മൂന്നാം തുടര്‍ഭരണത്തിന് തയ്യാറെടുക്കവേ സിപിഎം സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടിയുടെ ഉരുക്ക് മറകള്‍ ഭേദിച്ച് വാര്‍ത്തകള്‍ ചോരുന്നത് പതിവ്. എംവി ഗോവിന്ദനെതിരെയും പടയൊരുക്കം. ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ പരാതി ചോരുന്നത് സിപിഎം ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തത്

സി.പി.എം സംസ്ഥാന ഘടകത്തിനകത്ത് ഉരുണ്ട് കൂടുന്ന പ്രശ്നങ്ങൾ എത്രകണ്ട് രൂക്ഷമാണെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. പാർട്ടിയുടെ സമീപകാല ചരിത്രത്തിൽ ഒന്നും ഇല്ലാത്ത തരത്തിലുളള കാര്യങ്ങളാണ് അധികാര വടംവലിയുടെ ഭാഗമായി സി.പി.എമ്മിൽ നടക്കുന്നത്.

New Update
ma baby pinarai vijayan mv govindan
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: നിർണായകമായ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സി.പി.എം സംസ്ഥാന ഘടകത്തിൽ നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. ഇതുവരെ പാർട്ടി ഘടകങ്ങൾക്ക് അകത്ത് മാത്രം നടന്നിരുന്ന പോര് ഇപ്പോൾ പരസ്യമാകുന്നതിൻെറ ലക്ഷണങ്ങളാണ് പുറത്ത് വരുന്നത്.


Advertisment

സമീപകാലത്ത് സി.പി.എം സംസ്ഥാന സമിതിയിൽ നിന്ന് പുറത്തുവന്ന വാർത്തകൾ പലതും ഇതിൻെറ നേർസാക്ഷ്യങ്ങളാണ്. പൊളിറ്റ് ബ്യൂറോ അംഗത്തിന് നൽകിയ കത്ത് ചോർന്ന് കോടതിയിൽ എത്തിയതിനെതിരെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ മകനെ പ്രതിക്കൂട്ടിലാക്കി കൊണ്ട് നൽകിയ പരാതി പുറത്തുവന്നതാണ് ഇതിൻെറ ഏറ്റവും പുതിയ തെളിവ്.


കത്ത് ചോ‍ർച്ചക്ക് എതിരെ സി.പി.എം ജനറൽ സെക്രട്ടറിക്ക് പരാതി നൽകിയിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും മാനനഷ്ടകേസിൻെറ വിവരങ്ങൾക്കൊപ്പമാണ് അതും പുറത്തുവന്നത്. സംസ്ഥാന നേതൃത്വത്തോട് അതൃപ്തിയുളള ഒരു വിഭാഗമാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ മകനെ സംശയത്തിൽ നിർത്തുന്ന പരാതി പുറത്തെത്തിച്ചത്.

എന്നാൽ എതിരാളികൾക്കെതിരെ സംസ്ഥാന സമിതിയിലും മറ്റും നടന്ന നീക്കത്തിനുളള മറുപടിയാണ് ഇതെന്നാണ് സൂചന. നേരത്തെ പയ്യന്നൂരിലെ ജ്യോതിഷി കണ്ടത് സംബന്ധിച്ച വിമർശനം വന്നതും എം.വി.ഗോവിന്ദനെ കൂടി ലക്ഷ്യം വെച്ചായിരുന്നു. ഗോവിന്ദനൊപ്പം മറ്റൊരു പ്രധാന നേതാവ് കൂടി വിമർശകൻെറ ഉന്നമായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന.

സി.പി.എം സംസ്ഥാന ഘടകത്തിനകത്ത് ഉരുണ്ട് കൂടുന്ന പ്രശ്നങ്ങൾ എത്രകണ്ട് രൂക്ഷമാണെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. പാർട്ടിയുടെ സമീപകാല ചരിത്രത്തിൽ ഒന്നും ഇല്ലാത്ത തരത്തിലുളള കാര്യങ്ങളാണ് അധികാര വടംവലിയുടെ ഭാഗമായി സി.പി.എമ്മിൽ നടക്കുന്നത്.


മധുര പാർട്ടി കോൺഗ്രസിൻെറ പ്രതിനിധി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ബ്രിട്ടനിലെ പാർട്ടി ഘടകത്തിലെ അംഗം രാജേഷ് കൃഷ്ണയാണ് പുതിയ വിവാദത്തിൻെറ കേന്ദ്രബിന്ദു. പാർട്ടി കോൺഗ്രസിൻെറ പ്രതിനിധി സമ്മേളനത്തിൻെറ തൊട്ടുതലേന്നാണ് രാജേഷ് കൃഷ്ണയെ പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്ന തീരുമാനമെടുത്തത്.


സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട നടപടികൾ ആലോചിക്കാൻ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗമാണ് ബ്രിട്ടനിൽ നിന്നുളള പ്രതിനിധിയായി എത്തിയ രാജേഷ് കൃഷ്ണയെ ഒഴിവാക്കാൻ നിർദ്ദേശിച്ചത്. ലണ്ടൻ ഘടകത്തിൽ നിന്നുളള പരാതിയെ തുടർന്നാണ് രാജേഷ് കൃഷ്ണയെ അവസാന നിമിഷം ഒഴിവാക്കിയതെന്നും പി.വി.അൻവറുമായുളള സൗഹൃദവും ഒഴിവാക്കലിന് കാരണമായെന്നുമാണ് അന്ന് പ്രചരിച്ചത്.

rajesh krishna

എന്നാൽ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് പൊളിറ്റ് ബ്യൂറോ അംഗം ആശോക് ധാവ്ളേക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജേഷ് കൃഷ്ണണയെ ഒഴിവാക്കിയത്. 2021 ലാണ് മുഹമ്മദ് ഷര്‍ഷാദ് സംസ്ഥാന മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ആരോപിച്ച് സിപിഐഎം പിബി അംഗം അശോക് ധാവ്‌ളയ്ക്ക് പരാതി നല്‍കിയത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി മധുരയിൽ എത്തിയ ശേഷം രാജേഷ് കൃഷ്ണയെ ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു.


ഈ വാർത്തകൾക്കെതിരെ രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ടകേസിൽ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതികൂടി ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ വിവാദം ആളിക്കത്താൻ കാരണം. പിബി അംഗത്തിന് താൻ നൽകിയ പരാതി എങ്ങനെ രാജേഷ് കൃഷ്ണക്ക് ചോർന്നുകിട്ടി എന്നാണ് മുഹമ്മദ് ഷെർഷാദിൻെറ ചോദ്യം.


ഇക്കാര്യം ഉന്നയിച്ച് ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് നൽകിയ പരാതിയിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ മകൻ ശ്യാംജിത്തിനെയാണ് സംശയ നിഴലിൽ നിർത്തുന്നത്. ഗോവിന്ദൻെറ മകൻ ശ്യം ജിത്തും രാജേഷ് കൃഷ്ണയും തമ്മിൽ അടുത്ത സൗഹൃദമുണ്ട്.

എം.വി.ഗോവിന്ദനും ഭാര്യയും ലണ്ടനിൽ എത്തിയപ്പോൾ ഇവരുടെ കാര്യങ്ങളെല്ലാം നോക്കിയത് രാജേഷ് കൃഷ്ണയായിരുന്നു. ഇത്തരം അടുത്ത ബന്ധമാണ് പി.ബി അംഗത്തിന് നൽകിയ കത്ത് ചോർ‌ന്ന്  കോടതിയിൽ എത്താൻ കാരണമെന്നാണ് ആരോപണം.


എം.വി.ഗോവിന്ദനോ മകനോ ഇതുവരെ ഷെർഷാദിൻെറ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. എങ്കിലും സി.പി.എം സംസ്ഥാന ഘടകത്തിൽ ഉരുണ്ടുകൂടുന്ന പ്രശ്നങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അതൃപ്തനാണെന്നാണ് സൂചന. പരാതി ചോര്‍ന്നതിനെക്കുറിച്ച് അറിയില്ലെന്ന് പിബി അംഗം അശോക് ധാവ്‌ളെയുടെ പ്രതികരണം.


രാജേഷ് കൃഷ്ണക്കൊപ്പം സംസ്ഥാനത്തെ ചില മന്ത്രിമാരെ കൂടി സംശയനിഴലിലാക്കുന്ന പരാതിയാണ് വ്യവസായിയായ മുഹമ്മദ് ഷര്‍ഷാദ് 2021ൽ സിപിഎം പിബി അംഗം അശോക് ധാവ്‌ളയ്ക്ക് നല്‍കിയത്.എന്നാൽ പരാതിയില്‍ രാജേഷിനെതിരെ തുടര്‍ നടപടികൾ ഒന്നും ഉണ്ടായില്ല.

ആരോപണ വിധേയനായ രാജേഷ് കൃഷ്ണയെ മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടന്‍ പ്രതിനിധിയായി ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ പരാതിക്കാരനായ മുഹമ്മദ് ഷര്‍ഷാദ് വീണ്ടും രംഗത്തെത്തിയതോടെ പാര്‍ട്ടികോണ്‍ഗ്രസ് പ്രതിനിധി പട്ടികയില്‍ നിന്ന് രാജേഷ് കൃഷ്ണ ഓഴിവാക്കപ്പെട്ടത്.

ഒഴിവാക്കൽ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെിരെ രാജേഷ് കൃഷ്ണ മാനനഷ്ട കേസ് നൽകി. ഹർജിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് 2021 ലെ പരാതിയും ഉള്‍പ്പെടുത്തപ്പെട്ടത്.


പരാതി ചോര്‍ത്തിയതിനെതിരെ മുഹമ്മദ് ഷര്‍ഷാദ് വീണ്ടും സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയ്ക്ക് പരാതി നല്‍കി.ഇതിലാണ് ചോർച്ചയിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനന്റെ മകനെ സംശയിക്കുന്നതായി ഗുരുതര ആരോപണമുളളത്.


വിഷയത്തില്‍  സിപിഎം നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാനനഷ്ട കേസുമായി ബന്ധമില്ലാതിരുന്നിട്ടും മുഹമ്മദ് ഷര്‍ഷാദിന്റെ കത്ത് ചോര്‍ത്തി ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയ രാജേഷ് കൃഷ്ണയുടെ ലക്ഷ്യവും വ്യക്തമല്ല. പാർട്ടി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന രാജേഷ് കൃഷ്ണയും പോരാട്ടത്തിൽ ഏതെങ്കിലും പക്ഷത്ത് ചേർന്നിട്ടുണ്ടോയെന്ന സംശയമാണ് ഉയരുന്നത്.

Advertisment