'തുണിയുടുക്കാത്ത താരങ്ങളെ കട ഉദ്ഘാടനം ചെയ്യാൻ വിളിക്കുന്നത് പുതിയ സംസ്കാരം'; സിനിമാ താരങ്ങൾക്കെതിരായ യു. പ്രതിഭ എം.എൽ.എയുടെ പ്രസംഗം വിവാദത്തിൽ

New Update
prathibha

കായംകുളം: സിനിമാ താരങ്ങൾക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കായംകുളം എം എൽ എ. യു പ്രതിഭ നടത്തിയ പ്രസംഗം വിവാദത്തിൽ. കഴിഞ്ഞ ബുധനാഴ്ച കായംകുളം എരുവ നളന്ദ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ  വാർഷികാഘോഷ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു എം എൽ എ.

Advertisment

കട ഉദ്ഘാടനത്തിന് ഉടുപ്പില്ലാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരം. തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണ്. സിനിമാ താരങ്ങളോട് സമൂഹത്തിന് ഒരു തരം ഭ്രാന്ത് ആണ്. എന്തിനാണതെന്ന് മനസ്സിലാകുന്നില്ല. 

ഇത്രയും വായ്നോക്കികളാണോ കേരളത്തിലെ മനുഷ്യർ ? തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറും. ഇത് നിർത്തണം. തുണിയുടുത്ത് വന്നാൽ മതി എന്ന് അവരോട് പറയണം. 

ഇതൊക്കെ സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്. തുണിയുടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ചോദ്യം ചെയ്യാനുള്ള അവകാശമൊന്നും നമുക്കില്ലെന്നും എം എൽ എ പറഞ്ഞു.

നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ നടക്കുന്ന റിയാലിറ്റി ഷോയ്ക്കെതിരെയും എം എൽ എ വിമർശനമുന്നയിച്ചു. കേരളത്തിൽ ഇപ്പോൾ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട് വൈകുന്നേരം. മറ്റുള്ളവർ ഉറങ്ങുന്നത് നോക്കുക. അവരുടെ വേഷത്തെക്കുറിച്ച് കമന്റ് ചെയ്യുക. 

അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്. ഭയങ്കരമിടുക്കനായ നടനാണ്. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ഒക്കെ ലഭിച്ചിട്ടുണ്ട്. എം എൽ എ പറഞ്ഞു.

എം എൽ എയുടെ പ്രസംഗത്തിനെതിരെ വിമർശമുയർന്നുകഴിഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. സദാചാര പ്രസംഗമാണ് എം എൽ എ നടത്തിയതെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ പറയേണ്ട കാര്യങ്ങളാണ് പറഞ്ഞതെന്ന് മറുവിഭാഗം വാദിക്കുന്നു.

റിപ്പോര്‍ട്ട്: വാഹിദ് കൂട്ടേത്ത്

Advertisment