/sathyam/media/media_files/2025/08/27/tunnel-road-2025-08-27-16-51-44.jpg)
തിരുവനന്തപുരം: വയനാടൻ മലനിരകൾ തുരന്ന് പുതിയ തുരങ്കപ്പാതയുണ്ടാക്കാനുള്ള പദ്ധതിയുമായി അതിവേഗം മുന്നോട്ടു പോവുകയാണ് സർക്കാർ.
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് 31ന് തുടക്കമാവുകയാണ്. പാരിസ്ഥിതിക അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന തുരങ്കപാതയുടെ നിര്‍മാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റര്‍ ഇരട്ട ടണല്‍ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
നാനൂറിലേറെ ജീവനുകളെടുത്ത ഉരുൾ ദുരന്തം മറന്നും, അശാസ്ത്രീയമായി കെട്ടിപ്പൊക്കിയ ദേശീയപാത ഇടിഞ്ഞുവീണ സമീപകാല ദുരന്തം വിസ്മരിച്ചുമാണ് തുരങ്കപാതയുമായി സർക്കാർ മുന്നോട്ടു പോവുന്നത്.
കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാതയുടെ നിര്‍വ്വഹണ ഏജന്‍സി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ആണ് ഇതിനായി ഏറ്റെടുക്കേണ്ടത്.
ഇതില്‍ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ടണല്‍ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
രണ്ട് പാക്കേജുകളിലായാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മ്മാണം രണ്ടാമത്തെ പാക്കേജിലമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണല്‍ വെന്‍റിലേഷന്‍, അഗ്നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട്ലൈറ്റിംഗ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.
കഴിഞ്ഞ സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്കു തുടക്കമിട്ടത്. ഒട്ടേറെ കടമ്പകള്‍ കടന്നാണ് അനുമതി നേടിയത്.
/filters:format(webp)/sathyam/media/media_files/2025/08/27/tunnel-road-2-2025-08-27-17-15-43.jpg)
തുരങ്കപ്പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്നു 22 കിലോമീറ്റര്‍ കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകും.
തുരങ്കപാത യാഥാര്‍ത്ഥ്യമാവുന്നതോടെ കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന ചരിത്രനേട്ടം കൂടിയാണിതെന്നാണ് സർക്കാരിന്റെ അവകാശവാദം.
എന്നാൽ പരിസ്ഥിതി പ്രവർത്തകർ തുരങ്കപാതയെ എതിർക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. ഉ
രുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുക. ആനക്കാംപൊയിലിൽനിന്നു തുടങ്ങുന്ന തുരങ്കപാത അവസാനിക്കുന്നത് ചൂരൽമലയോടു ചേർന്ന കള്ളാടിയിലാണ്. ചൂരൽമലയിലാണ് ഉരുൾദുരന്തം ഏറെ നാശം വിതച്ചത്.
/filters:format(webp)/sathyam/media/media_files/qPw4xBv3jayMJriOvrvy.jpg)
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത. താമരശേരി ചുരം കയറാതെ എട്ടു കിലോമീറ്റർ ദീരമുള്ള പാതയിലൂടെ വയനാട്ടിലെത്താം.
1600 കിലോമീറ്റർ ദൈർഘ്യമുള്ള പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സങ്കീർണവും അതീവ ലോലവുമായ പ്രദേശത്താണ് തുരങ്കം നിർമിക്കുന്നത്. 150 ദശലക്ഷം വർഷം പഴക്കമുള്ള പാറകളുള്ളതും അതിശക്തമായ മഴ പെയ്യുന്നതുമാണ് ഈ പ്രദേശം.
ഉരുൾപൊട്ടലുണ്ടാകുന്നതിനു മുൻപു തന്നെ തുരങ്കപാതയ്ക്കെതിരെ വലിയ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിരുന്നു. ഉരുൾപൊട്ടലുണ്ടായതോടെ ഒരു കാരണവശാലും തുരങ്കപാത നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടെയുള്ള സംഘടനകൾ.
പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ദുർബലമായ സ്ഥലത്തുകൂടിയാണ് തുരങ്കപ്പാത. അതീവ പാരിസ്ഥിതിക ദുർബലമായ ചെമ്പ്ര മലയുടെയും വെള്ളരി മലയുടെയും അടിയിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്.
