അഗോള അയ്യപ്പ സംഗമത്തിന് കോടികൾ ഒഴുക്കാൻ സർക്കാർ. പമ്പയിൽ നിർമ്മിക്കുന്നത് 3000 പേർക്കിരിക്കാവുന്ന പന്തൽ. പ്രതീക്ഷിക്കുന്നത് 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ. രാഷ്ട്രീയപരിപാടിക്ക് ദേവസ്വം ബോർഡിന്റെ ഫണ്ട് ചെലവിടുന്നത് തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി

അയ്യപ്പ സംഗമത്തിന് എത്തുന്ന ഭൂരിഭാഗം പേർക്കും താമസസൗകര്യം പത്തനംതിട്ട, കോട്ടയം, തിരുവല്ല, പന്തളം തുടങ്ങിയ സ്ഥലങ്ങളിൽ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. പമ്പയിലെത്തുന്ന വാഹനങ്ങൾക്ക് ഹിൽടോപ്പിൽ പാർക്കിങ്ങിന് സൗകര്യമൊരുക്കും.

New Update
shabarimala sannidhanam-2
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ കോടികൾ ചിലവഴിക്കാൻ സംസ്ഥാന സർക്കാർ. 3000 പേർക്കിരിക്കാവുന്ന പന്തലാണ് സംഗമത്തിനോട് അനുബന്ധിച്ച് പമ്പയിൽ പണിയുന്നത്.


Advertisment

50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെയാണ് സർക്കാർ സെപ്റ്റംബർ 20ന് നടക്കുന്ന അയ്യപ്പ സംഗമത്തിൽ പ്രതീക്ഷിക്കുന്നത്. വരുന്നവർക്കെല്ലാം സന്നിധാനത്ത് വി.ഐ.പി ദർശനവും ഒരുക്കും. പമ്പയിൽ സർവീസ് റോഡിനടുത്തുള്ള സ്ഥലം പൂർണമായും ഇന്റർലോക്ക് ചെയ്യും. സർവീസ് റോഡിനരികിലെ ഓട പുതുക്കിപ്പണിയും. ചാലക്കയം-പമ്പ റോഡ് അറ്റകുറ്റപ്പണി നടത്തും.


പമ്പയിലെ മരാമത്ത് ഗസ്റ്റ് ഹൗസിൽ എട്ടുമുറികളാണ് സംഗമം പ്രമാണിച്ച് നവീകരിക്കുന്നത്. അയ്യപ്പ സംഗമത്തിന് എത്തുന്ന ഭൂരിഭാഗം പേർക്കും താമസസൗകര്യം പത്തനംതിട്ട, കോട്ടയം, തിരുവല്ല, പന്തളം തുടങ്ങിയ സ്ഥലങ്ങളിൽ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. പമ്പയിലെത്തുന്ന വാഹനങ്ങൾക്ക് ഹിൽടോപ്പിൽ പാർക്കിങ്ങിന് സൗകര്യമൊരുക്കും.

കെ.എസ്.ആർ.ടി.സിയുടെ എ.സി ബസുകളിൽ പ്രതിനിധികളെ പമ്പയിൽ എത്തിക്കാനാണ് ആലോചന നടക്കുന്നത്. 3000 പേരെ സ്വീകരിക്കാൻ ആയിരം പേരുടെ സംഘാടക സമിതിയും ഉണ്ടാക്കിയിട്ടുണ്ട്. ബുഫെ സമ്പ്രദായത്തിലാകും ഭക്ഷണം നൽകുക. ഓണക്കോടിയും കിറ്റും എല്ലാവർക്കും നൽകും.

അഞ്ച് അപ്പവും അഞ്ച് അരവണയും കൊട്ടാരക്കരയിലെ ഉണഅണിയപ്പവും അടങ്ങുന്നതാകും ഗിഫ്റ്റ് പാക്ക്. കൊച്ചിയിൽ വിമാനം ഇറങ്ങുന്നവരെ പമ്പയിൽ എത്തിക്കാനും കെ. എസ്.ആർ.ടി.സിയുടെ എ.സി ബസുണ്ടാകും.


ഇതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ചേർന്ന് ആഗോള അയ്യപ്പസംഗമം നടത്താനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി എത്തിയിട്ടുണ്ട്. ശബരിമല തീർഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരിൽ സെപ്റ്റംബർ 20ന് നടത്തുന്നത് രാഷ്ട്രീയ പരിപാടിയാണെന്ന് ആരോപിച്ച് ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശ്ശേരി സ്വദേശി എം. നന്ദകുമാറാണ് ഹരജി നൽകിയിട്ടുള്ളത്.


രാഷ്ട്രീയ പരിപാടിക്ക് ദേവസ്വം ബോർഡിന്റെ ഫണ്ട് ചെലവിടുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. ഹിന്ദുമത തത്ത്വങ്ങളിൽപെട്ട 'തത്വമസി'യുടെ പ്രചാരണത്തിനെന്ന പേരിൽ സർക്കാർ പണം ചെലവിടുന്നത് ഭരണഘടനാവിരുദ്ധ മാണെന്നും മതപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാറിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.

ബി.ജെ.പി അടക്കമുള്ള സംഘപരിവാർ സംഘടനകളും ആഗോള അയ്യപ്പ സംഗമത്തോട് മുഖം തിരിച്ചു നിൽക്കുകയാണ്. ദേവസ്വംമന്ത്രി പ്രഖ്യാപിച്ച് സെപ്റ്റംബറിൽ പമ്പയിൽ നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് പിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്നും അയ്യപ്പവിശ്വാസികളിൽ ഇത് ആശങ്ക ഉണ്ടാക്കുന്നതായും സംഘപരിവാർ അനുകൂല സംഘടനയായ അയ്യപ്പസേവാ സമാജം സംസ്ഥാനസമിതി യോഗം അഭിപ്രായപ്പെട്ടിരുന്നു.


വ്രതശുദ്ധിയില്ലാതെ അവിശ്വാസികൾക്കും ആക്ടിവിസ്റ്റുകൾക്കും അയ്യപ്പസംഗമത്തിന്റെ പേരിൽ പമ്പയിൽ എത്തിച്ചേരാനാവുമെന്നും അവർ ആരോപിക്കുന്നു. ശബരിമല യുവതി പ്രവേശനവിധിയെ തുടർന്ന് 2019 ജനുവരിയിൽ ഇരുട്ടിന്റെ മറവിൽ ആചാരലംഘനത്തിന് ഒത്താശ നടത്തിയവർ നടത്തുന്ന അയ്യപ്പസംഗമം വിശ്വാസി സമൂഹത്തോട് കാണിക്കുന്ന വഞ്ചനയാണെന്നും സംഘടന വ്യക്തമാക്കുന്നു.


അയ്യപ്പവിശ്വാസികളുടെ ആചാരാനുഷ്ഠാനത്തിനെതിരായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുള്ള സർക്കാരിന്റെയും ദേവസ്വംബോർഡിന്റെയും കപടത അയ്യപ്പവിശ്വാസികൾ തിരിച്ചറിയണം. അയ്യപ്പസംഗമത്തിൽനിന്ന് കേരള സർക്കാർ പിൻമാറണമെന്നും അയ്യപ്പസേവാസമാജം സംസ്ഥാന അധ്യക്ഷൻ പി.എൻ. നാരായണവർമ ആവശ്യപ്പെട്ടിരുന്നു.

Advertisment