/sathyam/media/media_files/2025/08/28/pinarai-vijayan-viswanath-arlekar-2025-08-28-15-46-14.jpg)
തിരുവനന്തപുരം: ഗവർണറുമായി പോരിന് പോയ സർക്കാരിന് യൂണിവേഴ്സിറ്റിക്കേസിൽ വീണ്ടും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഗവർണർ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിയമിച്ച വൈസ്ചാൻസലർ ഡോ.ശിവപ്രസാദിനെ അംഗീകരിക്കാത്ത സർക്കാരിന് വൻ തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.
സിൻഡിക്കേറ്റ് യോഗം വിളിക്കാനും അവസാനിപ്പിക്കാനും അധികാരം വി.സിക്കാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട അധികാര തർക്കത്തിൽ വൈസ് ചാൻസലറുടെ അധികാരം ശരിവച്ചാണ് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. സിൻഡിക്കേറ്റ് യോഗങ്ങൾ വിളിക്കാനും, ആവശ്യമെങ്കിൽ അവസാനിപ്പിക്കാനും വി.സിക്ക് പൂർണ്ണ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ടി.ആർ. രവിയുടേതാണ് ഉത്തരവ്.
ഡോ. കെ. ശിവപ്രസാദ് സാങ്കേതിക സർവ്വകലാശാല വിസിയായി ചുമതലയെടുത്ത ശേഷം ചേർന്ന ആദ്യ സിൻഡിക്കേറ്റ് യോഗത്തിലുണ്ടായ തർക്കമാണ് ഹർജിക്ക് ആധാരം. യോഗം വിളിച്ചുചേർത്ത വി.സി, ചില അംഗങ്ങൾ ആവശ്യപ്പെട്ട ഒരു വിഷയം അജണ്ടയിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ വാഗ്വാദത്തിൽ യോഗം തുടർന്നു കൊണ്ടുപോകാനാകാതെ നിർത്തിവെച്ചതായി പ്രഖ്യാപിച്ചു.
എന്നാൽ, വി.സി യോഗം അവസാനിപ്പിച്ച ശേഷവും ചില അംഗങ്ങൾ ചേർന്ന് യോഗം തുടരുകയും അജണ്ടകളിൽ തീരുമാനങ്ങൾ പാസാക്കുകയും ചെയ്തു. ഈ തീരുമാനങ്ങൾ വി.സി റദ്ദാക്കിയതോടെ സിൻഡിക്കേറ്റ് അംഗങ്ങൾ വിസിയുടെ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു.
വി.സി യോഗം അവസാനിപ്പിച്ച ശേഷം അംഗങ്ങൾ ചേർന്ന് നടത്തിയ യോഗം നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. യോഗത്തിൽ ആവശ്യത്തിന് അംഗങ്ങൾ ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രം അത് നിയമപരമാവില്ല. യോഗം വിളിക്കുന്ന വി.സിക്ക് അത് മാറ്റിവയ്ക്കാനും അവസാനിപ്പിക്കാനും അധികാരമുണ്ട്. ഈ അധികാരം സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമാണ്.
സർവകലാശാലാ നിയമങ്ങളുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷായിരിക്കണമെന്നും കോടതി വ്യക്തമാക്കി. മലയാളത്തിലുള്ള നിയമങ്ങൾ ഗസറ്റിൽ ഔദ്യോഗിക ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കുന്നത് വരെ കോടതി നടപടികൾക്ക് പൂർണ്ണമായി സ്വീകാര്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സർവകലാശാലകൾ അധികാര തർക്കങ്ങൾക്കുള്ള വേദിയാകരുതെന്നും, അവ വിജ്ഞാനത്തിൻ്റെയും വികസനത്തിൻ്റെയും കേന്ദ്രങ്ങളായി നിലകൊള്ളണമെന്നും കോടതി ഓർമ്മിപ്പിച്ചു. ഹർജികൾ തള്ളിയ കോടതി, ചർച്ച ചെയ്യപ്പെടാതെ പോയ വിഷയങ്ങൾ പരിഗണിക്കാൻ പുതിയൊരു സിൻഡിക്കേറ്റ് യോഗം ഉടൻ വിളിച്ചുചേർക്കാൻ വി.സിക്ക് നിർദേശം നൽകി.
