തലസ്ഥാനത്ത് സിഗ്നലിൽ കത്തിയമർന്ന് ഡിവൈഎസ്‌പിയുടെ വാഹനം. മുഖ്യമന്ത്രിയുടെ പൈലറ്റ് ജീപ്പിൽ നിന്ന് കാസർകോട്ട് പുക. ബേക്കൽ എസ്ഐയുടെ ജീപ്പ് ഓടിക്കൊണ്ടിരിക്കെ ബോഡി അടർന്നുവീണു. ഓടിപ്പഴകിയ വാഹനങ്ങൾക്ക് പകരം പോലീസിന് 43 കോടി ചെലവിട്ട് 373 പുതിയ വണ്ടികൾ. ലോക്കൽ സ്റ്റേഷനുകളിലേക്ക് 149 ജീപ്പുകൾ. കൺട്രോൾ റൂമിന് 100 ബൊലേറോയും. ഡിവൈഎസ്‌പിമാർക്ക് 30 വണ്ടികൾ. പോലീസ് ഇനി പുത്തൻ വണ്ടികളിൽ കുതിക്കും

കണ്ടിഷനല്ലാത്ത വാഹനങ്ങൾ അപകടകത്തിൽ പെടുന്നതും പെരുവഴിയിലാവുന്നതും പതിവാണ്. തലസ്ഥാനത്തടക്കം പോലീസുകാർ വണ്ടിതള്ളുന്നത് പതിവുകാഴ്ചയാണ്. സമയത്ത് അറ്റകുറ്റപ്പണി നടത്താതെയും കാലപ്പഴക്കത്താലും നശിച്ച വാഹനങ്ങൾ നിരത്തുകളിൽ ഇഴയുകയായിരുന്നു.

New Update
POLICE
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഓടിപ്പഴകി തേഞ്ഞ് ദ്രവിച്ച പോലീസ് വാഹനങ്ങൾ കൂട്ടത്തോടെ മാറ്റാൻ സർക്കാർ അനുമതി നൽകി. പതിനഞ്ച് വർഷവും മൂന്നുലക്ഷത്തിലധികം കിലോമീറ്ററുകളും പിന്നിട്ട വാഹനങ്ങൾ മാറ്റാൻ 43 കോടിയാണ് സർക്കാർ ചെലവിടുക. സ്റ്റേഷനുകൾക്കും കൺട്രോൾ റൂമുകൾക്കുമായിരിക്കും ഇതിൽ കൂടുതൽ വാഹനങ്ങളും നൽകുക. പോലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ടു കൂടി ഉപയോഗിച്ചാണ് 373 പുത്തൻ വണ്ടികൾ വാങ്ങുക.

Advertisment

ക്രമസമാധാന പാലനത്തിനടക്കം ആവശ്യത്തിന് വാഹനങ്ങളില്ലാത്തത് തിരിച്ചടിയാണെന്ന വിലയിരുത്തലിലാണ് അടിയന്തര നടപടി. ലോക്കൽ പോലീസ് സ്റ്റേഷനുകളിലും റിസർവ് ക്യാമ്പുൾപ്പെടെ സ്പെഷ്യൽ യൂണിറ്റിലും തീര സുരക്ഷയുടെ ഭാഗമായി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളിലും ആവശ്യാനുസരണം റണ്ണിംഗ് കണ്ടീഷനുളള വാഹനങ്ങൾ ഇല്ലെന്ന് ഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു.  


സംസ്ഥാന പോലീസ് സേനയിൽ നിലവിൽ ഉപയോഗിച്ചുവന്ന വിവിധതരം വാഹനങ്ങളിൽ 1,182 എണ്ണം പതിനഞ്ച് വർഷം പിന്നിട്ടതാണ്. അതിൽ 737 വാഹനങ്ങൾ ഇതിനകം സ്‌ക്രാപ്പ് ചെയ്‌തു. 445 വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാനുണ്ട്. ഇത് കൂടാതെ മൂന്നുലക്ഷത്തിലധികം കിലോമീറ്ററും പത്തുവർഷവും പിന്നിട്ട് റണ്ണിംഗ് കണ്ടീഷനല്ലാത്ത നിലയിലാണ് 282 വാഹനങ്ങൾ. ഇവയ്ക്ക് പകരമായി 1,464 പുതിയ വാഹനങ്ങൾ വാങ്ങണമെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവി സർക്കാരിന് നൽകിയ ശുപാർശ.


