/sathyam/media/media_files/2025/08/13/pinarai-vijayan-rajendra-viswanath-arlekar-2025-08-13-19-35-06.jpg)
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ യൂണിവേഴ്സിറ്രികളിൽ ബംഗാൾ മാതൃകയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച സുപ്രീംകോടതിയുടെ ഉത്തരവിനെതിരേ ഗവർണർ പുനപരിശോധനാ ഹർജി നൽകും. സെർച്ച് കമ്മിറ്റിയിൽ നിന്ന് യുജിസി പ്രതിനിധിയെ ഒഴിവാക്കിയത് അംഗീകരിക്കാനാവുന്നതല്ലെന്നും അക്കാഡമിക് വിദഗ്ദ്ധനല്ലാത്ത ജഡ്ജിയെ സമിതിയിൽ ഉൾപ്പെടുത്തിയത് ശരിയായില്ലെന്നും ചൂണ്ടിക്കാട്ടിയാവും ഗവർണർ കോടതിയെ സമീപിക്കുക.
എന്നാൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നുകഴിഞ്ഞു. വിജ്ഞാപനം ഉടനുണ്ടാവുമെന്ന് മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. ഇത് ഗവർണർ അംഗീകരിക്കാതിരിക്കുന്നതോടെ സർക്കാർ- ഗവർണർ നിയമപോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുകയാണ്.
വൈസ്ചാൻസലർ നിയമനത്തിനുള്ള പട്ടികയുടെ മുൻഗണനാക്രമം മുഖ്യമന്ത്രി തീരുമാനിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിലുള്ളത്. മുഖ്യമന്ത്രി തയ്യാറാക്കുന്ന മുൻഗണനാക്രമം ചാൻസലർ ആയ ഗവർണർ പരിഗണിക്കണമെന്നാണ് ഉത്തരവ്.
ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ അധ്യക്ഷതയിലുള്ള സെർച്ച് കമ്മിറ്റി വിസിമാരുടെ നിയമനത്തിനായുള്ള പട്ടിക അക്ഷരമാല ക്രമത്തിൽ തയ്യാറാക്കണം. ഈ പട്ടിക ജസ്റ്റിസ് ധൂലിയ മുഖ്യമന്ത്രിക്ക് കൈമാറണം. തുടർന്ന് മുഖ്യമന്ത്രി പട്ടികയിലെ പേരുകൾ മുൻഗണനാക്രമത്തിൽ ഗവർണർക്ക് കൈമാറണം. പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ അത് ഫയലിൽ കുറിക്കാം. വിയോജിപ്പിന്റെ കാരണവും അതിനാധാരമായ രേഖകളും ചാൻസലറായ ഗവർണർക്ക് പട്ടികയ്ക്കൊപ്പം കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.
മുഖ്യമന്ത്രി കൈമാറുന്ന പട്ടികയിലെ മുൻഗണനാക്രമം കണക്കിലെടുത്തുവേണം ഗവർണർ വിസി നിയമനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി കൈമാറിയ പട്ടികയിലെ പേരുകളോടും മുൻഗണനാക്രമത്തിലും ഗവർണർക്ക് വിയോജിപ്പുണ്ടെങ്കിൽ അക്കാര്യം ഫയലിൽ കുറിക്കാം.
വിയോജിപ്പിനാധാരമായ രേഖകളും ചാൻസലർ ഫയലിൽ വയ്ക്കണം. സംസ്ഥാന സർക്കാരിനും ഗവർണർക്കും പാനലിലെ പേരുകളിൽ ഏകാഭിപ്രായം ഉണ്ടായില്ലെങ്കിൽ അക്കാര്യം സുപ്രീംകോടതി അറിയിക്കണം.
തുടർന്ന് സുപ്രീംകോടതി ആയിരിക്കും വിസി നിയമനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പാർഡി വാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ്.
എന്നാൽ കോടതി ഉത്തരവിൽ അപാകതകൾ ഏറെയുണ്ടെന്നും യു.ജി.സി പ്രതിനിധിയില്ലാത്ത സെർച്ച് കമ്മിറ്റി നിലനിൽക്കില്ലെന്നും ഗവർണർ പുനപരിശോധനാ ഹർജിയിൽ കോടതിയെ അറിയിക്കും. സർക്കാരിന്റെയും ഗവർണറുടെയും രണ്ടു വീതം പ്രതിനിധികളും സുപ്രീംകോടതി നിയോഗിച്ച ജഡ്ജിയുമായിരിക്കും കമ്മിറ്റിയിലുണ്ടാവുക.