വിസി ഡോ: സജി ഗോപിനാഥ് വിരമിച്ചതിനെത്തുടർന്ന് നിയമിതനായ കുസാറ്റ് പ്രൊഫസർ ഡോ: കെ.ശിവപ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ ആദ്യ സിൻഡിക്കേറ്റ് യോഗത്തിൽ തന്നെ സിൻഡിക്കേറ്റ് അംഗങ്ങളും വിസിയും തമ്മിൽ ശക്തമായ വാഗ്വാദങ്ങൾക്ക് വേദിയായി.
രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്ന കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന പ്രസിഡന്റ് ആർ. പ്രവീണിനെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് വിസിയുടെ പരിശോധനയോ അംഗീകാരമോ കൂടാതെ നേരിട്ട് സിൻഡിക്കേറ്റ് യോഗ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ചചെയ്യാൻ ശ്രമിച്ചത് വിസി അനുവദിക്കാത്തതാണ് വിസിയും സിൻഡിക്കേറ്റ് അംഗങ്ങളുമായുള്ള വാഗ്വാദത്തിൽ കലാശിച്ചത്.
സുപ്രധാനമായ അജണ്ടകൾ ഒന്നും തന്നെ ചർച്ച ചെയ്യുവാൻ സിപിഎം പ്രതിനിധികളായ പി. കെ. ബിജു മുൻ. എം പി യും, സച്ചിൻദേവ് എം.എൽ.എയും വിസിയെ അനുവദിച്ചില്ല. തുടർന്ന് യോഗം വിസി പിരിച്ചുവിട്ടു. യോഗം പിരിച്ചുവിട്ട ശേഷം മുൻ എം.പി പി. കെ. ബിജുവിന്റെ നേതൃത്വത്തിൽ ഹാജരായ സിൻഡിക്കേറ്റ് അംഗങ്ങൾ കൂട്ടായി സിൻഡിക്കേറ്റ് യോഗം ചേരുകയായിരുന്നു.
എംഎൽഎമാരായ സച്ചിൻ ദേവും ഐ.ബി സതീശനും യോഗത്തിൽ പങ്കെടുത്തു. സിൻഡിക്കേറ്റിന്റെ സെക്രട്ടറി കൂടിയായ രജിസ്ട്രാർ, യോഗം പിരിച്ചുവിട്ടശേഷം ചേർന്ന അനധികൃത യോഗത്തിൽ പങ്കെടുത്തതിനെ തുടർന്ന് വൈസ് ചാൻസലർ രജിസ്ട്രാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
യോഗം പിരിച്ചുവിട്ട ശേഷം വിസിയുടെ അസാന്നിധ്യത്തിൽ ചട്ടവിരുദ്ധമായി സിൻഡിക്കേറ്റ് യോഗം ചേർന്നതും, രജിസ്ട്രാർ യോഗത്തിൽ പങ്കെടുത്തതും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വിസി ഗവർണർക്ക് നൽകിയിരുന്നു.
വിസി ഡോ:കെ. ശിവപ്രസാദ് തന്നെ അനധികൃത സിൻഡിക്കേറ്റ് യോഗം റദ്ദാക്കിക്കൊണ്ട് നേരിട്ട് ഉത്തരവിറക്കി. രജിസ്ട്രാർ ഒപ്പിട്ട അനധികൃത സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് എല്ലാ ബ്രാഞ്ച് ഉദ്യോഗസ്ഥന്മാർക്കും വിസി മെയിൽ വഴി നിർദ്ദേശവും നൽകി.
വിസിയുടെ അഭാവത്തിൽ സിൻഡിക്കേറ്റിലെ അംഗമായ ഡോ: വിനോദ് കുമാർ ജേക്കബിന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്ന് കൈക്കൊണ്ട തീരുമാനങ്ങൾ റദ്ദാക്കിയ വിസിയുടെ നടപടി ചോദ്യം ചെയ്താണ് സിൻഡിക്കേറ്റ് അംഗം വിനോദ്കുമാർ ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്.