/sathyam/media/media_files/2025/08/22/social-media-chatting-2025-08-22-12-14-40.jpg)
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ പല കാലങ്ങളിലായി രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉയരുന്ന പീഡനാരോപണങ്ങൾ നിരവധിയാണ്. ഡിജിറ്റൽ കാലത്ത് ഇത്തരം കാര്യങ്ങൾ ഉണ്ടാകുമ്പോൾ തെളിവുകളടക്കം കൈയ്യോടെ പിടിക്കപ്പെടുന്നതും പതിവായിട്ടുണ്ട്.
ഏറ്റവുമൊടുവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റുകളാണ് ഇത്തരത്തിൽ പുറത്ത് വന്നത്. ഇത് സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതോടെ രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കുകയും ചെയ്തു.
എന്നാൽ മുൻ കീഴ്‌വഴക്കമനുസരിച്ച് ഔദ്യോഗികമായി പരാതി ഉണ്ടെങ്കിൽ കൂടി അത് കോടതിയിൽ തെളിയും വരെ എം.എൽ.എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കോൺഗ്രസും എത്തിയിട്ടുണ്ട്.
മുൻ കീഴ്‌വഴക്കങ്ങൾ പ്രകാരം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ടി.എം തോമസ് ഐസക്ക്, സ്പീക്കർ സ്ഥാനം വഹിച്ചിരുന്ന പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തൽ നടത്തിയിട്ടും രാജിയുണ്ടായില്ല.
മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെപ്പറ്റി കടുത്ത ആരോപണങ്ങളാണ് അവർ ഉന്നയിച്ചത്. വളരെ തരംതാണതും ചീത്ത സ്വഭാവത്തിനുടമയാണെന്നും തനിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കാറുണ്ടെന്നും അവർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇത് അന്നത്തെ മുഖ്യമ്രന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മന്ത്രിയല്ലേ അതുകൊണ്ട് ആരോടും പറയരുതെന്ന നിർദ്ദേശമാണ് ലഭിച്ചതെന്നും അവർ പറഞ്ഞിരുന്നു.
അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ സന്ദർശിക്കാൻ താനും മുൻ ഭർത്താവും കൂടി പോയപ്പോൾ അദ്ദേഹം പരോക്ഷമായി ലൈംഗികച്ചുവയുള്ള സൂചനകൾ നൽകിയെന്ന പരാമർശവും അവർ നടത്തിയിരുന്നു.
അദ്ദേഹത്തിന്റെ ഓഫീസിലെ രണ്ടാം നിലയിലേക്ക് ക്ഷണിച്ചു കൊണ്ട് പോയാണ് ഇത്തരം പരാമർശങ്ങൾ നടത്തിയത്. അതിന് ശേഷം മറ്റൊരു അവസരത്തിൽ യു.എ.ഇ കോൺസുലേറ്റ് സംഘടിപ്പിച്ച ഉച്ചഭക്ഷണത്തിന് ഒരുമിച്ചിരുന്നപ്പോൾ തന്നെ മൂന്നാറിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞുവെന്നും സ്വപ്‌ന സൂചിപ്പിച്ചിരുന്നു.
സ്പീക്കറായിരുന്ന പി. രശീരാമകൃഷ്ണനിൽ നിന്നും ഇത്തരം അനുഭവങ്ങൾ നേരിട്ടതായും അവർ വ്യക്തമാക്കിയിരുന്നു.
കോളേജ് കുട്ടികളെ പോലെയാണ് സ്പീക്കർ പെരുമാറിയിരുന്നതെന്നും തങ്ങൾ ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും അതിന് പുറമേ ആവശ്യമില്ലാത്ത മെസേജുകൾ തനിക്ക് അയിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് ആരോപണങ്ങൾ ഉയർന്നെങ്കിലും ഇവരാരും തന്നെ രാജിവെച്ചിരുന്നില്ല.
ബി.ജെ.പിയുടെ ചില സംസ്ഥാന നേതാക്കളെപ്പറ്റിയും അവരുമായി ചേർത്ത് ചില കൗൺസിലറുമാരെപ്പറ്റിയും ചില കാര്യങ്ങൾ മുമ്പ് പുറത്ത് വന്നിരുന്നു. എന്നാൽ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ചില സംസ്ഥാന നേതാക്കളുടെ മക്കളെപ്പറ്റിയും ഇത്തരത്തിൽ ചില കാര്യങ്ങൾ പ്രചരിച്ചിരുന്നു.