/sathyam/media/media_files/2025/08/27/vizhinjam-port-2025-08-27-14-53-11.jpg)
തിരുവനന്തപുരം: കേരളത്തിന് അഭിമാനമായി വളരുകയാണ് വിഴിഞ്ഞം തുറമുഖം. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിൽ 1 ദശലക്ഷം ടി.ഇ.യു കൈകാര്യം ചെയ്തുകൊണ്ട് ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം.
ലോകത്തു തന്നെ പ്രവർത്തനം തുടങ്ങി ആദ്യവർഷം സ്ഥാപിത ശേഷി മറികടന്ന തുറമുഖങ്ങൾ കുറവാണ്. അന്താരാഷ്ട്ര കപ്പൽ ചാലുമായുള്ള സാമീപ്യം കാരണം ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളിലേക്കുള്ള ചരക്കാണ് കൂടുതലായി വിഴിഞ്ഞത്ത് എത്തുന്നത്.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, തന്ത്രപ്രധാനമായ സ്ഥാനം, ഇന്ത്യയുടെ സമുദ്ര ഭാവിയെ മുന്നോട്ട് നയിക്കാനുള്ള ദർശനം എന്നിവയോടെ, വിഴിഞ്ഞം റെക്കോർഡുകൾ സ്ഥാപിക്കുകയും ആഗോള ഷിപ്പിംഗ് മാനദണ്ഡങ്ങൾ പുനർനിർവചിക്കുകയും ചെയ്യുന്നതായി തുറമുഖ കമ്പനി അധികൃതർ പറഞ്ഞു.
ദിനംപ്രതി കപ്പലുകൾ വന്നു പോകുന്ന വിഴിഞ്ഞം തുറമുഖത്ത് രണ്ടു മാസത്തിനകം അടുക്കാൻ കാത്തിരിക്കുന്നത് 61 ഓളം കപ്പലുകളാണ്. ഒക്ടോബർ 17വരെ മാത്രം ഷെഡ്യൂൾ ചെയ്ത കപ്പലുകളാണ് 61 എണ്ണം.
കൺസഷൻ കരാർ പ്രകാരം ആദ്യവർഷം ആകെ 3 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നായിരുന്നു കണക്കു കൂടിയിരുന്നത്. അതിന്റെ മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചിരിക്കുന്നത്.
ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 10.12 ലക്ഷം ടി.ഇ.യു ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. 2024 ഡിസംബർ 3-നാണ് വിഴിഞ്ഞത്ത് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2025 ഡിസംബർ ആകുമ്പോഴേക്കും 10 ലക്ഷത്തിന് പകരം നമുക്ക് 13-14 ലക്ഷം വരെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ, 399.99 മീറ്റർ വരെ നീളമുള്ള 27 അൾട്രാ ലാർജ് കണ്ടെയ്നർ വെസ്സലുകൾ (യുഎൽസിവി) ഉൾപ്പെടെ 460ലധികം കപ്പലുകൾ തുറമുഖത്തെത്തി.
ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ ആയ എം.എസ്.സി ഐറിന അടക്കം ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി ബെർത്ത് ചെയ്ത കപ്പലുകളും ഈ കൂട്ടത്തിലുണ്ട്.
കൊളംബോ, സിംഗപ്പൂർ, ദുബായ് ഉൾപ്പെടെയുള്ള ലോകോത്തര തുറമുഖങ്ങളുമായി മത്സരിച്ചാണ് വിഴിഞ്ഞം ഈ നേട്ടം സ്വന്തമാക്കിയത്. ദക്ഷിണേഷ്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞം.
24 ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും 8 സെമി ഓട്ടോമേറ്റഡ് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് വിഴിഞ്ഞത്തിന്റെ കരുത്ത്. അതു കൈകാര്യം ചെയ്യുന്ന വിഴിഞ്ഞത്തുകാരായ വനിതകൾ അടക്കമുള്ള ഓപ്പറേറ്റർമാരുടെ പങ്ക് എടുത്തു പറയേണ്ടതാണ്.
കണ്ടെയ്നർ നീക്കത്തിൽ ഇന്ത്യയുടെ തെക്ക്-കിഴക്കൻ തീരത്തെ തുറമുഖങ്ങളിൽ ഒന്നാമതാണ് വിഴിഞ്ഞം. പ്രതിമാസം ശരാശരി 1 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ കപ്പൽ ആയ എം.എസ്.സി ഐറിന ഉൾപ്പെടെ 27 അൾട്രാ ലാർജ് കപ്പലുകൾ ബെർത്ത് ചെയ്ത ആദ്യ ഇന്ത്യൻ തുറമുഖം. ഒറ്റ കപ്പലിൽ നിന്ന് 10000 ലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതിന്റെ റെക്കോർഡ് എം.എസ്.സി പലോമയ്ക്കാണ്. 10576 കണ്ടെയ്നറുകളാണ് കപ്പലിൽ നിന്നിറക്കിയത്.
യൂറോപ്പ്, യുഎസ്, ആഫ്രിക്ക, ചൈന അടക്കമുള്ള ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളിലേക്ക് നേരിട്ടുള്ള സർവീസുകൾ തുടങ്ങാൻ കഴിഞ്ഞതാണ് വിഴിഞ്ഞത്തിന്റെ കുതിപ്പിന്റെ വേഗം കൂട്ടിയത്.
വിഴിഞ്ഞത്തിന്റെ സ്വപ്നതുല്യമായ ഈ നേട്ടം കേരളത്തിനു മാത്രമല്ല, ഇന്ത്യയുടെ സമുദ്ര വാണിജ്യ മേഖലയുടെ പുരോഗതിയുടെ അളവുകോൽ ആയി മാറുകയാണ്.
വിദേശ തുറമുഖങ്ങളിൽ നിന്ന് ട്രാൻഷിപ്മെന്റ് നടത്തുന്നതിലൂടെ ചെലവു വന്നിരുന്ന കോടിക്കണക്കിന് രൂപയുടെ അധികച്ചെലവ് കുറയ്ക്കാൻ വിഴിഞ്ഞം വഴിയൊരുക്കി. തുറമുഖത്തിന്റെ റോഡ്, റെയില്‍ കണക്ടിവിറ്റി നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് സർക്കാരിന്റെ ഉറപ്പ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വളർച്ച എന്നത് വ്യാപാരം മാത്രമല്ല അത് പരിചരണവും പ്രതിബദ്ധതയും കൂടിയാണെന്ന് അധികൃതർ പറയുന്നു.
പുനരധിവാസത്തിലൂടെയുംസംരംഭങ്ങളിലൂടെയും 2,980 കുടുംബങ്ങൾക്ക് 114.05 കോടിയുടെ മൊത്തം നഷ്ടപരിഹാരം നൽകിയെന്നും സമൂഹങ്ങൾ ഒരുമിച്ച് വളരുമ്പോഴാണ് പുരോഗതി കൈവരിക്കുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
പരിസ്ഥിതി സൗഹൃദ രൂപകൽപ്പന, ഊർജ്ജ സംരംഭങ്ങൾ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയിലൂടെ വിഴിഞ്ഞം തുറമുഖത്തിൻ്റെ ഒരു സുസ്ഥിരമായ ഒരു ഭാവി രൂപപ്പെടുത്തുന്ന ഹരിത ഷിപ്പിംഗ് വിപ്ലവമാണ് ലക്ഷ്യം.