Advertisment

ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ; തെരുവിൽ സമരാവേശവുമായി യു.ഡി.എഫ്; വയനാട്ടിലും ഇടുക്കിയിലും തലസ്ഥാനത്തുമെല്ലാം വമ്പൻ സമരങ്ങൾ; നായകരായി സ്ഥാനാർത്ഥികളും എം.എൽ.എമാരും! വന്യജീവി ആക്രമണവും പൂക്കോട്ടെ ആൾക്കൂട്ട വിചാരണയും ശമ്പളം മുടങ്ങിയതും കാലിയായ ഖജനാവുമെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ യു.ഡി.എഫ്; സ്ഥാനാർത്ഥികളെ അവസാനം പ്രഖ്യാപിച്ചാലും സമരാവേശവുമായി കളം പിടിക്കാൻ യു.ഡി.എഫ്

വയനാട്ടിലേതിനു പിന്നാലെ ഇടുക്കിയിലും കാട്ടാന ആക്രമണത്തിൽ മരണമുണ്ടായതും മൃതദേഹവുമായി റോഡിൽ പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ച് മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച് പോലീസ് പിടിച്ചെടുത്തതും ആളിക്കത്തിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം

New Update
udf congress

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, തെരുവിൽ സമരാവേശവുമായി യു.ഡി.എഫ്. പൂക്കോട് വെറ്ററിനറി കോളേജിൽ എസ്.എഫ്.ഐയുടെ ആൾക്കൂട്ട വിചാരണയെത്തുടർന്ന് സിദ്ധാർത്ഥ് മരിച്ചതും ഇടുക്കിയിലും വയനാട്ടിലും കാട്ടാന ആക്രമണത്തെതുടർന്ന് ജനങ്ങൾ മരിച്ചുവീഴുന്നതും പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ യു.ഡി.എഫിന്റെ സമരങ്ങളുടെ വേലിയേറ്റമായിരുന്നു. ജനകീയ വിഷയങ്ങളിലും ജനങ്ങൾക്ക് താത്പര്യമുള്ള വിഷയങ്ങളിലും സമരവുമായി രംഗത്തെത്തി തിരഞ്ഞെടുപ്പിൽ സ്വാധീനമുറപ്പിക്കാനാണ് ശ്രമം. ഇതിനു പുറമേ ശമ്പളം മുടങ്ങിയതിന്  സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചതും സർക്കാരിന് തലവേദനയായിട്ടുണ്ട്.

Advertisment

വയനാട്ടിലേതിനു പിന്നാലെ ഇടുക്കിയിലും കാട്ടാന ആക്രമണത്തിൽ മരണമുണ്ടായതും മൃതദേഹവുമായി റോഡിൽ പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ച് മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച് പോലീസ് പിടിച്ചെടുത്തതും ആളിക്കത്തിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. എം.എൽ.എ മാത്യു കുഴൽനാടനും എം.പി ഡീൻ കുര്യാക്കോസും നേരിട്ടെത്തി സമരം നയിച്ചു. സമരത്തിന് വൻ ജനപിന്തുണ ലഭിച്ചു. പോലീസിന്റെ നടപടികൾ വ്യാപകമായ വിമർശനത്തിന് ഇടയാക്കി. സമരക്കാരുമായി ചർച്ചയ്ക്ക് ജില്ലാ കളക്ടർ തയ്യാറായെങ്കിലും സി.പി.എം അനുവദിച്ചില്ലെന്ന ഗുരുതരമായ രാഷ്ട്രീയ ആരോപണവും യു.ഡി.എഫ് ഉന്നയിച്ചു. മലയോര ജില്ലകളിലെ 30 ലക്ഷം ജനങ്ങൾ വന്യജീവി ആക്രമണ ഭീതിയിലായിരിക്കെ, ഈ സമരം നിരവധി മണ്ഡലങ്ങളിൽ ഗുണകരമാവുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.

പൂക്കോട് വെറ്ററിനറി കോളേജിലേക്ക് കെ.എസ്.യു, എം.എസ്.എഫ് തുടങ്ങിയ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരത്തെ മൃഗീയമായാണ് പോലീസ് നേരിട്ടത്. ടിയർഗ്യാസും ലാത്തിച്ചാർജ്ജും ഷെല്ലുകളുമൊക്കെ കുട്ടികൾക്കെതിരേ പ്രയോഗിച്ചു. പെൺകുട്ടികളെയടക്കം വളഞ്ഞിട്ട് തല്ലി. കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധിക്കാനുള്ള സമരത്തെയാണ് പോലീസ് മൃഗീയമായി നേരിട്ടത്. സിദ്ധാർത്ഥനെ എസ്.എഫ്.ഐ ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയതാണെന്ന ആരോപണം യു.ഡി.എഫ് ശക്തമാക്കിയിരിക്കെ, അതും തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശമ്പളം മുടങ്ങിയതിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹമാണ് സർക്കാരിന് അടുത്ത തലവേദന. തിരഞ്ഞെടുപ്പിൽ ജീവനക്കാരും പെൻഷൻകാരും നിർണായക ശക്തിയാണ്. ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.

 ശമ്പളവും പെൻഷനും മുടങ്ങുന്ന ഗതികെട്ട അവസ്ഥയിലേക്ക് കേരളം കൂപ്പ് കുത്തുമെന്ന് രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ വരുമാനം വർധിപ്പിക്കണമെന്നും ചെലവ് ചുരുക്കണമെന്നും ധൂർത്തും അഴിമതിയും ഉപേക്ഷിക്കണമെന്നും പറഞ്ഞപ്പോൾ സർക്കാർ പ്രതിപക്ഷത്തെ പരിഹസിക്കുകയായിരുന്നു- സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

 

കേരളത്തിന്റെ ധനസ്ഥിതിയും ഈ സമരത്തോടെ സജീവ ചർച്ചയായിട്ടുണ്ട്. ശമ്പളം മുടങ്ങിയതിന് കാരണമായി പച്ചക്കള്ളമാണ് ധനകാര്യ  മന്ത്രി പറയുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് കബളിപ്പിക്കലാണ്. കേന്ദ്ര സർക്കാരിൽ നിന്നും 4200 കോടി കിട്ടിയിട്ടും സംസ്ഥാനത്ത് ശമ്പളം മുടങ്ങി. ഓവർ ഡ്രാഫ്റ്റും റിസർവ് ബാങ്ക് മുൻകൂറും ക്രമീകരിച്ചപ്പോൾ 4000 കോടി തീർന്നു. 200 കോടി കയ്യിൽ വച്ച് 4500 കോടി വിതരണം ചെയ്യാനുള്ള മാജിക്ക് സർക്കാരിന്റെ പക്കലില്ല.  ശമ്പളത്തിന് പുറമെ ഏഴ് മാസത്തെ ഡി.എ കുടിശികയുണ്ട്. നാല് വർഷം കഴിയുമ്പോഴാണ് ലീവ് സറണ്ടർ കിട്ടുന്നത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശികയായിട്ടുള്ളത് നാൽപത്തിനായിരത്തിൽ അധികം കോടി രൂപയുടെ  ആനുകൂല്യങ്ങളാണ്. ക്ഷേമപെൻഷൻ മുടക്കിയിട്ട് ഏഴ് മാസമായി. എല്ലാ ക്ഷേമനിധി ബോർഡുകളും തകർന്നു. ഒരു കോടി പേർക്കാണ് സർക്കാർ പണം നൽകാനുള്ളത്.  

അതിനിടെ, ബജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ധനകാര്യം, നികുതി, ജി.എസ്.ടി കമ്മിഷണറേറ്റ്, ഗവൺമെന്റ് പ്രസ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്ക് ധനമന്ത്രിയുടെ വക വിരുന്ന് നൽകുന്നിടത്തും ജീവനക്കാരുടെ പ്രതിഷേധമുണ്ടായി. തൈക്കാട് ഗസ്റ്റ് ഹൗസിൽ 750 പേർക്കുള്ള വിരുന്നിന് ചെലവിട്ടത് അഞ്ച് ലക്ഷം രൂപയാണ്. ധനകാര്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് വിരുന്ന്.  ധനവകുപ്പിൽ നിന്ന് മാത്രം 400 ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കും. ഉദ്യോഗസ്ഥരെ ഗസ്റ്റ് ഹൗസിൽ എത്തിക്കാൻ പ്രത്യേക ബസും ഏർപ്പെടുത്തി. 32 ഇനം വിഭവങ്ങളോടെയായിരുന്നു വിരുന്ന്. ശമ്പളം മുടങ്ങിയ സാഹചര്യത്തിലാണ് വിരുന്ന് ചർച്ചാ വിഷയമായത്.

Advertisment