ഇടത് ഭരണമോ ഇടനില ഭരണമോ ! അവതാരങ്ങള സൂക്ഷിക്കണമെന്ന പിണറായി വചനം വെള്ളത്തിൽ വരച്ച വര.  ഇടത് ഭരണത്തിൽ ഇടനിലക്കാർ പൂണ്ട് വിളയാടുന്നു

New Update
pinarai vijayan secreteriate
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ എല്ലാ കാലത്തും ഇടനിലക്കാർ അഥവാ ദല്ലാളന്മാർ അധികാരത്തിൻ്റെ ഇടനാഴികളിൽ  ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം. കമ്യൂണിസ്റ്റ് ഭരണത്തിലും പവർ ബ്രോക്കറന്മാരായ ഇത്തിൾക്കണ്ണികൾ നിർണായക സ്വാധീനം ചെലുത്തിയിരുന്നു.


Advertisment

ഇത്തരക്കാർക്ക് ''അവതാരങ്ങൾ ' എന്ന വിശേഷണമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരുന്നത്. അവതാരങ്ങളെ സൂക്ഷിക്കണം എന്ന പിണറായി വചനം  സി.പി.എമ്മിൽ പക്ഷേ വെള്ളത്തിൽ വരച്ച വരയായി.


അവതാരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും അധികാര കേന്ദ്രങ്ങളിലെ തൂണിലും തുരുമ്പിലും പൂണ്ട് വിളയാടുകയാണ്. നിലവിൽ ഏറ്റവും അവസാനത്തെ അവതാരമായി കടന്നു വന്ന രാജേഷ് കൃഷ്ണയെന്ന പ്രവാസിയാണ്  സി.പി.എമ്മിനെ കാർന്ന് തിന്നുന്ന കാൻസറായി മാറുന്നത്.

sivasankaran

പിണറായി ഭരണത്തിൽ അദ്ദേഹത്തിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ എന്ന സർവശക്തനായ അവതാരം മുതൽ ഏറ്റവും ഒടുവിൽ രംഗപ്രവേശം ചെയ്ത രാജേഷ് കൃഷ്ണ വരെ നീളുന്ന നീളുന്നതാണ് അവതാര - അപരാധികളുടെ പട്ടിക.


തൻ്റെ ഭരണകാലത്ത് അവതാരങ്ങളെ അകറ്റി നിർത്തുമെന്ന് പ്രഖ്യാപിച്ച പിണറായി വിജയൻ തന്നെ അവതാരങ്ങളുടെ സംരക്ഷകനും, പ്രായോജകനുമായി മാറുന്നതാണ് കേരളം കണ്ടത്. മഹാവിഷ്ണുവിന് ദശാവതാരങ്ങളാണെങ്കിൽ പിണറായി വിജയൻ്റെ ഭരണകാലത്ത് ഇതുവരെ പതിമൂന്ന് അവതാരങ്ങളാണ് പിറവിയെടുത്തത്. 


rajesh krishna

എം ശിവശങ്കറിൽ തുടങ്ങുന്ന പട്ടികയിൽ സി.എം രവീന്ദ്രൻ, സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ, അരുൺ ബാലചന്ദ്രൻ, ഷിജു എം.വർഗീസ്  (ആഴക്കടക്കൽ ഇടപാട്), സൂസൻ വോൺ സൂരി തോമസ് (ഇ- ബസ് ഇടപാട്), എം.ആർ അജിത് കുമാർ (എ.ഡി.ജി.പി), ഇബ്രാഹിം, ഷാജ് കിരൺ, അനിത പുല്ലയിൽ, രാജേഷ് കൃഷ്ണ (ലണ്ടൻ) എന്നിവരാണ് ഇതുവരെ ഉൾപ്പെട്ടിരിക്കുന്നത്.

