/sathyam/media/media_files/2025/08/21/shafi-parambil-rahul-mankoottathil-2025-08-21-16-12-23.jpg)
തിരുവനന്തപുരം: സംഘടനയ്ക്കുള്ളില്‍ പതിവായി വിവാദങ്ങളുടെ നായകനാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ യുവതികളുമായുള്ള പരിധിവിട്ട ചാറ്റ് സന്ദേശങ്ങള്‍, പ്രസംഗത്തിന് പാരിതോഷികം കൈപ്പറ്റല്‍, വിദേശ സന്ദര്‍ശനങ്ങള്‍ക്കിടെ വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങുക എന്നു തുടങ്ങി നിരന്തരം വിവാദങ്ങളിലൂടെയാണ് രാഹുലിന്‍റെ പ്രയാണം.
എന്നിട്ടും ഷാഫി പറമ്പിലിന്‍റെ പിന്തുണയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ഷാഫിയുടെ ഒഴിവില്‍ പാലക്കാട് എംഎല്‍എയുമായി.
രാഹുലിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ശക്തമായ വിയോജിപ്പുകള്‍ ഉയര്‍ന്നതാണ്.
എന്നാല്‍ എതിര്‍പ്പുകളെ അതിജീവിച്ചത് ഷാഫി പറമ്പിലിന്‍റെ ശക്തമായ പിടിവാശിയിലൂടെ ആയിരുന്നു. രാഹുലിനുവേണ്ടി ഷാഫി വിശിപിടിച്ചപ്പോള്‍ നേതൃത്വം അനുസരിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡികളുണ്ടാക്കി വോട്ടര്‍മാരെ ചേര്‍ത്താണ് സംഘടന പിടിച്ചെടുത്തത് എന്ന ആരോപണമുണ്ടായിരുന്നു. അന്നും രാഹുലിന്‍റെ സാമൂഹ്യ മാധ്യമ രംഗത്തെ 'തമാശകള്‍' സംഘടനയ്ക്കുള്ളില്‍ സജീവ ചര്‍ച്ചകളായിരുന്നു.
സഹപ്രവര്‍ത്തകരായ സ്ത്രീകളുമായുള്ള ചാറ്റുകള്‍ സംബന്ധിച്ച് അന്നു മുതല്‍ രാഹുലിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കെഎസ്‍യു ഗ്രൂപ്പുകളില്‍ 'ചാറ്റര്‍ജി' എന്ന അപരനാമവും ഇയാള്‍ക്കുണ്ടായിരുന്നു.
മുതിര്‍ന്ന നേതാക്കളോട് പോലും ബഹുമാനമില്ലാതെ ഇടപെടുന്നു എന്ന പരാതികള്‍ നേതാക്കള്‍ക്കുണ്ട്. അതിനാല്‍ തന്നെ ആരോപണ വിവാദങ്ങളുടെ ഒരു ഘട്ടത്തിലും ഇയാളെ പിന്തുണയ്ക്കാന്‍ നേതാക്കള്‍ രംഗത്തു വന്നിട്ടില്ല.
ഒരു കാമുകി രണ്ടു തവണ ഗര്‍ഭിണിയായതും വിവാദ ചാറ്റ് സന്ദേശങ്ങളും ഗര്‍ഭഛിദ്രത്തിന് സമ്മര്‍ദം ചെലുത്തലുമെല്ലാം രാഹുലിനെതിരെ അന്തരീക്ഷത്തില്‍ പതിവായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളായി മാറി.
സംഘടനയ്ക്കുള്ളില്‍ പ്രവര്‍ത്തന പാരമ്പര്യമില്ലാതെ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വഴിയും ചാനല്‍ ചര്‍ച്ചകളിലെ അഗ്രസീവായ ഇടപെടലുകളിലൂടെയുമൊക്കെയാണ് രാഹുല്‍ പെട്ടെന്ന് മുഖ്യധാരയിലേയ്ക്ക് വരുന്നത്. അത്തരത്തില്‍ മൂക്കാതെ പഴുത്തതിന്‍റെ എല്ലാ ദോഷങ്ങളും ഇദ്ദേഹത്തില്‍ കാണാനുമുണ്ട്.
പ്രവാസലോകത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ കൂടിയ മോഡല്‍ ഐ ഫോണുകള്‍ ഉള്‍പ്പെടെ സ്വന്തമായി സ്വീകരിക്കുന്നതിന്‍റെ പേരിലും ആക്ഷേപങ്ങളുണ്ട്. ഒരു ഗള്‍ഫ് രാജ്യത്ത് വച്ച് സംഘടനകള്‍ സമ്മാനിച്ച ഐഫോണിന്‍റെ കളര്‍ ഇഷ്ടപ്പെടാതെ അത് മാറ്റി വാങ്ങിച്ച സംഭവങ്ങള്‍ വരെയുണ്ട്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും നടന്‍മാരായ മുകേഷും ഗണേഷ് കുമാറുമൊക്കെ എംഎല്‍എമാരായി തുടരുന്നതിനാല്‍ രാഹുലിനോട് രാജി ആവശ്യപ്പെടാന്‍ ഇടതുപക്ഷത്തിന് കഴിയില്ല.