സ്വാതന്ത്ര്യദിന വിരുന്നിന് താൻ വിളിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും വരാത്തതിൽ ഗവർണർക്ക് കടുത്ത അതൃപ്തി. ഉടക്ക് തുടരുന്ന സാഹചര്യത്തിൽ ഗവർണറുടെ വിരുന്നിന് പ്രസക്തിയില്ലെന്ന് സർക്കാർ. യൂണിവേഴ്സിറ്റി വി.സി നിയമനങ്ങളിലടക്കം നിലപാട് കടുപ്പിക്കാൻ ഗവർണർ. സർക്കാരിന്റെ ഓണാഘോഷത്തിന് ഗവർണറെ വിളിച്ചേക്കില്ല. വി.സി നിയമനത്തിനുള്ള ഓർഡിനൻസിൽ ഗവർണറും ഒപ്പിടില്ല. ഗവർണർ-സർക്കാർ പോര് ഇനിയും കടുക്കും

കേരളത്തിലെ സർവകലാശാലകളിലും ക്യാമ്പസുകളിലും വിഭജന ഭീതി ദിനം ആചരിക്കാനുള്ള സർക്കുലറിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

New Update
pinarai vijayan rajendra viswanath arlekar-2
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ രാജ്ഭവനിൽ താൻ നടത്തിയ വിരുന്ന് സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാത്തതിൽ ഗവർണർ ആർ.വി ആർലേക്കർ അതൃപ്തി പരസ്യമാക്കിയതോടെ ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത കൂടുതൽ ശക്തമായി.


Advertisment

യൂണിവേഴ്സിറ്റികളിലെ വി.സി നിയമനങ്ങളിലടക്കം ഗവർണറും സർക്കാരും തമ്മിൽ കടുത്ത പോരിലാണ്. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവിവാദത്തിൽ കേരള യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാറുടെ സസ്പെൻഷനിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗവർണർ ഇടപെട്ടില്ല.


വി.സി നിയമനങ്ങളിൽ ഒരു അനുനയത്തിനും ഗവർണർ തയ്യാറായില്ല. ഇതിനു പിന്നാലെയാണ് ഗവർണറുടെ സത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചത്.

ഉന്നത വിദ്യാഭ്യാസ രംഗത്തടക്കം ഗവർണർ പല വിഷയത്തിലും കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ ചടങ്ങിന് പ്രസക്തിയില്ലെന്ന നിലപാടാണ് സർക്കാരിന്. മുഖ്യമന്ത്രി തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും പങ്കെടുത്തില്ല.


13 മന്ത്രിമാരെ മറ്റ് ജില്ലകളിൽ സ്വാതന്ത്ര്യദിനാഘോഷത്തിനായി നിയോഗിച്ചിരുന്നു. പ്രതിപക്ഷ നേതാവിനും സ്പീക്കറിനും എം.പി-എം.എൽ.എമാർക്കും ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല. 


അതേസമയം ചീഫ്സെക്രട്ടറി ഡോ.എ.ജയതിലകും ഡിജിപി റവാഡ ചന്ദ്രശേഖറും ധനകാര്യ സെക്രട്ടറി കെ.ആർ.ജ്യോതിലാലും സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

വി.സിമാരായ ഡോ.മോഹനൻ കുന്നുമ്മേൽ, സിസാതോമസ്, കെ.ശിവപ്രസാദ്, എ.ബിജുകുമാർ, കെ.കെ.സാജു എന്നിവരും പങ്കെടുത്തു.

മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, സ്വാതന്ത്ര്യ സമര സേനാനികളായ എസ് ബാലകൃഷ്ണൻ നായർ, പി തങ്കപ്പൻ പിള്ള, കെ രാഘവൻ നാടാർ, സംഗീതജ്ഞ ഡോ.ഓമനക്കുട്ടി, കര-നാവിക-വ്യോമ സേനാ ഉന്നതോദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവരടക്കം അഞ്ഞൂറിലേറെപ്പേർ ചടങ്ങിനെത്തി.

കേരളത്തിലെ സർവകലാശാലകളിലും ക്യാമ്പസുകളിലും വിഭജന ഭീതി ദിനം ആചരിക്കാനുള്ള സർക്കുലറിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.


ഒരു ക്യാമ്പസിലും ഗവർണർ നിർദ്ദേശിച്ച ദിനാചരണം നടത്തരുതെന്ന് മന്ത്രി ആർ.ബിന്ദു രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. യൂണിവേഴ്സിറ്റികളിൽ ഗവർണർ നിയമിച്ച വി.സിമാരെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർക്കാരും സിൻഡിക്കേറ്റുകളും.


ഇരുവിഭാഗവും അനുനയത്തിനില്ലെന്ന് വ്യക്തമാക്കുമ്പോൾ ഇതിന്റെ തുടർച്ച എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി നിയമനത്തിന് കൊണ്ടുവന്ന ഓർഡിനൻസ് ഗവർണറുടെ പക്കലുണ്ട്. ഇതിൽ ഒപ്പിടില്ലെന്ന വ്യക്തമായ സൂചന ഗവർണർ നൽകിക്കഴിഞ്ഞു.

സ്വാതന്ത്ര്യദിന സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ലെങ്കിലും ചെലവിനായി 15 ലക്ഷം അനുവദിച്ചിരുന്നു. ചെലവുചുരുക്കൽ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയാണ് ധനവകുപ്പ് ഹോസ്പിറ്റാലിറ്റി ചെലവുകൾ എന്ന ശീർഷകത്തിൽ 15 ലക്ഷം രൂപ അനുവദിച്ചത്.


ബജറ്റിലെ വകയിരുത്തലിന് പുറമെയുള്ള അധിക വിഹിതം എന്ന ഇനത്തിലാണ് ഈ തുക അനുവദിച്ചത്. സർക്കാരിന്റെ ഓണാഘോഷത്തിന് ഗവർണറെ ക്ഷണിക്കുമോയെന്ന് വ്യക്തമല്ല.


തിരുവനന്തപുരത്ത് പത്തു കോടിയിലേറെ രൂപ ചെലവിട്ടാണ് സർക്കാരിന്റെ ഓണാഘോഷം. സർക്കാരുമായി ഉടക്കിലായിരുന്ന മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ ഓണാഘോഷത്തിന് ക്ഷണിച്ചിരുന്നില്ല.

Advertisment