/sathyam/media/media_files/2025/08/12/pinarai-vijayan-secreteriate-2025-08-12-14-27-51.jpg)
തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതം ആണെന്ന് നിലപാടുള്ള സര്ക്കാർ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ തീർപ്പാക്കാൻ കടുത്ത നടപടികളുമായി മുന്നോട്ട്.
ആഗസ്ത് 31നു അവസാനിച്ച ഫയൽ അദാലത്ത് ലക്ഷ്യം കാണാത്തത് ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം ചർച്ച ചെയ്തു. ശക്തമായ തുടർനടപടികൾ തീരുമാനിച്ചു.
ജൂലായ് 1 മുതൽ ആഗസ്റ്റ് 31 വരെ നടത്തിയ ഫയൽ അദാലത്തിന്റെ തുടർച്ചയായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഫയൽ അദാലത്തിന്റെ മൊത്തത്തിലുള്ള കണക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ റിപ്പോർട്ട് ഫയൽ അദാലത്ത് പോർട്ടലിൽ എല്ലാ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കും.
ഫയൽ അദാലത്ത് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തിയ സെക്രട്ടേറിയറ്റ്, വകുപ്പ്തലവൻമാരുടെ കാര്യാലയങ്ങൾ, പബ്ലിക് യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ഫയൽ അദാലത്തിൻ്റെ സെക്ഷൻ/സീറ്റ് തിരിച്ചുള്ള കണക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് സെക്രട്ടേറിയറ്റിലെ ഓരോ വകുപ്പിലെയും, നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൻ്റെയും പ്രത്യേകം ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതാണ്.
റിപ്പോർട്ടുകൾ എപ്രകാരം തയ്യാറാക്കണം എന്നത് സംബന്ധിച്ച വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും.
അദാലത്ത് നടപടികൾ അവസാനിക്കുന്നു എങ്കിലും തീർപ്പാക്കാൻ ശേഷിക്കുന്ന ഫയലുകളുടെ തീർപ്പാക്കൽ പുരോഗതി നിരീക്ഷിക്കുന്നതിനും റിവ്യൂ ചെയ്യുന്നതിനും ആയി അദാലത്ത് പോർട്ടൽ തുടരും.
അദാലത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള ഓരോ വകുപ്പിന്റെയും സ്ഥാപനത്തിന്റെയും നോഡൽ ഓഫീസർമാർ ആ ചുമതലയിൽ തുടരേണ്ടതും ആ ഉദ്യോഗസ്ഥൻ മാറുന്ന മുറയ്ക്ക് പുതുതായി ചാർജ്ജ് എടുക്കുന്ന ഉദ്യോഗസ്ഥന് നോഡൽ ഓഫീസറുടെ ചുമതല നൽകേണ്ടതുമാണ്.
എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും അദാലത്തിനു ശേഷം തീർപ്പാക്കാൻ അവശേഷിക്കുന്ന ഫയലുകൾ പരമാവധി തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
ഫയലുകളുടെയും തപാലുകളുടെയും സമയബന്ധിതമായ പ്രോസസിംഗ് ഉറപ്പുവരുത്തുന്നതിനായി എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും പേഴ്സണൽ രജിസ്റ്ററുകളുടെ പരിശോധന മാനുവൽ പ്രകാരമുള്ള ഷെഡ്യൂൾ പ്രകാരം കൃത്യമായി നടത്തേണ്ടതാണ്.
എല്ലാ നോഡൽ ഓഫീസർമാരും ഓരോ രണ്ടാഴ്ചയിലും അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി റിവ്യൂ ചെയ്യേണ്ടതും അതിന്റ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സെക്ഷനുകൾക്കും നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്.
വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലെയും/ സ്ഥാപനങ്ങളിലെയും അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പ്/സ്ഥാപനമേധാവികൾ റിവ്യൂ ചെയ്യേണ്ടതാണ്.
ഓരോ സെക്രട്ടേറിയറ്റ് വകുപ്പിന്റെയും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലെയും/സ്ഥാപനങ്ങളിലെയും അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പ് സെക്രട്ടറിമാർ എല്ലാ മാസവും റിവ്യൂ ചെയ്യേണ്ടതാണ്.