ഒമ്പത് വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2016 മെയ് 24ന് തിരുവനന്തപുരത്ത് കേസരി മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ രാഷ്ട്രീയ കേരളം അതീവ ശ്രദ്ധയോടെയാണ് കേട്ടത്.

swapna suresh newww.jpg


“എന്റെ പേരും പറഞ്ഞ് പലരും രംഗത്ത് വരും, അത്തരം അവതാരങ്ങളെ സൂക്ഷിക്കണം. പേഴ്സണൽ സ്റ്റാഫടക്കം കാര്യക്ഷമതയും സത്യസന്ധരുമായ ആൾക്കാരെ മാത്രമേ, സർക്കാരിന്റെ ഭാഗമാക്കുകയുള്ളൂ. നേതൃതലത്തിലായാലും ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ല. ഇത്തരം ആളുകളെ സർക്കാരിൽ നിന്നും അകറ്റിനിർത്തും”- ഇങ്ങനെയായിരുന്നു പിണറായിയുടെ വാഗ്ദാനം.


ഈ ബഡായി പറച്ചിൽ ചീട്ട് കൊട്ടാരം പോലെ തകരുന്നതാണ് പിന്നീട് കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അവതാരങ്ങളുടെ വിഹാര രംഗമായി മാറി. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനൽ മറയാക്കി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഐ.എ.എസിൻ്റെ നേതൃത്വത്തിൽ സ്വർണക്കടത്ത് ആരോപണം ഉയരുകയും അദ്ദേഹത്തെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യുകയുമുണ്ടായി.  

sarith

ശിവശങ്കറിന് കൂട്ടായി യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരായ സ്വപ്ന സുരേഷും മറ്റുള്ളവരുമുണ്ടായിരുന്നു. ശിവശങ്കറും സ്വപ്നയും ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കിടന്നെങ്കിലും മുഖ്യമന്ത്രിക്ക് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല. ആപത് ബാന്ധവനായി സാക്ഷാൽ നരേന്ദ്ര മോദി അവതരിച്ച് ദുഷ്ട ശക്തികളിൽ നിന്ന് പിണറായിയെ കാത്ത് രക്ഷിച്ചുവെന്നതാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം.


സ്പ്രിംഗ്ലർ, ഇ- ബസ് ഇടപാട്, കോവിഡ് കൊള്ള, ലോക കേരള സഭ, ഊരാളുങ്കൽ എന്നു വേണ്ട ഒട്ടേറെ അവതാരങ്ങൾ  പറന്നു നടന്ന ഒരു പാട് സംഭവങ്ങൾക്കാണ് കേരളം സാക്ഷിയായത്.  പക്ഷേ അവയെല്ലാം 2021 ലെ ഭരണത്തുടർച്ച കൊണ്ട് സിമൻ്റിട്ട് മൂടിവെക്കാൻ കഴിഞ്ഞു.


sandeep nair

സി.പി.എം നേതാക്കൾ അവതാരങ്ങളെ ഇടനില നിർത്തി അധികാരത്തണലിൽ പണം വാരി കൂട്ടിയെന്ന അക്ഷേപത്തിന് ശക്തി പകരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന വിവരങ്ങളിൽ നിന്നും മനസിലാവുന്നത്. ഭരണക്കാർക്ക് തണലായി എന്തിനുമേതിനും സംരക്ഷണവലയമായി ഒരു പറ്റം ഉദ്യോഗസ്ഥരുമുണ്ടായിരുന്നുവെന്ന യാഥാർത്ഥ്യവും പുറത്ത് വന്നിരുന്നു. 

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം ഏബ്രഹാം എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും ആരോപണങ്ങളുടെ പെരുമഴയയിൽപ്പെട്ട് നിൽക്കയാണ്. 

arun balachandran


സൂപ്പർ ധനകാര്യ മന്ത്രിയെന്ന വിശേഷണമുള്ള ഇദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിൻ്റെ പേരിൽ ഹൈക്കോടതിയിൽ നിന്ന് അതീവ ഗുരുതരമായ നിരീക്ഷണങ്ങളും കണ്ടെത്തലും ഉണ്ടായി. പക്ഷേ അദ്ദേഹമിപ്പോഴും പിണറായിയുടെ വലത് ഭാഗത്ത് സസുഖം വാഴുകയാണ്. '


കെ എം ഏബ്രഹാമിനെ പ്പോലെ പിണറായി ഭരണത്തിലെ 'ബങ്കർ  ബസ്റ്റർ ബോംബ്' എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന പോലീസ് ഉദ്യോഗ സ്ഥനാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാർ.

mr ajith kumar 1

ഒന്നാം പിണറായി ഭരണത്തിൽ ഈ റോൾ വഹിച്ചത് അന്നത്തെ ഡി.ജി.പിയായിരുന്ന സാക്ഷാൽ ലോക് നാഥ് ബഹ്റയായിരുന്നുവെന്നും അടുത്തൂൺ പറ്റിയിട്ടും ആശ്രിത വത്സലനായ പിണറായി ഇദ്ദേഹത്തെ കൊച്ചി മെട്രോയുടെ തലവനായി നിലനിർത്തുകയായിരുന്നുവെന്നും ഇപ്പോഴും ആരോപിക്കപ്പെടുന്നു. 