കണ്ടിഷനല്ലാത്ത വാഹനങ്ങൾ അപകടകത്തിൽ പെടുന്നതും പെരുവഴിയിലാവുന്നതും പതിവാണ്. തലസ്ഥാനത്തടക്കം പോലീസുകാർ വണ്ടിതള്ളുന്നത് പതിവുകാഴ്ചയാണ്. സമയത്ത് അറ്റകുറ്റപ്പണി നടത്താതെയും കാലപ്പഴക്കത്താലും നശിച്ച വാഹനങ്ങൾ നിരത്തുകളിൽ ഇഴയുകയായിരുന്നു.

തലസ്ഥാനത്തടക്കം പൊലീസ് ബസുകളും ട്രാവലറുകളും കേടായി വഴിയിലാവുന്നു. 15വർഷം പഴക്കമുള്ള എല്ലാ സർക്കാർവാഹനങ്ങളും പൊളിക്കണമെന്ന കേന്ദ്രനിർദ്ദേശമുള്ളതിനാൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഓടിക്കാനാവില്ല. ഇതിനായി അനുവദിച്ച കേന്ദ്രഫണ്ടിൽ നിന്നാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്.

വാഹനങ്ങൾ കുറവുള്ളത് രാത്രികാല പട്രോളിംഗിനെയടക്കം ബാധിക്കുന്നുണ്ട്. സ്പെയർപാർട്സിന്റെ കുടിശിക കൂടിയതോടെ സ്വകാര്യവർക്ക്ഷോപ്പുകാർ അറ്റകുറ്റപ്പണി നടത്താതായതോടെ വണ്ടുകൾ കട്ടപ്പുറത്താണ്. 


3 ലക്ഷം കിലോമീറ്റർ ഓടിയാൽ വാഹനം മാറ്റിവാങ്ങാമെന്നാണ് ചട്ടമെങ്കിലും നടപ്പാവാറില്ല. സി.ഐമാർക്ക് താരതമ്യേന പുതിയ വാഹനം കിട്ടും. സ്റ്റേഷനിലെ ജീപ്പ് തുരുമ്പിച്ചതും ടയറുകൾ തേഞ്ഞതുമായിരിക്കും. മന്ത്രിമാർക്കും വി.ഐ.പികൾക്കും അകമ്പടി പോവേണ്ടതിനാൽ തലസ്ഥാനത്ത് താരതമ്യേന പുതിയ വാഹനങ്ങളാണ്. ഇവിടെ ഓടിപ്പഴകിയ വാഹനങ്ങളാണ് മറ്റ് ജില്ലകളിലേക്ക് നൽകുന്നത്.


പഴകിയ വാഹനങ്ങൾ സാഹസികമായാണ് നിരത്തിലിറക്കുന്നത്. കാസർകോട് ബേക്കൽ എസ്.ഐയുടെ വാഹനം ഓടിക്കൊണ്ടിരിക്കെ ടയറിനോട് ചേർന്ന ബോഡിയുടെഭാഗങ്ങൾ റോഡിലേക്ക് അടർന്നുവീണിരുന്നു. തിരുവനന്തപുരത്ത് സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പിയുടെ വാഹനം നഗരമദ്ധ്യത്തിലെ ട്രാഫിക് സിഗ്നലിൽ വച്ച് കത്തിയമർന്നു. കാസർകോട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന് പൈലറ്റായി പോയ ഡിവൈ.എസ്.പിയുടെ ജീപ്പിന്റെ മുൻവശത്തുനിന്ന് പുകയുയർന്നു.

പുതുതായി വാങ്ങുന്നതിൽ 149 വാഹനങ്ങൾ ലോക്കൽ സ്റ്റേഷനുകൾക്കാണ്. ഇതിന് 13.31 കോടി ചെലവുണ്ടാവും. ഹിൽ സ്റ്റേഷനുകളിലേക്കായി 40 വണ്ടികളാണ് 5.5 കോടി ചെലവിൽ വാങ്ങുന്നത്. കൺട്രോൾ റൂമുകൾക്കായി 100 വാഹനങ്ങൾ 9.97 കോടിക്കും ബറ്റാലിയനുകൾക്ക് 20 വാഹനങ്ങൾ 1.99 കോടി ചെലവിലുമാണ് വാങ്ങുന്നത്.

ഡി.വൈ.എസ്.പി.മാർക്ക് 30 വാഹനങ്ങൾ വാങ്ങും. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ 8 ആംബുലൻസുകളും വാങ്ങുന്നുണ്ട്. പുതിയ വാഹനങ്ങൾ വരുന്നതോടെ പോലീസിന്റെ സേവനങ്ങളുടെ കാര്യക്ഷമതയും കൂടുമെന്നാണ് വിലയിരുത്തൽ.

Advertisment