/sathyam/media/media_files/2025/08/22/technological-university-2025-08-22-17-16-47.jpg)
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ ഹബ് ആവാൻ ലക്ഷ്യമിടുന്ന കേരളത്തിൽ രാഷ്ട്രീയക്കാരുടെ വേണ്ടപെട്ടവർക്ക് പുനർ നിയമനം നൽകുന്നത് തുടരുന്നു. നേരത്തെ കണ്ണൂർ യൂണിവേഴ്സിറ്റി വിസി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതുകൊണ്ടും പഠിക്കാതെയാണ് ടെക്നോളജി യൂണിവേഴ്സിറ്റിയിൽ പുനർ നിയമനം. അവിടെ രജിസ്ട്രാറുടെയും പരീക്ഷാ കൺട്രോളറുടെയും പുനർ നിയമനങ്ങൾ ചട്ടവിരുദ്ധം ആണെന്ന് പരാതി ഉയർന്നിരുന്നു.
ആറുമാസം മുമ്പ് നിയമന കാലാവധി അവസാനിച്ച് സർവീസിൽ നിന്നും പിരിഞ്ഞുപോയ മുൻ രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനം നൽകാനുള്ള സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനമാണ് ചട്ടവിരുദ്ധമായത്.
സർവ്വകലാശാല നിയമ പ്രകാരം സർവീസിൽ തുടരുന്നവർക്ക് അവരുടെ സേവനം തൃപ്തികരമാണെങ്കിൽ മറ്റൊരു ടേം കൂടി പുനർ നിയമനം നൽകാൻ സർവ്വകലാശാല നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. സർവീസിൽ നിന്നും വിടുതൽ ചെയ്തവർക്ക് വീണ്ടും നിയമപ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിയിലൂടെ മാത്രമേ നിയമനം നൽകുവാൻ വ്യവസ്ഥയുള്ളൂ.
കണ്ണൂർ സർവ്വകലാശാല വിസിയായി പുനർനിയമനം നൽകിയിരുന്ന ഡോ:ഗോപിനാഥ് രവീന്ദ്രന്റെ നിയമനം പരിഗണിക്കവേ തുടർനിയമനമായതുകൊണ്ട് സെർച്ച് കമ്മിറ്റി കൂടാതെ തന്നെ നിയമനം നൽകാവു ന്നതാണെന്നും ഇടവേള കഴിഞ്ഞുള്ള നിയമനങ്ങൾ കമ്മിറ്റിയുടെ ശുപാർശയിൽ മാത്രമേ പാടുള്ളൂവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല ഒഴിവുവന്ന രജിസ്ട്രാറുടെയും പരീക്ഷ കൺട്രോളറുടെയും നിയമനങ്ങൾക്ക് അപേക്ഷ സ്വീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും, ലഭിച്ച അപേക്ഷകൾ സർവ്വകലാശാലയുടെ പരിഗണനയിലുമാണ്. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് പുനർ നിയമനം നൽകിയത്.
ഈ സാഹചര്യത്തിൽ മുൻ രജിസ്ട്രാർക്കും മുൻ പരീക്ഷാ കൺട്രോളർക്കും പുനർനിയമനം നൽകുവാനുള്ള ചട്ട വിരുദ്ധമായ സിൻഡിക്കേറ്റ് തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള ഗവർണർക്കും സാങ്കേതിക സർവ്വകലാശാല വിസിക്കും നിവേദനം നൽകി.