'സ്വയംവര' വിശേഷങ്ങൾ പങ്കിട്ട് സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണന്‍ നടന്‍ മധുവിന് ഓണക്കോടി നൽകി

New Update
adoor gopalakrishnan madhu

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിൽ ഇത്രയും കാലം ഇത്രയുമധികം സ്നേഹം ലഭിച്ച നടനാണ് മധുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ആദ്യമായി സിനിമ എടുക്കുന്നവർക്കും സമീപിക്കാൻ കഴിയുന്ന നടൻ മധു തൻ്റെ സ്വയംവരം ചിത്രത്തിൽ വിശ്വം എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി.

Advertisment

1972-ൽ സ്വയംവരം നിർമ്മിച്ചത് രണ്ടര ലക്ഷം രൂപക്കാണ്. അന്ന് മധുവിന് പ്രതിഫലം നൽകിയോ എന്ന് സംശയമാണ്. നായിക ശാരദ 25000 രൂപയാണ് പ്രതിഫലം ചോദിച്ചത്. അന്ന് വലിയൊരു തുകയായിരുന്നു.

madhu

നടൻ കരമന ജനാർദ്ദനൻ വഴിയാണ് മധുവിനെ അന്ന് പരിചയപ്പെട്ടത്. നിർഭാഗ്യവശാൽ സ്വയംവരത്തിനു ശേഷം തൻ്റെ മറ്റ് ചിത്രങ്ങളിൽ മധുവിന് അഭിനയിക്കുവാനും സാധിച്ചില്ല. മധുവിനെ പോലെ സുന്ദരനായ ഒരു നടനും പിന്നീട് തൻ്റെ സിനിമകളിൽ നായകനായിട്ടില്ല - പുഞ്ചിരിയോടെ തൊട്ടടുത്തിരുന്ന മധുവിനെ ചേർത്തുപിടിച്ചു ക്കൊണ്ട് അടൂർ സ്വയംവര വിശേഷങ്ങൾ പങ്കുവെച്ചു. 

കഴിഞ്ഞ 60 വർഷമായി പരിചയമുണ്ടെങ്കിലും അടൂർ ഇത്രയുമധികം സംസാരിക്കുന്നതും കേൾക്കുന്നതും ഇതാദ്യമാണെന്നും തൻ്റെ വീട്ടിൽ വന്ന് ഇത്രയും വിശാലമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും മറുപടിയായി മധു പറഞ്ഞു. 

madhu-2

പ്രേംനസീർ സുഹൃത് സമിതി ഓണനിലാവ് ചടങ്ങിനോടനുബന്ധിച്ച് മധുവിൻ്റെ കണ്ണമൂലയിലെ വസതിയിൽ ഒരുക്കിയ ചടങ്ങിൽ മധുവിന് ഓണക്കോടി അടൂർ ഗോപാലകൃഷ്ണൻ സമർപ്പിച്ച അപൂർവ്വ സംഗമവേളയിലാണ് ഈ ഓണ വിശേഷം നടന്നത്. പാൽപായസത്തേക്കാൾ ഇരട്ടിമധുരമാണ് അടൂർ നൽകിയതെന്നും അടൂർ നൽകിയ പാൽ പായസം സ്വീകരിച്ചു കൊണ്ട് മധു പറഞ്ഞു.

റോട്ടറി ഡിസ്ട്രിക്ക് സെക്രട്ടറി എം.എൽ. ഉണ്ണികൃഷ്ണൻ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ സംസാരിച്ചു. പ്രേം സിംഗേഴ്സ് ഗായകർ ഓണപാട്ടുകളും മധു അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങളും ആലപിച്ചു.

Advertisment