ചീഫ് സെക്രട്ടറിയുടെ സെക്രട്ടറിമാരുമായുള്ള പ്രതിമാസ യോഗത്തിൽ അദാലത്ത് പോർട്ടലിലെ മൊത്തത്തിലുള്ള തീർപ്പാക്കൽ പുരോഗതി സ്ഥിരമായ അജണ്ടയായി ഉൾപ്പെടുത്തി റിവ്യൂ ചെയ്യേണ്ടതാണ്.
60 ശതമാനത്തിൽ താഴെ ഫയലുകൾ തീർപ്പാക്കിയ വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ ഊർജ്ജിതമായി തുടരേണ്ടതാണ്. മൂന്നു മാസങ്ങൾക്ക് ശേഷം അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പുമന്ത്രി റിവ്യൂ ചെയ്യേണ്ടതാണ്.
ഫയലുകളുടെയും തപാലുകളുടെയും കൃത്യമായ പ്രോസസിംഗ് ഉറപ്പുവരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമായി അദാലത്ത് പോർട്ടൽ ഒരു സ്ഥിരം സംവിധാനമായി തുടരേണ്ടതാണ്.
2025 ജൂലൈ മാസം മുതലുള്ള ഫയലുകൾ കൂടി അദാലത്ത് പോർട്ടലിലേക്ക് ഉൾപ്പെടുത്തേണ്ടതായും ഫയലുകളുടെ പുരോഗതി കൂടി നിരീക്ഷിക്കേണ്ടതായും ഉണ്ട്.
ഇതിനായുള്ള സംവിധാനങ്ങൾ പോർട്ടലിൽ ഏർപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുവാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ ചുമതലപ്പെടുത്തി.
എൻ.ഐ.സി ഓരോ മാസവും 5-ാം തീയതിക്കു മുമ്പായി മുൻമാസത്തെ ഫയലുകളുടെ വിവരം പോർട്ടലിലേക്ക് കൈമാറണം. ഇക്കാര്യം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉറപ്പാക്കണം.
പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികളിലെയും നിവേദനങ്ങളിലെയും ആവശ്യങ്ങൾ പരിശോധിച്ച് അത് പരിഗണിക്കാൻ കഴിയുന്നതാണോ, പരിഗണിക്കാൻ കഴിയാത്തതാണോ, തീരുമാനമെടുക്കാൻ സമയം ആവശ്യമുള്ളവയാണോ എന്നുള്ള വിവരങ്ങൾ പരമാവധി മൂന്ന് മാസത്തിനുള്ളിൽ പരാതിക്കാരനെ അറിയിക്കേണ്ടതും അനാവശ്യമായ കാലതാമസങ്ങൾ ഒഴിവാക്കേണ്ടതുമാണ്.
പെറ്റീഷനുകളിലും നിവേദനങ്ങളിലും വേഗത്തിൽ നടപടി സ്വീകരിക്കുന്നതിനും പെറ്റീഷന്റെ സ്റ്റാറ്റസ് അപേക്ഷകന് കൃത്യമായി മനസ്സിലാക്കുന്നതിനുമായി ഒരു പ്രത്യേക പോർട്ടൽ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ഐടി വകുപ്പ് പരിശോധിക്കേണ്ടതാണ്.
സെക്രട്ടേറിയറ്റിലും വകുപ്പു മേധാവികളുടെ കാര്യാലയങ്ങളിലും യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളിലും കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കാൻ നടത്തിയ ഫയൽ അദാലത്തിൽ 59 ശതമാനം ഫയലുകളാണ് തീർപ്പാക്കിയത്.
സെക്രട്ടേറിയറ്റിൽ 3,05,555 ഫയലുകളാണ് തീർപ്പാക്കാനുണ്ടായിരുന്നത്. ഇതിൽ 1,58,336 ഫയലുകൾ തീർപ്പാക്കി (52 ശതമാനം).
വകുപ്പു മേധാവികളുടെ കാര്യാലയങ്ങളിലും യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളിലും യഥാക്രമം 60 ശതമാനം, 79 ശതമാനം പുരോഗതി കൈവരിച്ചു.