/filters:format(webp)/sathyam/media/media_files/2025/08/27/anakampoil-2025-08-27-17-18-48.jpg)
ചെമ്പ്രമല, വെള്ളരി മല, വാവുൾ മല തുടങ്ങിയ മലകൾ ഉൾപ്പെടുന്നതിനെ ക്യാമൽ ഹംപ് കോംപ്ലക്സ് എന്നാണ് വിളിക്കുന്നത്. ചാലിയാറിന്റെ ഉത്ഭവസ്ഥലമായ വെള്ളൊലിപ്പാറയ്ക്ക് സമീപത്തുനിന്നാണ് ഉരുൾപൊട്ടിയത്.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങൾ ഏറെക്കുറെ തുടച്ചു നീക്കപ്പെട്ടു. ഇത്രയും വലിയ പ്രകൃതിദുരന്തം നടന്ന സ്ഥലത്ത് വൻതോതിൽ പാറപൊട്ടിച്ചു നീക്കി തുരങ്കം പണിതാൽ എന്താകും അവസ്ഥയെന്നത് പ്രവചനാതീതമാണ്.
ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും തുരങ്കപ്പാത വഴിവയ്ക്കും. ഹിമാലയത്തിൽ മാത്രം കാണുന്ന ചിലപ്പൻ കിളികളുടെ ആവാസകേന്ദ്രമാണ് ചെമ്പ്രമല. ചിലപ്പൻ കിളികളുടെ പൂർവികർ 3000 കിലോമീറ്റർ സഞ്ചരിച്ച് ഡെക്കാൻ പീഠഭൂമി കടന്ന് ഇവിടെയെത്തിയെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്.
/filters:format(webp)/sathyam/media/media_files/2025/01/14/HUwOQOYgcAXbKahxmywp.jpg)
മറ്റനേകം അപൂർവ സസ്യങ്ങളുടെ കേന്ദ്രം കൂടിയാണിവിടം. ചെമ്പ്ര മലയുെട മധ്യത്തിലാണ് ഹൃദയതടാകമുള്ളത്. നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള സസ്യങ്ങൾ മലയിലുണ്ട്.
വയനാട് ജില്ലയിൽ പെയ്യുന്ന ശരാശരി മഴയുടെ അഞ്ചിരട്ടി മഴ ലഭിക്കുന്ന പ്രദേശമാണ് ചെമ്പ്ര മലയും താഴ്‌വാരവും. ഓരോ വർഷം കഴിയുന്തോറും മഴയുടെ തീവ്രത ഈ പ്രദേശത്ത് കൂടിക്കൂടി വരുകയാണ്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യതയും വർധിക്കുന്നു.
തുരങ്കം നിർമിക്കാൻ കൂറ്റൻ പാറകൾ പൊട്ടിച്ചു നീക്കേണ്ടി വരും. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മലമുകളിലേക്കു വരെ എത്താം. ഇതോടെ മണ്ണിന് കൂടുതൽ ബലക്ഷയം സംഭവിക്കും. ഉരുൾപൊട്ടലിന് ആക്കം കൂടാം.
അതേസമയം, പാതയുടെ ഗുണങ്ങൾ നിരത്തുകയാണ് സർക്കാർ. 12 കിലോമീറ്റർ ചുരത്തിലെ 9 ഹെയർപിൻ വളവുകളിൽ വാഹനങ്ങൾ കുരുങ്ങുന്നതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. മഴക്കാലത്തെ മണ്ണിടിച്ചിലും പ്രതിസന്ധിയായിരുന്നു. ഇവ പരിഹരിക്കപ്പെടും.
പുതിയ പാത വരുന്നതോടെ വയനാട്ടിലേക്ക് ശരാശരി 40 കിലോമീറ്റർ ദൂരം കുറയും. തെക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് നഗരം പൂർണമായും ഒഴിവാക്കി നേരെ വയനാട്ടിലേക്കെത്താം.
ഇത് യാഥാർഥ്യമാകുന്നതോടെ മലബാറിലെ പ്രധാന ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. പദ്ധതി നടപ്പായാൽ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി കള്ളാടി-ആനക്കാംപൊയിൽ പാത മാറും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us