രണ്ടാം പിണറായി ഭരണത്തിൽ രാജ്യവും ശക്തിയും മഹത്വവും കൈവെള്ളയിലിട്ട് അമ്മാനമാടുന്ന പോലീസ് ഉദ്യോഗസ്ഥനാണ് അജിത് കുമാറെന്നാണ് പുറത്ത് വന്ന വസ്തുതകളിൽ നിന്ന് വെളിപ്പെടുന്നത്.


തൃശൂർ പൂരം കലക്കൽ, ആർ.എസ്. എസ് നേതാക്കളെ സന്ദർശിക്കൽ, സ്വർണക്കടത്തും സ്വർണം പൊട്ടിക്കലും, മലപ്പുറം  പോലീസ് ജില്ലാ കേന്ദ്രത്തിലെ തടി വെട്ടി വിൽക്കൽ, കവടിയാറിലെ കൊട്ടാര സമാനമായ സൗധ നിർമാണം, ശബരിമല ട്രാക്റ്റർ യാത്ര ഒടുവിലിതാ അനധികൃത സ്വത്ത് സമ്പാദന ക്കേസിൽ വിജിലൻസ്  കോടതിയിൽ നിന്ന് കനത്ത തിരിച്ചടി വാങ്ങി പരിഹാസ്യനായി നിൽക്കയാണ് ഇദ്ദേഹം.


ലക്ഷണമൊത്ത ഒന്നാന്തരം  അവതാരമായിട്ടും പിണറായി വിജയൻ്റെ സംരക്ഷണമുളളതു കൊണ്ട് അദ്ദേഹത്തിന് എന്നും വെച്ചടി വെച്ചടി കേറ്റമാണെന്ന പരിഹാസവും പ്രതിപക്ഷം പങ്കുവെയ്ക്കുന്നു.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എ.ഡി.ജി.പി അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. 

കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി. അജിത് കുമാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി അദൃശ്യ ശക്തിയായി ഇടപെട്ടു വെന്നാണ് കോടതി പറഞ്ഞത്.


അവതാരങ്ങളുടെ കാലിൽ കല്ലു തട്ടാതിരിക്കാൻ അധികാര കേന്ദ്രങ്ങൾ അയൺ ഡോമായി മാറി എന്ന് സാരം. പിണറായി ഭരണകാലത്ത് അവതാരങ്ങൾ താണ്ഡവമാടുകയാണെന്ന് പ്രതിപക്ഷം മാത്രമല്ല ആക്ഷേപം ഉന്നയിച്ചത്. ഇടത് മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി പി.ഐയുടെ നേതാവ് പന്ന്യൻ രവീന്ദ്രൻ തന്നെ ഭരണ സിരാ കേന്ദ്രങ്ങളിൽ  അവതാരങ്ങൾ വിലസുകയാണെന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു. 


'സർക്കാരിനെ ചുറ്റിപ്പറ്റി അവതാരങ്ങളുണ്ടെന്നും അവരാണു പലതും തീരുമാനിക്കുന്നതെന്നും സി പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ  പന്ന്യൻ രവീന്ദ്രൻ 2017 ജനുവരി 26 ന് സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റ പൊതുയോഗത്തിൽ തുറന്നടിച്ചിരുന്നു.

ഇടത് ഭരണത്തിൽ  അവതാര സാന്നിധ്യം സർവവ്യാപിയാണെന്ന് ഘടക കക്ഷികൾ തന്നെ ഇത്തരത്തിൽ സമ്മതിക്കുമ്പോഴും അവതാരങ്ങളെ അകറ്റണമെന്ന് പറഞ്ഞ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി ഇപ്പോഴും പഴയ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

Advertisment