/sathyam/media/media_files/2025/08/27/sunny-joseph-vd-satheesan-deepadas-munshi-2025-08-27-18-49-00.jpg)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനാരോപണം കൂടി പുറത്ത് വന്നതോടെ കോൺഗ്രസിലെ പുന:സംഘടനാനടപടികൾ ഇഴഞ്ഞ് നീങ്ങുന്നു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്നതിനിടയിൽ പുന:സംഘടനാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശമാണ് ഹൈക്കമാന്റിൽ നിന്നും ഉണ്ടായിട്ടുള്ളത്.
എന്നാൽ കെ.പി.സി.സി അദ്ധ്യക്ഷന്റെ അഭാവമാണ് ചർച്ചകൾ മന്ദീഭവിക്കാൻ കാരണമെന്ന് വാദമുയർന്നിട്ടുണ്ട്. പല നേതാക്കളും 25ലധികം പേരുടെ പട്ടികയാണ് സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചിരിക്കുന്നത്. ഇതംഗീകരിക്കാനാവില്ലെന്ന സന്ദേശമാണ് ദേശീയ നേതൃത്വം നൽകിയിരിക്കുന്നത്.
ജംബോ പട്ടിക വേണ്ടെന്ന ഉറച്ച നിലപാടാണ് കേന്ദ്ര-കേരള നേതൃത്വങ്ങൾക്കുള്ളത്. എന്നാൽ സംസ്ഥാനത്തെ നേതാക്കൾ നൽകുന്ന പട്ടിക പരിഗണിക്കാതെ മുന്നോട്ട് പോയാൽ പാർട്ടിക്കുള്ളിൽ കലാപമുണ്ടാകുമെന്ന ആശങ്ക കെ.പി.സി.സി അദ്ധ്യക്ഷനുണ്ടെന്നും കരുതപ്പെടുന്നു.
ഇതുകൊണ്ട് തന്നെ ചർച്ചകളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുന്നുവെന്ന പരാതിയും രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം മുൻകൈയെടുത്ത് ചർച്ചകൾ പൂർത്തിയാക്കണമെന്ന ആവശ്യമാണ് നേതാക്കൾക്കുള്ളത്.
ഇതിനിടെ ചർച്ചകൾ പൂർത്തിയാക്കി വേഗത്തിൽ പട്ടികയുമായി ഡൽഹിക്ക് മടങ്ങാനാണ് ദീപദാസ് മുൻഷിക്ക് ഹൈക്കമാന്റ് നിർദ്ദേശം നൽകിയിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പുന:സംഘടന നടത്തണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു.
ഇനി അത് മുന്നോട്ട് പോകുന്നത് ആത്മഹത്യപരമായിരിക്കുമെന്നും പാർട്ടിയെ ചലിപ്പിക്കാൻ മികവുറ്റ നേതൃതവം പുന:സംഘടനയിലൂടെ വരണമെന്നും വാദമുയർന്നു കഴിഞ്ഞു.
ഇതിനിടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാതിരിക്കാനും ചിലർ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ പൂർണ്ണമായും പ്രവർത്തനമികവിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കണം പുന:സംഘടനയെന്ന തീരുമാനത്തിൽ സംസ്ഥാന നേതൃതവം എത്തിയിട്ടുണ്ട്.
അതിനുള്ള ചട്ടക്കൂടും ചർച്ചയിലൂടെ ഏതാണ്ട് രൂപപ്പെട്ടു കഴിഞ്ഞു. ഡി.സി.സി ഭാരവാഹിത്വമുള്ളവരെയും യുവജന സംഘടനകളിലൂടെ വന്നവരെയുമാണ് കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെതെന്നും സെക്രട്ടറി സ്ഥാനത്തുള്ളവരെ മാത്രം ജനറൽ സെക്രട്ടറിയായി പരിഗണിച്ചാൽ മതിയെന്നുമാണ് ധാരണയായിട്ടുള്ളത്.
കെ.പി.സി.സി എക്‌സിക്യൂട്ടീവിൽ ഉൾപ്പെട്ടവരിൽ ചിലരെ നിലനിർത്തുന്നതിനും മാനദണ്ഡങ്ങൾ ബാധകമാക്കിയിട്ടുണ്ട്.