/sathyam/media/media_files/2025/08/23/transpo-2025-4-2025-08-23-12-29-27.jpg)
തിരുവനന്തപുരം: കെഎസ്ആർടിസിയും കേരള മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ട്രാൻസ്പോ 2025' - കെഎസ്ആർടിസി എംവിഡി മോട്ടോ എക്‌സ്‌പോയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.
ആഗസ്റ്റ് 22 മുതൽ 24 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മൂന്ന് ദിവസത്തെ എക്‌സ്‌പോയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെഎസ്ആർടിസി ബസുകളുടെ മെഗാ ലോഞ്ചിംഗിനൊപ്പം ട്രാൻസ്‌പോർട്ട്, ഓട്ടോമൊബൈൽ, ഇ-മൊബിലിറ്റി, ടൂറിസം, ടെക്‌നോളജി, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
കെഎസ്ആർടിസിക്ക് വളരെ സജീവമായി മുന്നോട്ടു പോകാൻ കഴിയും എന്ന് തെളിയിക്കുന്ന സന്ദേശം നല്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ എല്ലാവരും ഒരുമിച്ചു ചേർന്ന് മികച്ച പ്രവർത്തനം നടത്തുന്നു. അതിന് ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി മാനേജ്‌മെന്റിനും ജീവനക്കാർക്കും മന്ത്രി ബാലഗോപാൽ അഭിനന്ദനങ്ങൾ അറിയിച്ചു.
ആനവണ്ടി എന്ന് പറഞ്ഞാൽ കേരളത്തിന്റെ ഒരു ഐഡന്റിറ്റിയാണ്
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത വാഹനങ്ങൾ കൂടാതെ ഇനിയും ഒരുപാട് വാഹനങ്ങൾ വരാനുണ്ട്. നാഷണൽ ഹൈവേയുടെയും എം.സി. റോഡിന്റെയും മലയോര ഗതാഗതത്തിനുള്ള മലയോര പാതയുടെയും ഒക്കെ പണി നല്ലരീതിയിൽ നടന്നു.
മലയോരപാതയുടെ പണി പൂർത്തീകരണത്തോടടുക്കുന്നു. നാഷണൽ ഹൈവേയുടെ പണിയും അധികം താമസിയാതെ പൂർത്തീകരിക്കും. ഇങ്ങനെ കെഎസ്ആർടിസി വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്ന മികച്ച റോഡ് സംവിധാനങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
ഈ സൗകര്യങ്ങൾ കെഎസ്ആർടിസി കൃത്യമായി ഉപയോഗിക്കുകയും ലാഭകരമായി മുന്നോട്ടു കൊണ്ടുപോകുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
ഒരു ദിവസം ശരാശരി നാല് കോടി രൂപയാണ് സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നത്.
ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് കെഎസ്ആർടിസി വാഹനങ്ങളെയാണ്. പൊതുമേഖലയിൽ ട്രാൻസ്പോർട് സിസ്റ്റം ഇല്ല എങ്കിൽ സ്വകാര്യ മേഖലയിലെ ട്രാൻസ്പോർട് സിസ്റ്റവും നന്നാവില്ല.
കഴിഞ്ഞ 9 വർഷങ്ങൾ കൊണ്ട് 11,600 കോടി രൂപയാണ് കെ.എസ്.ആ.ർ.ടി.സി മേഖലയിൽ സംസ്ഥാന സർക്കാർ വകയിരുത്തിട്ടുള്ളത്. കൂടുതൽ പുതിയ ബസ്സുകൾ വരുമ്പോൾ ഫ്യുവൽ എഫിഷ്യൻസി കൂടും.
നമ്മുടെ ബസ് സ്റ്റാൻഡുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം മെച്ചപ്പെട്ട ബസ് സ്റ്റാൻഡുകൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ ടി സി പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞത്തിന്റെ സന്തോഷം പങ്കുവച്ചു.
യാത്രക്കാർ മൊബൈൽ ഫോണിൽ നോക്കിയാൽ കെഎസ്ആർടിസി ബസ്സുകൾ ഏതൊക്കെയുണ്ട്, എങ്ങോട്ടൊക്കെ ബസ് ഉണ്ട്, യാത്രക്കാരൻ നിൽക്കുന്ന സ്റ്റോപ്പിൽ അടുത്ത ബസ് എത്ര മിനുട്ടുകൾക്കുള്ളിൽ എത്തും തുടങ്ങിയ കാര്യങ്ങൾ എല്ലാം കാണിക്കുന്ന കെഎസ്ആർടിസി ചലോ ആപ്പ് നിലവിൽ വന്നു കഴിഞ്ഞു.
സ്മാർട്ട് കാർഡ് വന്നു. 90,000 കാർഡുകൾ ആണ് അടിച്ചത്. അതൊക്കെയും തീർന്നു. വീണ്ടും 5 ലക്ഷം കാർഡുകൾ അടിക്കാൻ കൊടുത്തിട്ടുണ്ട്.
എ.ഐ. സാങ്കേതിക വിദ്യയും, സമ്പൂർണ്ണ ഡിജിറ്റലൈസെഷനും പുതിയതായി നിരത്തിലിറങ്ങുന്ന വിവിധ ശ്രേണികളിലുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ്സുകളും കെഎസ്ആർടിസിയെ പുതിയൊരു തലത്തിലേക്കുയർത്തുന്നതിനെപ്പറ്റി മന്ത്രി വിവരിച്ചു.
വി കെ പ്രശാന്ത് എംഎൽഎ, കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കർ, ഗതാഗത കമ്മീഷണർ നാഗരാജു ചകിലം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.