/sathyam/media/media_files/2025/06/09/YKewP0HR8l9cLAG2XZeZ.jpg)
തിരുവനന്തപുരം: മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ അടിയന്തര ഘട്ടങ്ങളിൽ കൊല്ലുന്നതിന് അനുമതി നൽകുന്നതിനുള്ള നിയമം വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.
സെപ്തംബർ 15 മുതലാണ് നിയമസഭ സമ്മേളിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ ഉടൻ തന്നെ ബില്ലിന്റെ കരട് അവതരിപ്പിക്കും. മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവി സംഘർഷം പരിഹരിക്കാനുള്ള ശാശ്വത പരിഹാരമാർഗ്ഗങ്ങളോടെയാവും ബില്ല് കൊണ്ടുവരിക.
വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങളിൽ പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത് ലഘൂകരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമ ഭേദഗതിയുണ്ട്. ഇത് അടിസ്ഥാനമാക്കിയാവും ബില്ലിലെ വ്യവസ്ഥകൾ.
42-ാം ഭരണഘടനാഭേദഗതി പ്രകാരം കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുള്ള സമാവർത്തിപട്ടികയിലുള്ള വിഷയമായതിനാൽ ഭേദഗതിയാവാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഇതുപ്രകാരമാണ് സർക്കാർ നിയമ നിർമ്മാണത്തിന് ഒരുങ്ങുന്നത്.
കേരളത്തിലെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷം രൂക്ഷമായ മേഖലകളാണ്. അതിൽ 30 പഞ്ചായത്തുകൾ തീവ്ര ഭീഷണി നേരിടുന്നു. അവിടത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസകരമായ നിയമമായിരിക്കും വരുന്നത്.
വയനാട്ടിലെ 9 പഞ്ചായത്തിൽ വന്യജീവി സംഘർഷം രൂക്ഷമാണ്. മാനന്തവാടി, സുൽത്താൻ ബത്തേരി, ആറളം, കുട്ടമ്പുഴ, നൂൽപ്പുഴ, പനമരം, തവിഞ്ഞൽ, തിരുനെല്ലി, തൊണ്ടർനാട് എന്നിവയാണിത്.
മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടി കേന്ദ്രത്തെ സമീപിക്കാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാൽ, നിയമത്തിലെ ഉപാധികൾ പാലിക്കാതെ കൊല്ലാൻ കഴിയും.
ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം കേന്ദ്ര സർക്കാരിന് മാത്രമാണ്. കടുവ, കാട്ടാന തുടങ്ങിയ വന്യജീവികൾ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്നവയും. അതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രമായി പ്രത്യേക നിയമ നിർമ്മാണം അസാദ്ധ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
എങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ അടിയന്തര ഘട്ടങ്ങളിൽ കൊല്ലുന്നതിനാണ് നിയമം കൊണ്ടുവരുന്നത്.
നിലവിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം. പക്ഷേ, വന്യജീവി ജനവാസകേന്ദ്രത്തിലാണെന്നും അപകടകാരിയാണെന്നും ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് ലഭിക്കണം. ഇതിന് കാലതാമസമെടുക്കും.
സിആർപിസി 133-1-എഫ് പ്രകാരം കളക്ടർക്ക് ശല്യകാരിയായ ജീവിയെ കൊല്ലാൻ ഉത്തരവിടാം. പക്ഷേ, കളക്ടറുടെ ഉത്തരവ് വന്യജീവിസംരക്ഷണനിയമത്തിന് വിരുദ്ധമാവും. കളക്ടർ ഉത്തരവിട്ടാലും വൈൽഡ് ലൈഫ് വാർഡന്റെയും അനുമതി വേണ്ടിവരും.
കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും പുറപ്പെടുവിക്കാം. സമാനമായ രീതിയിൽ കുരങ്ങുകൾ, മുള്ളൻപന്നി തുടങ്ങിയവ അടക്കമുള്ളവയെ കൊല്ലാനാണ് നിയമം വരുന്നത്.
അപകടകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും ജനനനിയന്ത്രണത്തിനും സംസ്ഥാനത്തിന് അധികാരം ലഭിക്കുന്ന തരത്തിൽ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തുമാണ് പുതിയ നിയമം വരുന്നത്.
അതേസമയം, വന്യജീവി സംഘർഷം ലഘൂകരിക്കാനും ആവാസ വ്യവസ്ഥകളുടെ പാലനത്തിനും പരിഹാരം കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട്. 1400 കിലോമീറ്ററിലുള്ള സൗരോർജ വേലിയുടെ അറ്റകുറ്റപ്പണി പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കും.
പ്രശ്നബാധിത മേഖലകളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ തീവ്രയജ്ഞ പരിപാടി നടത്തും. വന്യജീവി സംഘർഷ മേഖലയെന്നത് വന്യജീവി സൗഹാർദ്ദ മേഖലയാക്കുകയാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നയസമീപനരേഖ പുറത്തിറക്കും.