/sathyam/media/media_files/GjHpKaaIfBzuNowck3zO.webp)
കോട്ടയം: സംസ്ഥാനത്തു നാലു ദിവസത്തിനിടെ രണ്ടു ജീവനുകള്‍ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞു. ഇന്നു അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. പെരിങ്ങല്‍ക്കൂത്ത് പൊകലപ്പാറ കോളനിയിലെ സുന്ദരന്‍(55)ആണ് കൊല്ലപ്പെട്ടത്. പെരിങ്ങല്‍ക്കൂത്ത് പവര്‍ഹൗസിന് സമീപമായിരുന്നു ആക്രമണം.
മൂന്നു ദിവസം മുന്‍പേ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചിരുന്നു. പത്താം ബ്ലോക്കിലെ സോമന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിന് പുറത്തേക്കിറങ്ങിയതായിരുന്നു അനീഷ്. ഈ സമയത്ത് പുറത്ത് നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റു. ഉടന്‍തന്നെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നു പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
സംഘര്‍ഷങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ ആശങ്കാജനകമായ വര്‍ധനവാണു കേരളത്തില്‍. മലയോര മേഖലകളിലെ ആദിവാസി ഗ്രാമങ്ങള്‍ കടുത്ത ഭീതിയിലാണ്. കാട്ടാന കൂട്ടം ആദിവാസികളുടെ വീടും കൃഷികളും വ്യാപകമായി നശിപ്പിക്കുന്നു. കഴിഞ്ഞ കുറേകാലമായി ആനകൂട്ടമെത്തി വന്‍ തോതില്‍ നാശം വരുത്തുന്നു.
കാര്‍ഷിക വിളകള്‍ക്കു പുറമേ നിരവധി വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പട്ടിട്ടുണ്ട്. മലയോര മേഖലയില്‍ ഏക്കറു കണക്കിനു തോട്ടങ്ങളാണു കാട്ടനായെ പേടിച്ചു കൃഷി ഉപേക്ഷിച്ചിട്ടിരിക്കുന്നത്. ഈ ഭാഗങ്ങള്‍ കാടുപിടിച്ചു കിടക്കുന്നതിനാല്‍ വന്യമൃഗങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്.
കിഫയുടെ കണക്കു പ്രകാരം 2021 മുതല്‍ 2025 വരെയുള്ള 5 വര്‍ഷക്കാലയളവില്‍ കേരളത്തില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത് 117 പേരാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ആനയാക്രമണം കേരളത്തിലെ ഹൈറേഞ്ച് മോഖലകളിലെല്ലാം പ്രധാന ചര്‍ച്ചയായി മാറിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us