/sathyam/media/media_files/2025/01/29/vr0MWHhIkHl1PdpU4euF.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കാൻ സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച നടപടികൾ ആലോചിക്കാൻ സർക്കാർ സർവീസ് സംഘടനകളുടെ യോഗം സർക്കാർ വിളിച്ചു. സെപ്റ്റംബർ 11 ന് വൈകിട്ട് 3 ന് സെക്രട്ടറിയേറ്റ് ഡർബാർ ഹാളിലാണ് യോഗം.
സർക്കാരിന് മുന്നിൽ ചില നിർദേശങ്ങൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സർവീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. ഒരു സർവീസ് സംഘടനയിൽ നിന്നും രണ്ട് പ്രതിനിധികൾ വീതം യോഗത്തിൽ പങ്കെടുക്കാനാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി നൽകിയ കത്തിൽ നിർദ്ദേശിക്കുന്നത്.
അഭിപ്രായങ്ങൾ അറിയിക്കാൻ ഇ-മെയിൽ വിലാസവും നൽകിയിട്ടുണ്ട്. സർവീസ് സംഘടനകളുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിലെ തുടർനടപടികൾ.
ശനിയാഴ്ചയും അവധി നൽകണമെന്നും സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം മതിയെന്നും നേരത്തേ ഭരണപരിഷ്കാര കമ്മിഷനും ശുപാർശ നൽകിയിരുന്നതാണ്. പ്രവൃത്തിദിനം കുറയ്ക്കുന്നതോടെ ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്നായിരുന്നു കമ്മിഷൻ വിലയിരുത്തിയത്.
അതേസമയം പൊതു അവധികളും കാഷ്വൽ ലീവും കുറയ്ക്കണമെന്നും ശുപാർശ ഉണ്ടായിരുന്നു. നിലവിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയുള്ള ഓഫീസ് സമയം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചര വരെയാക്കാനായിരുന്നു നിർദേശം.
ഉച്ചഭക്ഷണത്തിന് ഒരുമണിക്കും രണ്ടുമണിക്കുമിടയിൽ അര മണിക്കൂർ ഇടവേള നൽകണം. ഓഫീസ് സമയം മാറ്റുന്നതനുസരിച്ച് പൊതുഗതാഗത സൗകര്യം ക്രമീകരിക്കണം. ജീവനക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലി സമയം ക്രമീകരിക്കാനുള്ള അവസരം നൽകണമെന്നും ശുപാർശയിലുണ്ടായിരുന്നു.
ജീവനക്കാർ ഓഫീസിലെത്തുന്ന സമയവും തിരികെ പോവുന്ന സമയവും രേഖപ്പെടുത്തി ശ്ചിത സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വേണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.
ശനിയാഴ്ച അവധി ദിവസമാവുന്നതോടെ ഇപ്പോൾ നിലവിലുള്ള 20 കാഷ്വൽ ലീവ് 12 ആക്കാനാണ് ശുപാർശ. മറ്റ് അവധികളെ പൊതു അവധി, പ്രത്യേക അവധി, നിയന്ത്രിത അവധി എന്നിങ്ങനെ മൂന്നായി തിരിക്കും.
9 പൊതു അവധികൾ നൽകാം. സ്വാതന്ത്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടുദിവസം), ക്രിസ്മസ്, ഈദുൽ ഫിത്തർ, മഹാനവമി എന്നിവയാണവ. പ്രത്യേക അവധികളിൽ ഒരു ജീവനക്കാരന് എട്ടെണ്ണമേ എടുക്കാനാവൂ. അപേക്ഷയുടെ അടിസ്ഥാനത്തിലാണിത്. നിയന്ത്രിത അവധികളിൽ മാറ്റമുണ്ടാവില്ല. പ്രതിവർഷം 27 അവധികൾ ഇത്തരത്തിൽ നൽകും.
ഓഫീസുകൾ ആരംഭിക്കുന്നതിന് ഒരുമണിക്കൂർ മുൻപ് സ്കൂളുകൾ തുറക്കണമെന്നും ശുപാർശയിലുണ്ടായിരുന്നു. പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 32ആക്കണമെന്നും കുറഞ്ഞ പ്രായപരിധി 19 ആക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
പരീക്ഷ എഴുതുന്നതിനുള്ള അവസരം പൊതുവിഭാഗത്തിന് നാലുതവണയായും പിന്നാക്ക വിഭാഗങ്ങൾക്ക് അഞ്ചുതവണയായും പരിമിതപ്പെടുത്തണം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവസരം നിയന്ത്രിക്കേണ്ടതില്ല എന്നായിരുന്നു കമ്മീഷന്റെ ശുപാർശ.