽ ഗവർണർ ഒരുക്കിയ വിരുന്ന് ബഹിഷ്കരിച്ച് മന്ത്രിസഭ.
സ്ഥലത്ത് ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ, ക്ളിഫ് ഹൗസിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം അകലെയുളള രാജ് ഭവനിലേക്ക് പോയില്ല. മുഖ്യമന്ത്രി പോകാതിരുന്നതോടെ തലസ്ഥാനത്തുളള മന്ത്രിമാരും രാജ് ഭവനിൽ ഒരുക്കിയ 'അറ്റ് ഹോം' വിരുന്ന് ബഹിഷ്കരിച്ചു.
സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ളിക് ദിനത്തിലും ഗവർണർ രാജ് ഭവനിൽ വിരുന്ന് സംഘടിപ്പിക്കുക പതിവാണ്. സർക്കാർ ഖജനാവിൽ നിന്ന് പ്രത്യേകം പണം അനുവദിപ്പിച്ച് കൊണ്ടാണ് വിരുന്ന് സംഘടിപ്പിക്കുക.
മുഖ്യമന്ത്രിയേയും മന്ത്രിമാരെയും തലസ്ഥാനത്തുളള സേനാ വിഭാഗങ്ങളുടെ മേധാവികളെയും ചീഫ് സെക്രട്ടറി അടക്കമുളള ഉന്നത ഉദ്യോഗസ്ഥരെയും പൗരപ്രമുഖരേയും മാധ്യമ പ്രവർത്തകരെയും വിരുന്നിലേക്ക് ക്ഷണിക്കുന്നതും പതിവാണ്.
സംസ്ഥാനത്തിൻെറ ഭരണത്തലവൻ എന്ന നിലയിൽ ഗവർണർ സംഘടിപ്പിക്കുന്ന വിരുന്നിൽ നിന്ന് സാധാരണ മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിൽക്കാറില്ല. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരുന്ന കാലത്താണ് ചില വിരുന്നുകൾ മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചിട്ടുളളത്.
എന്നാൽ ആരിഫ് മുഹമ്മദ് ഖാൻെറ പകരക്കാരനായി വന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി സർക്കാർ നല്ല ബന്ധത്തിലായിരുന്നു. സർവകലാശാലാ വിഷയങ്ങളിൽ പരസ്പരം പോരടിച്ച് നിൽക്കുന്നതിനിടെ മുഖ്യമന്ത്രി രാജ് ഭവനിൽ എത്തി ഗവർണറെ കണ്ടിരുന്നു.
മുഖ്യമന്ത്രി നിർദ്ദേശിച്ചത് അനുസരിച്ച് പിന്നാലെ നിയമമന്ത്രി പി.രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും ഗവർണറെ കാണുകയും ചെയ്തിരുന്നു. ഇതുകൊണ്ടു തന്നെ ഗവർണറുടെ സ്വാതന്ത്ര്യദിന വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
മുഖ്യമന്ത്രിക്കും ഗവർണർക്കും ഇടയിൽ നിലനിന്നിരുന്ന വ്യക്തിപരമായ സൗഹൃദം കണക്കിലെടുത്തായിരുന്നു വിരുന്നിന് പോകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചത്.
മുഖ്യമന്ത്രിയുടെ എൺപതാം പിറന്നാൾ ദിനത്തിൽ പ്രോട്ടോക്കോൾ മറന്ന് ഗവർണർ ക്ളിഫ് ഹൗസിലെത്തി ആശംസകൾ കൈമാറിയിരുന്നു. വൈകുന്നേരം വരെയും മുഖ്യമന്ത്രി വിരുന്നിന് രാജ് ഭവനിലേക്ക് പോകുമെന്നായിരുന്നു പൊലീസ് വിഭാഗത്തിന് ലഭിച്ച അറിയിപ്പ്.
വിരുന്നിലെ സാഹചര്യം നോക്കി പോകുന്നതിൽ അന്തിമ തീരുമാനം എടുക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർക്കും ലഭിച്ച വിവരം. ഭാരതാംബ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന പോലുളള ചടങ്ങുകൾ ഉണ്ടാകുമോ എന്നതാണ് വിരുന്നിലെ സാഹചര്യം എന്നത് കൊണ്ട് അർത്ഥമാക്കിയതെന്നാണ് സൂചന.
ഭാരതാംബ ചിത്രം ഉണ്ടായിരുന്നത് കൊണ്ടാണോ അതോ സർവകലാശാല വിഷയങ്ങളിലുളള ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ചാണോ മുഖ്യമന്ത്രി വിരുന്ന് ബഹിഷ്കരിച്ചതെന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും മാത്രമാണ് വിരുന്നിന് എത്തിയത്.
സാങ്കേതിക-ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വി.സി നിയമനത്തിന് സർക്കാർ നൽകിയ പട്ടിക അവഗണിച്ചതിൽ സർക്കാരിന് ഗവർണറോട് അതൃപ്ചിയുണ്ടായിരുന്നു.
പട്ടിക അവഗണിച്ചതിന് പുറമേ സർക്കാർ ശക്തമായി എതിർക്കുന്നവരെ തന്നെ ഇരു സർവകലാശാലകളിലും വി.സിയായി നിയമിച്ചതിലും അതൃപ്തിയുണ്ടായിരുന്നു.
ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻെറ വിധിക്കെതിരെ സുപ്രിംകോടതിയിൽ അപ്പീൽ പോയതും സർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് സർക്കുലർ അയച്ചത്.
സർക്കുലറിനെതിരെ ആദ്യം മന്ത്രിമാരും പിന്നീട് മുഖ്യമന്ത്രി തന്നെയും ശക്തമായി രംഗത്ത് വന്നിരുന്നു. ഇതെല്ലാമാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗവർണർ രാജ് ഭവനിൽ സംഘടിപ്പിച്ച വിരുന്നിൽ നിന്ന് മന്ത്രിസഭ ഒന്നടങ്കം വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന.