ആലപ്പുഴ നഗരസഭയില്‍ ഭരണം ഉറപ്പിച്ച് യുഡിഎഫ്. അനിശ്ചിതത്വം അവസാനിച്ചത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിന്തുണച്ചതോടെ

New Update
jose chellappan

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ ഭരണം ഉറപ്പിച്ച് യുഡിഎഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ട ജോസ് ചെല്ലപ്പന്‍ പിന്തുണ ഉറപ്പ് നല്‍കിയതോടെയാണ് ആലപ്പുഴയിലെ അനിശ്ചിതത്വം അവസാനിച്ചത്.

Advertisment

ഈ മാസം 26ന് നടക്കുന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ജോസ് ചെല്ലപ്പന്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. നഗരസഭാ ഉപാധ്യക്ഷസ്ഥാനം ആവശ്യപ്പെട്ടു കൊണ്ടാണ് ജോസ് ചെല്ലപ്പൻ പിന്തുണ അറിയിച്ചിരിക്കുന്നത്.

തന്‍റെ ഉപാധികളും നിർദ്ദേശങ്ങളും അംഗീകരിക്കാൻ യുഡിഎഫ് തയാറായതുകൊണ്ടാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് ജോസ് ചെല്ലപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍സ്ഥിരം സമിതി അധ്യക്ഷയായ ഷോളി സിദ്ധകുമാര്‍, മുന്‍ നഗരസഭാധ്യക്ഷ മോളി ജേക്കബ്, മുന്‍ ഉപാധ്യക്ഷയായ സി. ജ്യോതിമോള്‍ എന്നിവരാണ് യുഡിഎഫിന്‍റെ പരിഗണനയിലുള്ളത്.

ആലപ്പുഴ നഗരസഭയിലെ 53 വാർഡുകളിൽ 23 സീറ്റും യുഡിഎഫാണ് നേടിയത്. 22 സീറ്റില്‍ എല്‍ഡിഎഫും അഞ്ച് സീറ്റില്‍ എൻഡിഎയും വിജയിച്ചു. പിഡിപിയും എസ്ഡിപിഐയും ഓരോ സീറ്റ് വീതവും നേടി. 52 --ാം വാര്‍ഡായ മംഗലത്ത് നിന്നാണ് ജോസ് ചെല്ലപ്പന്‍ വിജയിച്ചത്.

ഒരൊറ്റ സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് ആലപ്പുഴ നഗരസഭയില്‍ യുഡിഎഫ് മികവ് പുലര്‍ത്തിയത്. എന്നാല്‍ കേവലഭൂരിപക്ഷത്തിലെത്താന്‍ കഴിയാതിരുന്ന യുഡിഎഫിന് ഭരണം കിട്ടണമെങ്കില്‍ സ്വതന്ത്രന്‍റെയോ പിഡിപിയുടെയോ എസ്ഡിപിഐയുടെയോ പിന്തുണ ആവശ്യമായിരുന്നു. ഇതേ തുടര്‍ന്നാണ് ആലപ്പുഴയില്‍ അനിശ്ചിതത്വം ഉണ്ടായത്.

എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴയുടെ എംപിയുമായ കെ സി വേണുഗോപാലുമായും, ആലപ്പുഴയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ജോസ് ചെല്ലപ്പൻ യുഡിഎഫിന് പിന്തുണ ഉറപ്പുനൽകിയത്.

Advertisment