ഓരോ ഫയലും ഒരു ജീവിതം എന്നത് വാക്കിൽ മാത്രം. ഫയൽ അദാലത്ത് തീരാറായിട്ടും തീർപ്പാക്കിയത് 53.87% ഫയലുകള്‍ മാത്രം. പൊതുജനങ്ങളുമായി ഏറെ ബന്ധപ്പെട്ട വകുപ്പുകളിൽ ഫയൽനീക്കം ഒച്ചിഴയും പോലെ. ഫയൽനീക്കത്തിന്റെ ചുമതല ഇനി ചീഫ്സെക്രട്ടറിക്ക്. ഫയല്‍ അദാലത്തിനായി തയ്യാറാക്കിയ പോര്‍ട്ടല്‍ തുടര്‍ സംവിധാനമാവും. സർക്കാർ കിണഞ്ഞ് ശ്രമിച്ചിട്ടും ഫയലുകൾ അനങ്ങുന്നില്ല

സെക്രട്ടേറിയറ്റില്‍ ആകെയുണ്ടായിരുന്ന 3,04,960 ഫയലുകളില്‍ 1,42,201 ഉം, ഡയറക്ടറേറ്റുകളില്‍ 9,09,678 എണ്ണത്തില്‍ 5,06,718 ഉം, മറ്റു സ്ഥാപനങ്ങളിലെ 28,301 ല്‍ 20,668 ഉം ഫയലുകളാണ് ഇതുവരെ തീര്‍പ്പാക്കാനായത്.

New Update
file adalath
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഫയൽ അദാലത്ത് വിജയത്തിലെത്തിയില്ല. സെക്രട്ടേറിയറ്റിലും, വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും, പൊതുജനങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും കെട്ടിക്കിടന്ന 53.87% ഫയലുകള്‍ മാത്രമാണ് തീര്‍പ്പാക്കാനായത്.


Advertisment

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഫയൽനീക്കം ഒച്ചിഴയും വേഗത്തിലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഫയൽ അദാലത്ത് ഈ മാസം 31ന് അവസാനിക്കും. അതിനു ശേഷം ഫയൽനീക്കം പിന്നെയും പഴയപടിയാവാനാണ് സാദ്ധ്യത.


സെക്രട്ടേറിയറ്റ്, ഡയറക്ടറേറ്റുകള്‍, യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങള്‍ എന്നിവ ഒരുമിച്ച് പരിഗണിക്കുമ്പോഴാണ് ആകെ 53.87% ഫയലുകള്‍ തീർപ്പാക്കിയത്. സെക്രട്ടേറിയറ്റില്‍ 46.63%വും ഡയറക്ടറേറ്റുകളില്‍ 55.7%വും പബ്ലിക് യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളില്‍ 73.03%വും ഫയലുകളാണ് തീര്‍പ്പാക്കിയത്.

സെക്രട്ടേറിയറ്റില്‍ ആകെയുണ്ടായിരുന്ന 3,04,960 ഫയലുകളില്‍ 1,42,201 ഉം, ഡയറക്ടറേറ്റുകളില്‍ 9,09,678 എണ്ണത്തില്‍ 5,06,718 ഉം, മറ്റു സ്ഥാപനങ്ങളിലെ 28,301 ല്‍ 20,668 ഉം ഫയലുകളാണ് ഇതുവരെ തീര്‍പ്പാക്കാനായത്.


സെക്രട്ടേറിയറ്റില്‍ 11 വകുപ്പുകളില്‍ 60% ല്‍ അധികം ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. മറ്റു 30 വകുപ്പുകള്‍ 40- 50% വരെ തീര്‍പ്പാക്കി. 8 വകുപ്പുകളിലെ പുരോഗതി 20- 40% മാത്രമാണ്. ഡയറക്ടറേറ്റുകളില്‍ 48 വകുപ്പുകള്‍ 60% ല്‍ അധികം പുരോഗതി നേടിയിട്ടുണ്ട്.  മറ്റ് 36 വകുപ്പുകള്‍ 40% ല്‍ അധികം ഫയലുകള്‍ തീര്‍പ്പാക്കി.


സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് രണ്ടു ലക്ഷത്തിനടുത്ത് ഫയലുകളാണ്. വകുപ്പ് മേധാവികളുടെ ഓഫീസിലും ഫയലുകൾ നീങ്ങുന്നില്ല. ഫയൽ തീർപ്പാക്കലിന്റെ പുരോഗതി ചീഫ്സെക്രട്ടറിയും സെക്രട്ടറിമാരും വിലയിരുത്താനും ഉദ്യോഗസ്ഥതലത്തിലെ മേൽനോട്ടചുമതല ചീഫ് സെക്രട്ടറി വഹിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.

രണ്ടാഴ്ചയിലൊരിക്കൽ മന്ത്രിമാർ ഫയൽതീർപ്പാക്കൽ വിലയിരുത്തണം. ഫയൽ അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് മന്ത്രിമാരുടെ ഓഫീസുകൾ ഉറപ്പാക്കണം. കൃത്യമായ നിരീക്ഷണവുമുണ്ടാവണം.


ഇത്രയും കടുത്ത നിർദ്ദേശങ്ങളുണ്ടായിട്ടും ഫയലുകളിൽ തീരുമാനം വൈകുകയാണ്.  വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന ഫയലുകൾ പലപ്പോഴും അപൂർണമായതിനാൽ കരട് മന്ത്രിസഭാ കുറിപ്പുകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിക്കാൻ വൈകുന്നുവെന്ന് ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് വകുപ്പുകളെ അറിയിച്ചിരുന്നു.


ഫയല്‍ അദാലത്തിന്‍റെ വിജയത്തിന് ജീവനക്കാരുടെ ഭാഗത്തുനിന്ന്  നല്ല നിലയിലുള്ള സഹകരണമാണ് ഉണ്ടായതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൊതുജനങ്ങളുമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്ന ചില വകുപ്പുകള്‍ അദാലത്തില്‍ പിന്നോക്കം പോയത് പ്രത്യേകം പരിശോധിക്കും.

ചീഫ് സെക്രട്ടറി നടത്തുന്ന പ്രതിമാസ യോഗങ്ങളില്‍ ഇതിന്‍റെ പുരോഗതി തുടര്‍ച്ചയായി വിലയിരുത്തും. ഫയല്‍ അദാലത്തിനായി തയ്യാറാക്കിയ പോര്‍ട്ടല്‍ തുടര്‍ സംവിധാനമായി നിലനിര്‍ത്തും. മൂന്ന് മാസത്തിന് ശേഷം പുരോഗതി വീണ്ടും വിലയിരുത്തുന്നതിന് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment