/sathyam/media/media_files/2025/08/23/street-dogs-2025-08-23-17-44-21.jpg)
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ സുപ്രീംകോടതി മുന്നിട്ടിറങ്ങിയതോടെ, കേരളത്തിലും അടിക്കടിയുണ്ടാവുന്ന തെരുവുനായ ആക്രമണങ്ങൾക്കും മരണങ്ങൾക്കും ശാശ്വത പരിഹാരമാവുമെന്ന് പ്രതീക്ഷ.
എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും തദ്ദേശസ്ഥാപനങ്ങളെയും കേട്ടശേഷം ദേശീയ നയം രൂപീകരിക്കുമെന്നാണ് സുപ്രീംകോടതി പറഞ്ഞത്.
കേരളത്തിൽ 50 ലക്ഷത്തിലേറെ തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. പക്ഷേ സർക്കാർ ഇക്കാര്യം ശരിവയ്ക്കില്ല. ഹൈക്കോടതിയിൽ സർക്കാർ പറഞ്ഞത് 3 ലക്ഷം തെരുവുനായ്ക്കളേ ഉള്ളൂ എന്നാണ്. എന്നാൽ ഈ കണക്ക് ശരിയാണെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
ആറുമാസത്തിനകം ഏകദേശം ഒരു ലക്ഷത്തോളം പേരെയെങ്കിലും തെരുവനായ്കള്‍ കടിച്ചിട്ടുണ്ടെന്നും 16 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും പറഞ്ഞത് ഹൈക്കോടതിയാണ്.
നഷ്ടപരിഹാരത്തിനുള്ള ഒമ്പതിനായിരത്തിലേറെ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. 2016 മുതൽ 2024 ആഗസ്റ്റ് വരെ സംസ്ഥാനത്ത് ആകെ 1,09,119 നായകളെ വന്ധ്യംകരണം നടത്തിയെന്നാണ് സർക്കാരിന്റെ കണക്ക്.
തെരുവുനായ ശല്യം കാരണം പുറത്തിറങ്ങി നടക്കാനാകാത്ത സ്ഥിതിയാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി പ്രശ്നത്തിൽ ഇടപെട്ടതോടെ തെരുവുനായ പ്രശ്‌നം സംബന്ധിച്ച എല്ലാ ഹൈക്കോടതികളിലെയും ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റും.
തെരുവുനായ ആക്രമണം ഇല്ലാതാക്കാൻ നായകളുടെ വന്ധ്യംകരണം മാത്രമാണ് ഏകവഴിയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
എബിസി കേന്ദ്രത്തിൽ തെരുവുനായയെ വന്ധ്യംകരിക്കണമെങ്കിൽ അവിടത്തെ ഓപ്പറേഷൻ തിയറ്റർ എയർ കണ്ടീഷൻഡ് ആയിരിക്കണം, നിശ്ചിത വർഷം അനുഭവസമ്പത്തുള്ള ഡോക്ടറുടെ സേവനം വേണം, ശസ്‌ത്രക്രിയക്കുശേഷം ആറുദിവസം സംരക്ഷിക്കണം, മുറിവ് ഉണങ്ങിയതിനുശേഷം മാത്രമെ പുറത്തുവിടാവൂ, എബിസി കേന്ദ്രത്തിൽ റഫ്രിജറേറ്റർ വേണം എന്നിവയാണ് കേന്ദ്രചട്ടം അനുശാസിക്കുന്നത്.
ചട്ടങ്ങളിൽ കേരളം ഇളവുതേടിയെങ്കിലും അനുവദിച്ചില്ല. ഇതിനിടെയാണ് എല്ലാ തെരുവുനായകളെയും പിടികൂടി ഷെൽട്ടറുകളിൽ പാർപ്പിക്കുകയെന്നത് അപ്രായോഗികമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
തെരുവുനായ്ക്കളുടെ വംശവർധന നിയന്ത്രിക്കുക, പേവിഷബാധ തടയുക, തെരുവുകളിലെ മാലിന്യ നിക്ഷേപം നിരുത്സാഹപ്പെടുത്തുക എന്നീ മൂന്നുകാര്യങ്ങളിലൂടെ മാത്രമെ തെരുവുനായ ആക്രമണം ഇല്ലാതാക്കാൻ കഴിയൂ.
പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റിയ നായകളെ വന്ധ്യംകരണം നടത്തിയും, വിരമരുന്ന്-വാക്‌സിനേഷൻ എന്നിവ നൽകിയും തിരികെ അതേ തെരുവിലേക്ക് തുറന്നു വിടണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
ആക്രമണകാരികളായ, പേ ബാധിച്ച നായകളെ തിരികെ വിടേണ്ടതില്ല. എന്നാൽ അവയെയും വന്ധ്യംകരണത്തിന് വിധേയമാക്കണം. വാക്‌സിനേഷനും നൽകണം. നായകളെ പിടികൂടി വാക്‌സിനേഷൻ തുടങ്ങിയവ നൽകുന്ന നടപടികളുമായി അധികൃതർക്ക് മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി.
ഡൽഹിയിൽ തെരുവുകളിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. ഓരോ മുനിസിപ്പൽ വാർഡിലും പ്രത്യേക 'ഫീഡിംഗ് സ്‌പെയ്സ്' അനുവദിക്കണം. ഇവ എവിടെയാണെന്ന് വ്യക്തമാക്കി നോട്ടീസ് ബോർഡുകൾ സ്ഥാപിക്കണം.
നായപ്രേമികൾക്ക് തെരുവു നായകളെ ദത്തെടുക്കാൻ മുനിസിപ്പൽ അധികൃതരെ സമീപിക്കാവുന്നതാണ്. ഒരു കാരണവശാലും ദത്തെടുത്ത നായകളെ തെരുവിൽ ഉപേക്ഷിക്കാൻ പാടില്ല, അനുവദിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.