Advertisment

ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാനാപകടം; കാണാതായവരില്‍ രണ്ട് മലയാളികള്‍ കൂടിയുണ്ടെന്ന് ബന്ധുക്കൾ

ഇ എം തോമസിന്‍റെ മരണത്തെ തുടര്‍ന്ന് സഹോദരന്‍ ബാബു തോമസിന് സംസ്ഥാന സര്‍ക്കാര്‍ വനംവകുപ്പില്‍ ജോലി നല്‍കിയിരുന്നു.

New Update
 Two More Malayali Soldiers Missing

പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണാതായ സൈനികരില്‍ രണ്ടു മലയാളികള്‍ കൂടിയുണ്ടെന്ന് ബന്ധുക്കള്‍. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള രണ്ടു പേരെ കുറിച്ചാണ് വിവരം ഇല്ലാത്തത്.

Advertisment

ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന്‍റെ മൃതദേഹം 56 വര്‍ഷത്തിന് ശേഷം കണ്ടെത്തിയെന്ന് വിവരം പുറത്തു വന്നതോടെയാണ് ഇതേ വിമാനത്തില്‍ സഞ്ചരിച്ചിരുന്ന പത്തനംതിട്ട കാട്ടൂര്‍ സ്വദേശി തോമസ്, കോട്ടയം സ്വദേശി കെ കെ രാജപ്പന്‍ എന്നിവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പത്തനംതിട്ട കാട്ടൂര്‍ വയലത്തലയിലെ ഇ എം തോമസിന് വേണ്ടി ബന്ധുക്കള്‍ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 21ാം വയസിലാണ് അദ്ദേഹത്തെ വിമാന അപകടത്തില്‍ കാണാതാകുന്നത്.

തിങ്കളാഴ്‌ചയാണ് ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്‍റെ മൃതദേഹം കണ്ടെത്തിയെന്ന സന്ദേശം സൈനിക കേന്ദ്രത്തില്‍ നിന്ന് ആറന്മുള പൊലീസ് വഴി കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത്. തോമസ് ചെറിയാന്‍റെ അകന്ന ബന്ധു കൂടിയാണ് ഇ എം തോമസ്.

കാട്ടൂര്‍ വയലത്തല ഈട്ടി നില്‍ക്കുന്ന കാലായില്‍ ഇ ടി മാത്യുവിന്‍റെയും സാറാമ്മ മാത്യുവിന്‍റെയും മൂത്ത മകനാണ് ഇ എം തോമസ്. സഹോദരന്‍ ബാബു മാത്യുവിന്‍റെ മക്കളാണ് ഇപ്പോള്‍ വയലത്തലയിലെ വീട്ടില്‍ താമസിക്കുന്നത്. സഹോദരി മോളി വര്‍ഗീസ് അമേരിക്കയിലാണ്.

ഇ എം തോമസിന്‍റെ മരണത്തെ തുടര്‍ന്ന് സഹോദരന്‍ ബാബു തോമസിന് സംസ്ഥാന സര്‍ക്കാര്‍ വനംവകുപ്പില്‍ ജോലി നല്‍കിയിരുന്നു.

മാതാപിതാക്കള്‍ക്ക് സൈന്യത്തില്‍ നിന്ന് പെന്‍ഷനും ലഭിച്ചിരുന്നു. ബാബു മാത്യുവും മാതാപിതാക്കളും മരിച്ചു. കാണാതായവരെക്കുറിച്ച്‌ അന്വേഷണം തുടരുന്നതായി 20 വര്‍ഷം മുൻപ് സൈനിക കേന്ദ്രത്തില്‍ നിന്ന് വീട്ടില്‍ സന്ദേശം ലഭിച്ചിരുന്നെന്ന് ബാബു മാത്യുവിന്‍റെ മകന്‍ വിപിന്‍ പറഞ്ഞു.

1968 ഫെബ്രുവരി ഏഴിന് 102 യാത്രക്കാരുമായി ചണ്ഡീഗഡില്‍ നിന്ന് പറന്നുയര്‍ന്ന ഇന്ത്യൻ എയർ ഫോഴ്‌സിന്‍റെ നാല് എഞ്ചിനുകളുള്ള ടര്‍ബോപ്രോപ്പ് എഎൻ12 വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്നുവീഴുകയായിരുന്നു.

തിരംഗ മൗണ്‍ടെയ്ന്‍ റെസ്‌ക്യൂ, സൈന്യത്തിലെ ദോഗ്ര സ്‌കൗട്‌സ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിൽ ഹിമാചൽ പ്രാദേശിലെ റോഹ്താങ് പാസിലെ മഞ്ഞുമലയില്‍ നിന്നാണ് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്‍റെ ഉൾപ്പെടെ നാല് പേരുടെ മൃതദേഹ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്.

Advertisment