/sathyam/media/media_files/KTJVKufLnxOuZuU8bCge.jpg)
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരായ അന്വേഷണത്തിനിടെ മറ്റ് മുതിർന്ന പോലീസുദ്യോഗസ്ഥരെയും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെയും കുരുക്കാനും അജിത്ത് ശ്രമിച്ചു.
വിജിലൻസിന് അജിത് നൽകിയ മൊഴി പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വെളിവായത്. തന്നെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി കസേരയിൽ നിന്ന് തെറിപ്പിക്കാൻ പി.വി അൻവറിനൊപ്പം പോലീസിലെ ഉന്നതരും സംഘടനാ നേതാക്കളും ഒത്തുകളിച്ചെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് അജിത്തിന്റെ ആരോപണം.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അജിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. അജിത്തിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരെയും സംഘടനാ നേതാക്കൾക്കെതിരെയും അന്വേഷണത്തിന് ഉത്തരവിടാനിടയുണ്ട്.
അല്ലെങ്കിൽ ഇക്കാര്യമുന്നയിച്ച് അജിത്തിന് കോടതിയെ സമീപിക്കുകയുമാവാം. ഇതോടെ അജിത്തിനെതിരായ സ്വത്ത് സമ്പാദനക്കേസ് വേറെ ദിശയിലേക്ക് വഴിതിരിയാൻ സാദ്ധ്യതയേറുകയാണ്.
തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ക്രമസമാധാന ചുമതലയിൽ നിന്ന് തെറിപ്പിക്കാനുള്ള ഉന്നത പൊലീസുദ്യോഗസ്ഥരുടെയും പൊലീസ് സംഘടനാ നേതാക്കളുടെയും പി.വി.അൻവറിന്റെയുമടക്കം ഗൂഢാലോചനയാണെന്ന അജിത്തിന്റെ മൊഴി ഗൗരവതരമാണ്.
അൻവറിന്റെ നിയമവിരുദ്ധമായ കാര്യങ്ങൾ അംഗീകരിക്കാത്തതിലെ വൈരാഗ്യമായിരുന്നു കാരണം. വ്യാജ ആരോപണം ഉന്നയിച്ച് സർക്കാരിന് തന്നെ അനഭിമതനാക്കി.
തന്നെ തെറിപ്പിക്കാൻ അൻവർ ദേശദ്രോഹ പ്രവർത്തനം നടത്തുന്ന വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പോലീസിൽ തന്നോട് വിരോധമുള്ള ഉദ്യോഗസ്ഥരുടെയും സംഘടനാ നേതാക്കളുടെയും ഒത്താശയോടെ വ്യാജ ആരോപണങ്ങളുന്നയിച്ചു.
ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം തടയാനും ഭാവിയിൽ സുപ്രധാന തസ്തികകളിൽ നിയമനം കിട്ടാതിരിക്കാനും കൂടിയിയാരിന്നു ഇത്.
പി.വി.അൻവർ ഉന്നയിച്ച മരംമുറി ആരോപണവുമായി തനിക്ക് ബന്ധമില്ല. തേക്കുമരം മുറിച്ച് ഫർണിച്ചറുണ്ടാക്കി കൊണ്ടുപോയെന്ന ആരോപണവും വ്യാജം. മറുനാടൻ മലയാളിയിലെ ഷാജൻ സ്കറിയയ്ക്കെതിരായ കേസിൽ ഐ.ടി ആക്ടിലെ 66എഫ് വകുപ്പ് ചുമത്താൻ അൻവർ ആവശ്യപ്പെട്ടിരുന്നു. അൻവറിന്റെ നിയമപരമല്ലാത്ത ഈ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥൻ നിരാകരിച്ചിരുന്നു.
ക്രമസമാധാന എഡിജിപി ചുമതലയിലിരിക്കെ തന്നോട് ആവശ്യപ്പെട്ടിട്ടും നടക്കാത്തതിലെ വിരോധം കാരണമാണ് അൻവർ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത്.
കോണ്ടൂർ ഡഫോഡിൽസിലെ ഫ്ലാറ്റ് വാങ്ങിയത് 2009ലാണ്. ഡിസംബറിൽ ബിൽഡറുമായി കരാറുണ്ടാക്കി. 2010മേയിൽ എസ്.ബി.ഐയിൽ നിന്ന് 25ലക്ഷം രൂപ ഭവന വായ്പയെടുത്തു.
ത്രികക്ഷി കരാർ പ്രകാരം മേയിൽ തന്നെ തുക കോണ്ടൂർ ബിൽഡേഴ്സിന് നൽകി. 6 ലക്ഷം രൂപ സ്വകാര്യ നിക്ഷേപത്തിൽ നിന്ന് നൽകിയാണ് ഫ്ലാറ്റ് വാങ്ങിയത്. എല്ലാ പണമിടപാടും ബാങ്ക് വഴിയാണ് നടത്തിയത്. പണം നൽകിയതും ബാങ്കിൽ നിന്ന് പിൻവലിച്ചാണ്.
