നാടകീയ നിമിഷങ്ങൾക്കൊടുവിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ തോല്പിച്ച് ആലപ്പി റിപ്പിൾസ്

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി 19.5 ഓവറിൽ ലക്ഷ്യത്തിലെത്തി.ആലപ്പിയുടെ അഭിഷേക് പി നായരാണ് പ്ലെയർ ഓഫ് ദി മാച്ച്.

New Update
cricket tvm

തിരുവനന്തപുരം: അവസാന നിമിഷം വരെ ആവേശം നിറഞ്ഞ് നിന്ന പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ തോല്പിച്ച് ആലപ്പി റിപ്പിൾസ്.  രണ്ട് വിക്കറ്റിനായിരുന്നു ആലപ്പിയുടെ വിജയം.

Advertisment

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി 19.5 ഓവറിൽ ലക്ഷ്യത്തിലെത്തി.ആലപ്പിയുടെ അഭിഷേക് പി നായരാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടി കാലിക്കറ്റിനെ ആദ്യം ബാറ്റിങ്ങിന് അയച്ച ആലപ്പിയ്ക്ക് ബൌളർമാർ നല്കിയത് ആഗ്രഹിച്ച തുടക്കം തന്നെയായിരുന്നു. കാലിക്കറ്റിൻ്റെ ഓപ്പണർമാരായ രോഹൻ കുന്നുമ്മലും സച്ചിൻ സുരേഷും തുടക്കത്തിൽ തന്നെ മടങ്ങി. 

സച്ചിൻ രണ്ടും രോഹൻ പൂജ്യവുമായാണ് മടങ്ങിയത്. അജ്നാസും അഖിൽ സ്കറിയയും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 54 റൺസ് പിറന്നെങ്കിലും പതിവ് വേഗത്തിൽ സ്കോറിങ് മുന്നോട്ട് നീക്കാൻ ഇരുവർക്കുമായില്ല. 

റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിൽ ഇരുവരും പുറത്താവുകയും ചെയ്തു. ഇരുവരും 27 റൺസ് വീതമെടുത്തു. പ്രീതിഷ് പവൻ ഏഴ് റൺസും നേടി മടങ്ങി.

തുടർന്നെത്തിയ അൻഫലും സൽമാൻ നിസാറും ചേർന്ന കൂട്ടുകെട്ടാണ് കാലിക്കറ്റിൻ്റെ സ്കോർ 176 വരെയെത്തിച്ചത്. ഇരുവരും ചേർന്ന് 57 പന്തുകളിൽ 105 റൺസാണ് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 

ഈ സീസണിലാദ്യമായി ഫോമിലേക്ക് ഉയർന്ന അൻഫൽ 27 പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 52 റൺസുമായി പുറത്താകാതെ നിന്നു. 

നിലയുറപ്പിച്ച ശേഷം അവസാന ഓവറുകളിൽ ആഞ്ഞടിച്ച സൽമാൻ നിസാർ രണ്ട് ഫോറും നാല് സിക്സുമടക്കം 26 പന്തുകളിൽ നിന്ന് 48 റൺസും നേടി. 

ആലപ്പിയ്ക്ക് വേണ്ടി ശ്രീഹരി എസ് നായർ രണ്ട് വിക്കറ്റും രാഹുൽ ചന്ദ്രൻ, ജലജ് സക്സേന, മൊഹമ്മദ് ഇനാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പിയ്ക്ക് അസറുദ്ദീനും ജലജ് സക്സേനയും ചേർന്ന് ഭേപ്പെട്ട തുടക്കം നല്കി. സ്കോർ 42ൽ നില്ക്കെ 22 റൺസെടുത്ത ജലജ് സക്സേന മടങ്ങി. 

രണ്ടാം വിക്കറ്റിൽ മുഹമ്മദ് അസറുദ്ദീനും അഭിഷേക് പി നായരും ചേർന്നുള്ള കൂട്ടുകെട്ടാണ് ആലപ്പിയുടെ ഇന്നിങ്സിൽ നിർണ്ണായകയമായത്. തകർത്തടിച്ച അഭിഷേക് പി നായരായിരുന്നു കൂടുതൽ തിളങ്ങിയത്. 

39 റൺസെടുത്ത മൊഹമ്മദ് അസറുദ്ദീനെ അൻഫൽ മടക്കി. എന്നാൽ അടുത്തടുത്ത ഇടവേളകളിൽ അഭിഷേക് പി നായരും മൊഹമ്മദ് കൈഫും മടങ്ങിയത് ആലപ്പിയ്ക്ക് തിരിച്ചടിയായി. അഭിഷേക് 27 പന്തുകളിൽ നിന്ന് 54 റൺസെടുത്തു. മുഹമ്മദ് കൈഫ് 13 റൺസും നേടി.

തുടർന്നെത്തിയവരിൽ  കെ എ അരുണിന് മാത്രമാണ് പിടിച്ചു നില്ക്കാനായത്. എന്നാൽ 22 റൺസെടുത്ത അരുൺ അവസാന ഓവറിലെ അഞ്ചാം പന്തിൽ പുറത്തായതോടെ കളി നാടകീയ നിമിഷങ്ങളിലേക്ക് നീങ്ങി. 

അവസാന പന്തിൽ ഏഴ് റൺസായിരുന്നു ആലപ്പിയ്ക്ക് ജയിക്കാൻ വേണ്ടത്. വൈഡായ പന്ത് വിക്കറ്റ് കീപ്പറുടെ കയ്യിൽ നിന്ന് വഴുതി ബൌണ്ടറിയിലേക്ക് പാഞ്ഞതോടെ അഞ്ച് റൺസ് ലഭിച്ചു. 

വൈഡിലൂടെ ലഭിച്ച അധിക പന്തിൽ ജയിക്കാൻ വേണ്ടത് രണ്ട് റൺസ്. ബാറ്റർമാർ ഒരു റൺ ഓടിയെടുത്തതോടെ ഇരു ടീമുകളും തുല്യനിലയിലായി. പന്തിന് ഉയരം കൂടുതലായിരുന്നു എന്ന് ബാറ്റർമാർ അപ്പീൽ ചെയ്തെങ്കിലും അമ്പയർ അനുവദിച്ചില്ല. 

ഒടുവിൽ തീരുമാനം തേഡ് അമ്പയറിലേക്ക്. ഉയരം പരിശോധിച്ച് തേഡ് അമ്പയർ വൈഡ് അനുവദിച്ചതോടെ ആലപ്പിയെ തേടി അവിശ്വസനീയ വിജയം എത്തുകയായിരുന്നു. 

കാലിക്കറ്റിന് വേണ്ടി അൻഫൽ മൂന്നും ഹരികൃഷ്ണനും ഇബ്നുൽ അഫ്താബും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. വിജയത്തോടെ ആറ് മല്സരങ്ങളിൽ നിന്ന് ആറ് പോയിൻ്റുമായി ആലപ്പി റിപ്പിൾസ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

Advertisment