/sathyam/media/media_files/2025/08/16/amit-shah-techincs-2025-08-16-14-38-49.jpg)
തിരുവനന്തപുരം: എട്ടുമാസം ശേഷിക്കുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് മുൻകൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് ബി.ജെ.പി. ഇരുപതിലേറെ സീറ്റുകളിൽ വിജയിക്കുകയാണ് ലക്ഷ്യം.
തിരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കളെ രംഗത്തിറക്കാൻ കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനായി വളരെ നേരത്തെ ഒരുക്കങ്ങൾ തുടങ്ങാനും പ്രമുഖ നേതാക്കളെ വിജയ സാധ്യതയേറിയ മണ്ഡലങ്ങളിൽ മത്സരിപ്പിക്കാനും സ്ഥാനാർത്ഥി നിർണ്ണയം കാലേകൂട്ടി നടത്താനുമാണ് തീരുമാനം.
ഇത്തവണ പ്രധാന പ്രതിപക്ഷമായും അടുത്ത തവണ ഭരണത്തിലെത്താനും ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുങ്ങുന്നത്. ഇതിനായി തന്ത്രപരമായ അടവുനയം പ്രയോഗിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ശോഭാസുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ തുടങ്ങിയവരെയെല്ലാം മത്സര രംഗത്തിറക്കും.
കുമ്മനം, കൃഷ്ണദാസ്, വി.മുരളീധരൻ തുടങ്ങിയവർ തിരുവനന്തപുരത്തും കെ.സുരേന്ദ്രൻ തൃശൂരിലും ശോഭാ സുരേന്ദ്രൻ ആലപ്പുഴയിലും മത്സരിച്ചേക്കും. തിരുവനന്തപുരത്ത് നേമം, വട്ടിയൂർകാവ്, കഴക്കൂട്ടം അടക്കം സീറ്റുകൾ പിടിക്കുകയാണ് ലക്ഷ്യം.
22ന് കൊച്ചിയിൽ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അധ്യക്ഷന്മാരുടേയും മോർച്ച ഭാരവാഹികളുടേയും യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഇതോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് അന്തിമരൂപമാവും.
"മാറാത്തത് ഇനി മാറും" എന്ന മുദ്രാവാക്യമാണ് ഉയർത്തിപ്പിടിക്കുക. വികസിത കേരളമാണ് ലക്ഷ്യമെന്നാണ് പാർട്ടി പ്രഖ്യാപനം. വോട്ടർമാരിൽ ഭൂരിഭാഗവും നിഷ്പക്ഷരായ യുവാക്കളായിരിക്കെ, വികസനം മുദ്രാവാക്യമാക്കിയാൽ നിഷ്‍പ്രയാസം ജയിച്ചുകയറാമെന്നതാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
ദേശീയപാത വികസനമടക്കം കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിച്ചായിരിക്കും ഈ വികസന പ്രചാരണം. കേന്ദ്രസഹായത്തോടെ കരകയറാൻ ബി.ജെ.പി ഭരണം മാത്രമാണ് പോംവഴിയെന്ന സന്ദേശമാണ് ഉയർത്തിപ്പിടിക്കുക.
2014ലെ പൊതു തിരഞ്ഞെടുപ്പിൽ 11% വോട്ട് ആയിരുന്നത് 2019 ൽ 16 %വും 2024 ൽ 20%വും ആക്കി വർദ്ധിപ്പിക്കാനായി. തദ്ദേശ തിരഞ്ഞെടുപ്പിൽ 21000 വാർഡുകളിൽ മത്സരിക്കുന്നതിലൂടെ വോട്ട് വിഹിതം 25ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.
അങ്ങനെയെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ 30 ശതമാനത്തിൽ കൂടുതൽ വോട്ട് വിഹിതവുമായി മുന്നേറാമെന്നതാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം പിടിക്കുന്നത് സംസ്ഥാന ഭരണത്തിലേക്കുള്ള ആദ്യചുവടാണെന്നാണ് കേന്ദ്രമന്ത്രി അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിക്കുന്നത്. പത്ത് നഗരസഭകളിലെങ്കിലും ഭരണം പിടിക്കണമെന്നാണ് നിർദ്ദേശം.
അതേസമയം, കണക്കുകൾ ബിജെപിക്ക് അനുകൂലമാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം അടക്കം 9 മണ്ഡലങ്ങളിലാണ് ബി.ജെ.പി രണ്ടാമതെത്തിയത്.
2016ൽ രണ്ടാമതെത്തിയ 7 മണ്ഡലങ്ങളില്‍ ഗണ്യമായി വോട്ടുകൂടി. വട്ടിയൂർകാവ്, കഴക്കൂട്ടം, ചാത്തന്നൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാമതെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയാണ് ഒന്നാം സ്ഥാനത്ത്.
8 മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിൽ വിജയിക്കാമെന്ന പ്രതീക്ഷയ്ക്ക് അടിസ്ഥാനം.