2016ൽ ഫ്ലാറ്റ് വിൽപ്പന നടത്തുന്നതു വരെ എസ്.ബി.ഐയിൽ വായ്പയുടെ തിരിച്ചടവ് അടച്ചിരുന്നു. രണ്ട് തവണകളായി 65ലക്ഷം രൂപ നൽകിയാണ് ഒരു വനിത ഫ്ലാറ്റ് വാങ്ങിയത്. 33,90,250 രൂപ നൽകിയാണ് ഫ്ലാറ്റ് വാങ്ങിയത്.
2009ൽ ഫ്ലാറ്റ് വാങ്ങാൻ കരാറുണ്ടാക്കിയെങ്കിലും ബിൽഡർ വിദേശത്തായിരുന്നതിനാൽ 2012ലാണ് എല്ലാ ഫ്ലാറ്റുടമകൾക്കും അവരുടെ പേരിൽ ഉടമസ്ഥാവകാശം നൽകിയത്. സുതാര്യമായും ചട്ടപ്രകാരവും ബാങ്ക് വായ്പയെടുത്ത് വാങ്ങിയ ഫ്ലാറ്റാണ് ഏഴു വർഷത്തിനു ശേഷം വിറ്റത്.
34 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റിൽ പലപ്പോഴായി 8 ലക്ഷത്തിന്റെ ഫർണിഷിംഗും 3 ലക്ഷം മുടക്കി കാർ പാർക്കിംഗുമുണ്ടാക്കി. മൂന്നു ലക്ഷം രൂപ ഫ്ലാറ്റ് അസോസിയേഷനും നൽകി. ആറു വർഷം കൊണ്ട് 17 ലക്ഷം രൂപയോളം വായ്പയ്ക്ക് പലിശയടച്ചു.
ആകെ 65 ലക്ഷം രൂപ ഫ്ലാറ്റിൽ ചെലവായി. മുടക്കിയ പണമല്ലാതെ കാര്യമായ ലാഭം കിട്ടിയിട്ടില്ല. വാടകയ്ക്ക് നൽകിയിരുന്നെങ്കിൽ ഇക്കാലയളവിൽ 15 ലക്ഷമെങ്കിലും കിട്ടുമായിരുന്നു. വിൽക്കുമ്പോൾ ഫ്ലാറ്റിന് 90 ലക്ഷം രൂപ മതിപ്പുവിലയുണ്ടായിരുന്നു.
കവടിയാറിൽ 8 സെന്റ് സ്ഥലം ഭാര്യ ഉഷയുടെ പേരിൽ 2005 ജൂണിൽ 12 ലക്ഷം നൽകി വാങ്ങിയതാണ്. 2009ൽ അതിനോട് ചേർന്നുള്ള ഒന്നരസെന്റ് സ്ഥലം 2.2 ലക്ഷത്തിന് വാങ്ങി.
അന്നത്തെ ഭൂമിവിലയനുസരിച്ച് ബാങ്ക് വഴിയാണ് പണം നൽകിയത്. ഭാര്യാപിതാവ് ഭാര്യയ്ക്ക് നൽകിയ പണമുപയോഗിച്ചാണ് ഭൂമിവാങ്ങിയത്. ഇതിൽ തന്റെ പണമില്ല.
ഭാര്യാപിതാവ് 2010ൽ അദ്ദേഹത്തിന്റെ പേരിൽ 12 സെന്റ് സ്ഥലവും ഇതിനടുത്ത് വാങ്ങി. ഇത് 2022ൽ ഭാര്യയ്ക്ക് എഴുതിനൽകി. വീടുനിർമ്മാണത്തിന് എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി വായ്പയെടുത്തു. 2024ൽ നിർമ്മാണം തുടങ്ങി.
ഭാരതീയ ന്യായസംഹിത പ്രാബല്യത്തിലായ ശേഷം മലപ്പുറത്തെ സ്വർണക്കടത്തുകാർക്കെതിരേ തീവ്രവാദക്കുറ്റം ചുമത്തി കേസെടുത്തു. ഇതിനെതിരേ പി.വി.അൻവർ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി പൊലീസിൽ സമ്മർദ്ദം ചെലുത്തി. എന്നാൽ ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസും മുതിർന്ന പൊലീസുദ്യോഗസ്ഥരും വഴങ്ങിയില്ല.
ചില ഉന്നത ഉദ്യോഗസ്ഥരെയും കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) ഭാരവാഹികളെയും ഉപയോഗിച്ച് ആരോപണമുന്നയിച്ച് സർക്കാരിൽ സമ്മർദ്ദം ചെലുത്തി പുറത്താക്കാൻ ശ്രമിച്ചു.
തനിക്കെതിരേ ഉന്നയിച്ച വ്യാജ ആരോപണങ്ങളും രേഖകളും അൻവറിന് നൽകിയത് പൊലീസ് വകുപ്പിനുള്ളിൽ നിന്നാണെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം.
തന്റെയും ഭാര്യയുടെയും ബന്ധുക്കൾക്കാർക്കും ദുബായിൽ ജോലിയോ ബിസിനസേയില്ല. തനിക്ക് ദുബായിൽ ഒരു ബിസിനസിലും നിക്ഷേപമില്ല. 2024മേയിൽ സിംഗപ്പൂരിൽ പോയത് സ്വന്തം പണമുപയോഗിച്ചാണ്- അജിത്ത് വ്യക്തമാക്കി.