ക്ഷാമബത്ത നൽകൽ പഞ്ചവത്സര പദ്ധതിയല്ലെന്ന് പറഞ്ഞവർ ഭരിക്കുമ്പോൾ കെഎസ്ആർടിസി ജീവനക്കാർ അതി ദരിദ്രരാകുന്നു.- ബിഎംഎസ്

New Update
bms collectorate march

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡി.എ നിഷേധത്തിനെതിരെ നയാപൈസ ഡി.എ ഇല്ലാത്ത ഞങ്ങൾക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി ജീവനക്കാരും കുടുംബാംഗങ്ങളും കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്)-ന്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. 

Advertisment

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ആരംഭിച്ച മാർച്ച് സെക്രട്ടേറിയേറ്റിനു മുന്നിൽ ബിഎംഎസ് സംസ്ഥാന ട്രഷറർ സി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

"മുഴുവൻ തൊഴിലാളികളുടെയും അട്ടിപ്പേറവകാശപ്പെടുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക്, 2021-ൽ ശമ്പളം പരിഷ്കരിച്ചപ്പോൾ തന്നെ 7% ക്ഷാമബത്ത കുടിശികയുണ്ടായിരുന്നത് ഇപ്പോൾ 35% ഡിഎ കുടിശ്ശികയായി മാറി. നിലവിൽ 0% ഡി.എ. അടിസ്ഥാന ശമ്പളം മാത്രം ലഭിക്കുന്ന കെഎസ്ആർടിസി ജീവനക്കാരുടെ ജീവിതം ഇന്ന്  ദുരിതപൂർണ്ണമാണ്.  

വിലക്കയറ്റം നേരിടാൻ വേണ്ടിയാണ് കാലാകാലങ്ങളിൽ സർക്കാർ ഡി.എ പ്രഖ്യാപിക്കുന്നത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സംസ്ഥാനത്ത്, ജീവനക്കാരെ രണ്ടു തട്ടിലാക്കി സർക്കാറിന് വേണ്ടി പണിയെടുക്കുന്ന ഒരു വിഭാഗത്തിന് പൂർണ്ണമായും ഡി.എ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല.      

ലക്ഷണമൊത്ത തൊഴിലാളി വിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നതിനുള്ള തെളിവാണ്  ഇത്തരം ആനുകൂല്യനിഷേധങ്ങൾ തുടർക്കഥയാകുന്നത്. ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന ഗ്യാരണ്ടി ഇല്ലാതാക്കി, ജീവനക്കാർക്ക് വായ്പയെടുക്കാൻ കഴിയാതാക്കി.

കെഎസ്ആർടിസിക്ക് ആവശ്യമായ ബസ്സുകൾ വാങ്ങി നൽകുന്നില്ല. ശമ്പള പരിഷ്കരണ കരാറിലെ വ്യവസ്ഥ പ്രകാരമുള്ള ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്നു.  എൻ.പി.എസ് വിഹിതം ഒടുക്കാതെ ജീവനക്കാരെ വഞ്ചിക്കുന്നു, സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കാം എന്ന് പറഞ്ഞ് ഭരണത്തിലേറിയവർ അത് മറന്ന മട്ടാണ്. പിഎഫ് ലോൺ അനുവദിക്കുന്നില്ല. 

കെഎസ്ആർടിസിയുടെ റൂട്ടുകൾ  കുത്തകകൾക്ക് തീറെഴുതുന്നു. ഇത്തരം സർക്കാർ നയങ്ങൾ അംഗീകരിക്കാൻ കഴിയില്ല. സേവനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ കെഎസ്ആർടിസിയെ പഴയതു   പോലെ ഡിപ്പാർട്ട്മെൻ്റാക്കി സംരക്ഷിക്കുകയാണ് വേണ്ടത്." - ബാലചന്ദ്രൻ ആവശ്യപ്പെട്ടു.

സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ഹരീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ ജനറൽ സെക്രട്ടറി എസ്. അജയകുമാർ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ്.വി. നായർ, വൈസ് പ്രസിഡൻറ് കെ.രാജേഷ്, സംസ്ഥാന സെക്രട്ടറി യമുനാദേവി എന്നിവർ സംസാരിച്ചു.

സംസ്ഥാന ട്രഷറർ ആർ.എൽ.ബിജു കുമാർ, സംസ്ഥാന വൈസ്പ്രസിഡൻറ് ജി.എസ്.ഗോപകല, സംസ്ഥാന സെക്രട്ടറിമാരായ എസ്.വി.ഷാജി, കെ.സജിത് കുമാർ, പി.കെ.ബൈജു, എം.ആർ.രമേഷ് കുമാർ, ജി.എം.അരുൺകുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Advertisment