'വിരട്ടിയുള്ള വീഴ്ത്തൽ'. 20-20യുടെ എൻഡിഎ പ്രവേശനം ഇഡി അന്വേഷണത്തെ തുടർന്നെന്ന് സൂചനകൾ. കിറ്റെക്‌സിനെതിരെ കേസെടുത്തത് ഫെമ നിയമപ്രകാരം. കമ്പനിക്കെതിരെ രണ്ട് തവണ നോട്ടീസ് നൽകി ഇഡി

ജനുവരി 22-നാണ് ട്വൻറി ട്വൻറി എൻഡിഎയ്‌ക്കൊപ്പം ചേരുന്നതായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം പത്രസമ്മേളനം വിളിച്ച് സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. 

New Update
narendra modi sabu m jacob
Listen to this article
0.75x1x1.5x
00:00/ 00:00

 കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായി ട്വൻറി ട്വൻറിയുടെ എൻഡിഎ പ്രവേശനം എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത ഫെമ കേസിന് പിന്നാലെയെന്ന സൂചനകൾ പുറത്ത് വരുന്നു. 

Advertisment

സാബു എം ജേക്കബ്ബ് നേതൃത്വം നൽകുന്ന പാർട്ടിയെ വിരട്ടിയാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. സാബു എം ജേക്കബിൻറെ കമ്പനിയായ കിറ്റെക്‌സ് ഗ്രൂപ്പിനെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിക്കുന്നതിനിടെ എൻഡിഎയിൽ ചേരാൻ പാർട്ടി നേതൃത്വം സമ്മതമറിയിച്ചത്.


കിറ്റെക്‌സ് ഗ്രൂപ്പിനെതിരേ ഫെമ നിയമലംഘനത്തിനാണ് ഇഡി കേസെടുത്തത്. വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി രണ്ടുതവണ നോട്ടീസ് അയച്ചെങ്കിലും സാബു എം ജേക്കബ് ഹാജരായിരുന്നില്ല. പകരം, ചാർട്ടേർഡ് അക്കൗണ്ടന്റിനെ അയയ്ക്കുകയായിരുന്നു. 

വിഷയത്തിൽ അന്വേഷണം മുറുകുന്നതിനിടെയാണ് സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമാകുന്നത്. ജനുവരി 22-നാണ് ട്വൻറി ട്വൻറി എൻഡിഎയ്‌ക്കൊപ്പം ചേരുന്നതായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം പത്രസമ്മേളനം വിളിച്ച് സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. 

തുടർന്ന് അടുത്തദിവസം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തുവെച്ച് ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമായി. പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് ട്വന്റി ട്വന്റി ഒരു മുന്നണിയുടെ ഭാഗമായത്. 


ഒറ്റയ്ക്ക് നിന്നാൽ കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമം പ്രായോഗികമാകുമോ എന്ന ആശങ്ക മൂലമാണ് എൻഡിഎയ്ക്കൊപ്പം ചേരാൻ തീരുമാനിച്ചതെന്നായിരുന്നു സാബു എം ജേക്കബിന്റെ വിശദീകരണം.


തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിക്ക് കനത്ത ക്ഷീണമേറ്റിരുന്നു. നാലു പഞ്ചായത്തിൽ അധികാരത്തിലുണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടിടത്തെ ഭരണം നഷ്ടമായി. 

രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനിൽ അംഗങ്ങൾ ഉണ്ടായതും ഇത്തവണ നഷ്ടമായി. കൈവശമുണ്ടായിരുന്ന ഒരു ബ്ലോക്ക്പഞ്ചായത്തും കൈവിട്ടിരുന്നു. ഇതിനിടെയാണ് ബിജെപി 20-20യെ അടുപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയത്.

Advertisment