/sathyam/media/media_files/dly06qSMVDTtHndN5YER.jpeg)
തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ പേരിലടക്കം മദ്യം വാങ്ങിയെന്ന് രേഖയുണ്ടാക്കി സി.ബി.ഐ അന്വേഷണം നേരിട്ട തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും വിവാദത്തിൽ.
യാത്രക്കാരുടെ പാസ്പോർട്ട് വിശദാംശങ്ങൾ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി ചോർത്തി വിദേശമദ്യം മറിച്ചുവിറ്റ ഡ്യൂട്ടിഫ്രീ ഷോപ്പിനെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തട്ടിപ്പിനിരയായ യാത്രക്കാരിൽനിന്ന് ആദ്യപടിയായി വിശദാംശങ്ങൾ ശേഖരിച്ചു. രണ്ട് മാസമായി തിരുവനന്തപുരത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ വൻ തട്ടിപ്പ് നടക്കുന്നതായാണ് വിവരം.
വിമാനയാത്രക്കാർ എത്തുമ്പോൾ സൗജന്യമായി ശീതളപാനീയങ്ങളും മറ്റും നൽകി സത്കരിക്കുകയും പാസ്പോർട്ട് വാങ്ങി സ്കാൻചെയ്ത് മടക്കിനൽകുകയും ചെയ്യും.
തുടർന്ന് അവരുടെ അറിവും സമ്മതവുമില്ലാതെ പാസ്പോർട്ട് നമ്പരുപയോഗിച്ച് മറ്റ് യാത്രക്കാർക്ക് അളവിലധികം മദ്യം നൽകുകയാണ് പതിവെന്ന് കസ്റ്റംസ് കണ്ടെത്തി.
നിയമാനുസൃതം 2 ലിറ്റർ വിദേശമദ്യമാണ് യാത്രക്കാരന് അനുവദനീയമായുള്ളത്. മദ്യംവാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് നമ്പരുപയോഗിച്ച് മറ്റ് യാത്രക്കാർക്ക് രണ്ട് ലിറ്ററിലധികം മദ്യം നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മദ്യംവാങ്ങാത്ത യാത്രക്കാരുടെ പേരിലാണ് അധികം നൽകുന്ന മദ്യത്തിന്റെ ബില്ലുകൾ. ആദ്യഘട്ടത്തിൽ ഒക്യുറൻസ് റിപ്പോർട്ട് തയ്യാറാക്കിയ ശേഷമാണ് യാത്രക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. അടുത്തഘട്ടത്തിൽ ഡ്യൂട്ടിഫ്രീ ഷോപ്പിന് കാരണം കാണിക്കൽ നോട്ടീസ് നൽകും.
2017ലായിരുന്നു സി.ബി.ഐ അന്വേഷണത്തിന് വഴിവച്ച വമ്പൻ തട്ടിപ്പ് തിരുവനന്തപുരത്തെ ഡ്യൂട്ടിഫ്രീയിൽ അരങ്ങേറിയത്. രാജ്യാന്തരയാത്രക്കാർക്ക് മദ്യം വിറ്റെന്ന വ്യാജരേഖയുണ്ടാക്കി ആറുകോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ച കേസിൽ ഒന്നാം പ്രതിയായത് കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോർജ്ജ് ആയിരുന്നു.
ലൂക്ക് അടക്കം നാല് പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം നൽകിയിരുന്നു. ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്സ് സി.ഇ.ഒ സുന്ദരവാസനും ജീവനക്കാരായ മദൻ, കിരൺ ഡേവിഡ് എന്നിവരുമാണ് മറ്റു പ്രതികൾ.
മദ്യം കടത്താനായി രാജ്യാന്തര യാത്രക്കാരുടെ വിവരം വിദേശമദ്യ ഡ്യൂട്ടി ഫ്രീ ഷോപ്പ് 'പ്ലസ് മാക്സിനു' നൽകിയത് ലൂക്ക് കെ. ജോർജ് ആണെന്ന് കസ്റ്റംസ് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 15വിമാനക്കമ്പനികളിൽ നിന്നാണ് വിവരം ശേഖരിച്ചത്.
മദ്യം വാങ്ങാത്ത ആയിരക്കണക്കിനു യാത്രക്കാരുടെ പേരിലാണ് വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കിയത്. ആറു വയസുള്ള മുസ്ലിം കുട്ടിക്കു മൂന്നു കുപ്പി മദ്യം വിറ്റെന്നു പോലും രേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
2017 സെ്റ്റപംബർ ഒന്നിനും ഡിസംബർ 15–നും ഇടയിലുള്ള രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങൾ പ്ലസ് മാക്സ് സി.ഇ.ഒ ആർ.സുന്ദരവാസൻ എയർലൈൻസുകളോട് ആവശ്യപ്പെട്ടിരുന്നു.
ഇത് എയർലൈൻസുകൾ തള്ളി. പിന്നീട്, ലൂക്ക് കെ. ജോർജ് ഇതേ ആവശ്യം എയർലൈൻസുകളോട് ഉന്നയിച്ചു. രേഖാമൂലം ആവശ്യപ്പെടണമെന്ന് എയർലൈൻസുകൾ മറുപടി നൽകി.
കേസ് അന്വേഷണത്തിനായി യാത്രക്കാരുടെ വിവരം നൽകണമെന്നു ഡിസംബർ 18–നു ഇ മെയിൽ വഴി 17 എയർലൈൻസുകളോട് ആവശ്യപ്പെട്ടു.
ലൂക്ക് വിവരങ്ങൾ ശേഖരിക്കുന്നതറിഞ്ഞ്, കസ്റ്റംസ് അസി. കമ്മിഷണർ താക്കീതു നൽകിയിരുന്നു. കസ്റ്റംസിന്റെ ശുപാർശപ്രകാരം അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ലൂക്കിനെ ഒന്നാം പ്രതിയാക്കി.
പിന്നീട് നാലു വർഷം തിരുവനന്തപുരത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടിക്കിടന്നു. 2022 ജൂണിലാണ് പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നത്. മുംബയ് ട്രാവൽ റീട്ടെയിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ എന്നാണ് പുതിയ പേര്.
അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ, അറൈവൽ മേഖലകളിൽ 2450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകൾ. ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ 2 ഔട്ട്‌ലെറ്റുകൾ ഉണ്ടാകും.
ഒരു സ്റ്റോർ ഇറക്കുമതി ചെയ്ത മിഠായികൾ, ബ്രാൻഡഡ് പെർഫ്യൂമുകൾ, ട്രാവൽ ആക്സസറികൾ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. ഹാൻഡ് ബാഗുകളും സൺഗ്ലാസുകളും പോലുള്ള ഫാഷൻ വിഭാഗങ്ങളുമുണ്ട്.
അറൈവൽ ഏരിയയിൽ കൺവെയർ ബെൽറ്റിന് എതിർവശത്താണ് പുതിയ ഷോപ്പ്. യാത്രക്കാർക്ക് പരമാവധി സൗകര്യമൊരുക്കുന്ന തരത്തിലാണ് ഷോപ്പ്. ശരിയായ ഉൽപ്പന്നം തിരഞ്ഞെടുക്കാൻ യാത്രക്കാരെ സഹായിക്കാൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവുകളെയും നിയോഗിച്ചിട്ടുണ്ട്.