യു.ജി.സി പ്രതിനിധി കൂടി ഉണ്ടായിരുന്നെങ്കിൽ ഗവർണർക്ക് മൂന്ന് അംഗങ്ങളുടെ ഭൂരിപക്ഷം ലഭിക്കുമായിരുന്നു. അങ്ങനെയെങ്കിൽ കേന്ദ്രവും ഗവർണറും ആഗ്രഹിക്കുന്നവരെ വി.സിയാക്കാനും കഴിയുമായിരുന്നു.
എന്നാൽ യു.ജി.സി പ്രതിനിധി ഇല്ലാതാവുകയും നിയമനം മുഖ്യമന്ത്രിയുടെ മുൻഗണനാ പട്ടികയിൽ നിന്നാവണമെന്ന് വരികയും ചെയ്തതോടെ വി.സി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടിയാണ്. ഇക്കാര്യങ്ങൾ ഗവർണർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.
വി.സി നിയമനത്തിനായി റിട്ട. സുപ്രീംകോടതി ജഡ്‌ജി കേരളത്തിലേക്ക് വരുമെങ്കിലും ഖജനാവിനുണ്ടാക്കുന്ന സാമ്പത്തിക ഭാരം ചില്ലറയല്ല. ഓരോ സിറ്റിംഗിനും അദ്ദേഹത്തിന് മാത്രം മൂന്നു ലക്ഷം വീതം നൽകണം. മറ്റു ചെലവുകൾ വേറെ. വി.സി നിയമന നടപടികൾക്ക് ചുരുങ്ങിയത് മൂന്നു മാസമെടുക്കും. നിരവധി സിറ്റിംഗുകൾ വേണ്ടിവന്നേക്കാം.
ബംഗാൾ കേസിലെ നടപടിക്രമങ്ങൾ കേരളത്തിലും നടപ്പാവും. ഓരോ സർവകലാശാലയിലെയും വി.സി നിയമനത്തിനായി സമിതി നൽകുന്ന മൂന്നുപേരുടെ പട്ടികയിൽ നിന്ന് മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന് മുൻഗണനയുള്ള പേരുകൾ നിശ്ചയിച്ച് ഗവർണർക്ക് കൈമാറാൻ കഴിയും.
അതേസമയം സുപ്രീംകോടതി ഉത്തരവിന്റെ അന്തസത്ത ഉൾക്കൊള്ളാൻ ഗവർണർ തയ്യാറാവണമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാരിനെ അവഗണിച്ച് വി.സി നിയമനത്തിൽ മുന്നോട്ടു പോകാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാതെ മാർഗ്ഗമില്ല. മുഖ്യമന്ത്രിയുടെ അനുമതിയോടെയേ നിയമനം സാദ്ധ്യമാവൂ.
വി.സി നിയമനം കോടതിയുടെ പരിധിയിലേക്ക് പോവാനിടയാക്കിയത് ഏകപക്ഷീയമായി കാര്യങ്ങൾ നടത്തുമെന്ന ഗവർണറുടെ വാശിയാണ്. അക്കാഡമിക്, അഡ്‌മിനിസ്ട്രേറ്റീവ് മികവുള്ളവരെ ഒഴിവാക്കി സംഘപരിവാർ താത്പര്യമുള്ളവരെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്‌ഠിക്കാനുള്ള ഗവർണറുടെ ശ്രമം നിർഭാഗ്യകരമാണ്.
അൽപ്പമെങ്കിലും ജനാധിപത്യ ബോധമുണ്ടെങ്കിൽ സുപ്രീംകോടതി ഉത്തരവ് മനസിലാക്കണം. തുടർന്നും അമിതാധികാരത്തിനും സ്വേച്ഛാധിപത്യത്തിനുമാണ് നീക്കമെങ്കിൽ മറ്റ് സർവകലാശാലകളിലെ വി.സി നിയമനവും ഇതേ രീതിയിലാവും. ഗവർണറുമായി തുടർ ചർച്ചകൾ വേണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.
അമിതാധികാരം അടിച്ചേൽപ്പിക്കുന്ന പ്രവണതയുള്ളവർക്ക് തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വി.സി നിയമനത്തിൽ സംസ്ഥാനത്തിന് ഇടപെടാൻ അവസരവും അവകാശവും നൽകുന്നതാണ് കോടതി ഉത്തരവെന്നും മന്ത്രി ബിന്ദു പറഞ്ഞു.