/sathyam/media/media_files/2025/08/26/supplyco-palakkad-2025-08-26-15-49-31.jpg)
തിരുവനന്തപുരം: കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ചൊല്ല്. എന്നാൽ കാണം വിൽക്കാതെയും ഓണം ഉണ്ണാനുള്ള സൗകര്യമൊരുക്കുകയാണ് സർക്കാർ, സഹകരണ സ്ഥാപനങ്ങൾ. വെളിച്ചെണ്ണ വില അറുനൂറും കടന്ന് കുതിച്ചുയർന്നെങ്കിലും സർക്കാർ ഇടപെടലോടെ വില 300നടുത്താണ്. പ്രമുഖ ബ്രാൻഡുകളെല്ലാം വില കുറച്ചുകഴിഞ്ഞു.
സബ്സിഡി വെള്ളിച്ചെണ്ണയുടെ വില 339 രൂപയായി കുറച്ചു. സബ്സിഡി ഇതര വെളിച്ചെണ്ണ 389 രൂപയ്ക്ക് ലഭിക്കും. കേര വെളിച്ചെണ്ണയുടെ വില 429 രൂപയായി കുറച്ചു. സമാനമായി എല്ലാ അവശ്യസാധനങ്ങളും വൻ വിലക്കിഴിവോടെ ലഭ്യമാക്കാൻ ഓണച്ചന്തകളും വിപണന മേളകളും സജ്ജമാക്കിയിട്ടുണ്ട്.
ഓണം വിപണയിൽ 1000 കോടിയിലേറെ വിറ്റുവരവ് നേടുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതേസമയം, വിലക്കിഴിവും സബ്സിഡിയുമായി സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താനും ശ്രമിക്കുകയാണ്.
സപ്ലൈകോയിൽ ഇന്നലെ 13,02,06,590 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ഇതോടെ ഈ മാസത്തെ വിറ്റുവരവ് 200 കോടി കവിഞ്ഞു. ഓണക്കാലത്ത് 300 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
ഓണത്തോടനുബന്ധിച്ച് 2.5 ലക്ഷം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സർക്കാർ സംഭരിച്ചിട്ടുണ്ട്. ബ്രാൻഡഡ് എം.എഫ്.സി.ജി ഉത്പന്നങ്ങളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 150ലധികം ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഓഫറുകളും വിലക്കുറവുമുണ്ട്.
ചില കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾ വില കുറച്ച് സപ്ലൈകോ വഴി വിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓണം ഫെയറിൽ മാത്രമല്ല ആയിരത്തലധികം വരുന്ന വില്പനശാലകളിലും ഈ ഓഫറുകൾ ലഭ്യമാണ്.
മലയാളിക്ക് ഓണം ആഘോഷിക്കാനുള്ള പച്ചക്കറികളും പഴങ്ങളും പൂക്കളും മറ്റ് ഭക്ഷ്യോത്പന്നങ്ങളുമായി കുടുംബശ്രീയുടെ ഓണം വിപണന മേളകൾ ഇന്ന് തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബർ നാല് വരെ മേളകൾ പ്രവർത്തിക്കും.
തൃശൂർ ഒഴികെ പതിമൂന്ന് ജില്ലാതല മേളകളും ഒരു സി.ഡി.എസിൽ രണ്ടു വീതം രണ്ടായിരത്തിലേറെ വിപണന മേളകളും ഇക്കുറി സംഘടിപ്പിക്കും. 30 കോടിയാണ് പ്രതീക്ഷിക്കുന്ന വിറ്റുവരവ്. കുടുംബശ്രീ കർഷക സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളും സൂക്ഷ്മ സംരംഭകർ തയ്യാറാക്കുന്ന ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങളുമാണ് വിപണിയിലെത്തുക.
ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങൾ ഉൾപ്പെടെയാണിത്. കുടുംബശ്രീയുടെ കാർഷിക പദ്ധതി "നിറപ്പൊലിമ'യുടെ ഭാഗമായി വിളവെടുക്കുന്ന പൂക്കളും സംരംഭകർ വിപണിയിലെത്തിക്കും. സംസ്ഥാനമൊട്ടാകെ സി.ഡി.എസ് വിപണനമേളകളിൽ അയ്യായിരത്തിലേറെ സംരംഭകരുടെ പങ്കാളിത്തവും ഉറപ്പുവരുത്തും.
അതത് സി.ഡി.എസുകളും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാകും മേളയുടെ നടത്തിപ്പ്. പതിനാല് ജില്ലകളിലും വിവിധ ബ്ളോക്കുകളിലും ഒരുക്കിയിട്ടുള്ള കോൾ സെന്റർ നമ്പർ മുഖേന ഓണസദ്യയുടെ ബുക്കിംഗ് പുരോഗമിക്കുന്നു.
രണ്ടിനം പായസം ഉൾപ്പെടെ ഇരുപതിലേറെ വിഭവങ്ങളടങ്ങുന്നതാണ് കുടുംബശ്രീ ഓണസദ്യ. കുടുംബശ്രീയുടെ ഓൺലൈൻ പ്ളാറ്റ്ഫോമായ പോക്കറ്റ്മാർട്ട് വഴി വിപണിയിലെത്തിച്ച ഓണം ഗിഫ്റ്റ് ഹാമ്പറിനും ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യതയുണ്ട്.
അയ്യായിരത്തിലേറെ ഗിഫ്റ്റ് ഹാമ്പറുകളാണ് ഇതിനകം വിറ്റഴിഞ്ഞത്. സംസ്ഥാനമൊട്ടാകെ സി.ഡി.എസുകൾ വഴി അമ്പതിനായിരത്തിലേറെ ഗിഫ്റ്റ് ഹാമ്പറുകളും വിറ്റഴിഞ്ഞു.
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് ഇന്നുമുതൽ 1,800 സഹകരണ, കൺസ്യൂമർഫെഡ് ഓണച്ചന്തകൾ തുറക്കും. സെപ്തംബർ നാലുവരെ പ്രവർത്തിക്കും. സഹകരണ മേഖലയിൽ 1,585 പ്രത്യേകം ഓണച്ചന്തകളും കൺസ്യൂമർഫെഡിന്റെ 165 ത്രിവേണി സ്‌റ്റോറുകൾ ഓണച്ചന്തകളായും പ്രവർത്തിക്കും.
കൂടാതെ ജില്ലാ,സംസ്ഥാനതലത്തിൽ 50 ചന്തകളും തുറക്കും.13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. മറ്റ് സാധനങ്ങൾക്കും വിലക്കുറവുണ്ടാകും. റേഷൻകാർഡിന്റെ അടിസ്ഥാനത്തിലാണ് വിതരണം. എട്ടുകിലോ അരി (ജയ, കുറുവ), രണ്ടുകിലോ പച്ചരി എന്നിവയാണ് സബ്സിഡി നിരക്കിൽ നൽകുക.
ജയ അരി, കുറുവ അരി, കുത്തരി എന്നിവ കിലോ 33 രൂപ നിരക്കിലും പച്ചരി 29 രൂപയ്ക്കും ലഭിക്കും. വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയാണ്. പഞ്ചസാര കിലോ 34.65 രൂപ, ചെറുപയർ - 90, വൻകടല - 65, ഉഴുന്ന് - 90, വൻപയർ - 70, തുവരപ്പരിപ്പ് - 93, മുളക് - 115.50, മല്ലി (500 ഗ്രാം) - 40.95 രൂപ നിരക്കിലുമാണ് സബ്സിഡിയോടെ ലഭിക്കുക.
മറ്റ് കമ്പനി ഉൽപ്പന്നങ്ങളും വിലക്കുറവിൽ വാങ്ങാം. സംസ്ഥാന സർക്കാർ എഎവൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് നൽകിത്തുടങ്ങി.
പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൽഡ് ടീ, പായസം മിക്‌സ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്.